ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ബി-2 ബോംബറുകളെത്തി; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെടുന്നത് ബി-2 ബോംബറുകള്‍ എത്തിയത് ചൂണ്ടിക്കാട്ടി; ശത്രുരാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെ വെട്ടിച്ച് അതിര്‍ത്തി കടക്കാനും ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ ബോംബിടുന്ന യുഎസിന്റെ വജ്രായുധം പ്രയോഗിക്കുന്നത് ഇത് രണ്ടാം തവണ
ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ബി-2 ബോംബറുകളെത്തി
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍, ഇറാന്റെ തന്ത്രപ്രധാനമായ ഭൂഗര്‍ഭ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക തങ്ങളുടെ ഏറ്റവും മാരകമായ ആയുധമായ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകളെ രംഗത്തിറക്കി. ഇറാന്റെ ഭൂഗര്‍ഭ അറകളില്‍ അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ബാലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ക്കാനാണ് ബി2 ബേംബറുകള്‍ എത്തിയതെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തുവെന്നാണ് യുഎസ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടതും.
മിലിട്ടറി എയര്‍ ട്രാക്കിങ് അലയന്‍സിലെ മുപ്പതോളം ഓപ്പണ്‍ സോഴ്സ് അനലിസ്റ്റുകള്‍ പുറത്തുവിട്ട ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങളിലൂടെയാണ് അതീവ രഹസ്യമായി നടന്ന ഈ സൈനിക നീക്കം ആദ്യം പുറംലോകമറിഞ്ഞത്. ആകാശത്തെ 'അദൃശ്യ ശക്തി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാല് ബി-2 സ്പിരിറ്റ് വിമാനങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കെടുത്തതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും ആധുനികവും ചിലവേറിയതുമായ തന്ത്രപ്രധാന ബോംബറായ ബി-2 സ്പിരിറ്റ്, അതിന്റെ അത്യാധുനിക സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ശത്രുരാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെ വെട്ടിച്ച് അതിര്‍ത്തി കടക്കാനും ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ ബോംബിടാനും ഇതിന് സാധിക്കും.
ഏകദേശം 11,100 കിലോമീറ്റര്‍ വരെ ദൂരം നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിന്, ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറച്ച് ലോകത്തെവിടെയും ആക്രമണം നടത്താന്‍ ശേഷിയുണ്ട്. 2,000 പൗണ്ട് ഭാരമുള്ള മാരകമായ 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ കട്ടിയേറിയ കോണ്‍ക്രീറ്റ് പാളികള്‍ തുളച്ചുകയറി നാശം വിതയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. 2025 ജൂണ്‍ 22-ന് നടന്ന ആക്രമണത്തിലും ബി-2 വിമാനങ്ങള്‍ ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തെ ഇത്തരത്തില്‍ തകര്‍ത്തിരുന്നു.
ബോംബിങിന് പിന്നാലെ ഇറാന്റെ നാവികസേനയെയും തകര്‍ത്തതായി അമേരിക്കന്‍ ഭരണകൂടം അറിയിച്ചു. ഇറാന്റെ ഒമ്പതോളം യുദ്ധക്കപ്പലുകള്‍ തകര്‍ത്ത് കടലില്‍ താഴ്ത്തിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉള്‍പ്പെടുന്നുവെന്ന് അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചു. മറ്റൊരു ആക്രമണത്തില്‍ ഇറാന്റെ നേവി ഹെഡ്ക്വാര്‍ട്ടേഴ്‌സും ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.
ബി-2 ബോംബറുകള്‍ക്ക് പുറമെ എഫ്-35, എഫ്-22, എഫ്-18, എഫ്-16, എ-10 യുദ്ധവിമാനങ്ങള്‍, ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനികള്‍, ഡിസ്ട്രോയറുകള്‍, പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, താഡ് ആന്റി-ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയും അമേരിക്ക രംഗത്തിറക്കിയിട്ടുണ്ട്. ഇതാദ്യമായി യുഎസ് ചെലവുകുറഞ്ഞ ഡ്രോണുകളായ ലൂകാസ് പ്രയോഗിച്ചു. ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് വിഭാഗത്തില്‍ പെട്ട ഇത്തരം ഡ്രോണുകള്‍ കൂട്ട ആക്രമണത്തിനായി ഉപയോഗിക്കുന്നവയാണ്. എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്ഫോടകവസ്തുക്കള്‍ വഹിച്ചുകൊണ്ട് ഇവ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ തകരാറിലാക്കാനായി ഇഎ -18ജി എന്ന ഇലക്ട്രോണിക് അറ്റാക് വിമാനം, വ്യോമാക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനുള്ള അവാക്സ് വിമാനം, യുദ്ധവിമാനങ്ങളുമായുള്ളടെ ആശയവിനിമയം കാര്യക്ഷമമാക്കാന്‍ ആളില്ലാ വിമാനങ്ങളില്‍ ഘടിപ്പിച്ച എയര്‍ബോണ്‍ കമ്മ്യൂണിക്കേഷന്‍ റിലേ സംവിധാനം, സമുദ്ര നിരീക്ഷണത്തിനായി പി-8 മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, ഇറാനില്‍ നിരീക്ഷണം നടത്താനായി ആര്‍സി-135 എന്ന ചാര വിമാനം, എംക്യു-9 റീപ്പര്‍ എന്ന ആളില്ലാ യുദ്ധവിമാനം, എം-142 റോക്കറ്റ് സംവിധാനം എന്നിവയുപയോഗിച്ചാണ് ഇറാനെതിരെ യുഎസ് വ്യോമാക്രമണം ശക്തമാക്കിയത്.
ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റെവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, ഇറാാനിയന്‍ നാവിക കപ്പലുകള്‍, അന്തര്‍വാഹിനികള്‍, സൈനിക ആശയവിനിമയ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിലവില്‍ ആക്രമണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
