ഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന്‍ നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍; നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത; ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര്‍ മരിച്ചെന്ന് ആരോഗ്യമന്ത്രാലയം

Update: 2026-03-02 11:25 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് യുദ്ധം കനക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഒമാന്‍ തീരത്തും ഇറാന്‍ കനത്ത ആക്രമണം നടത്തി. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ഉപയോഗിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു. ആക്രമണത്തില്‍ ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണ സമയത്ത് കപ്പലില്‍ 16 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു. കപ്പലില്‍ തീ പടര്‍ന്നതിനെത്തുടര്‍ന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചോ കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒമാന്‍ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

ഒമാന്‍ തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന MKD VYOM എന്ന എണ്ണക്കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ റൂമിലുണ്ടായ തീപിടുത്തത്തിലും സ്ഫോടനത്തിലുമാണ് ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കപ്പലിലുണ്ടായിരുന്ന മറ്റ് 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നിലവില്‍ റോയല്‍ നേവി ഓഫ് ഒമാന്റെ കപ്പലുകളിലൊന്ന് ടാങ്കറിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാന്‍ തീരത്തുണ്ടായ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കടല്‍ മാര്‍ഗമുള്ള ആക്രമണങ്ങള്‍ ഇറാന്‍ ശക്തമാക്കുന്നതിന്റെ സൂചനയായാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ കാണുന്നത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നത് ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. കപ്പലിലുണ്ടായിരുന്ന ബാക്കി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേ സമയം നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്‍ ആരോപിച്ചു. ആണവ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. സംഘര്‍ഷങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇറാനിലുണ്ടായ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ ആകെ മരണസംഖ്യ 555 കടന്നെന്ന് റിപ്പോര്‍ട്ട്. ആക്രമണം 131 ഇറാനിയന്‍ നഗരങ്ങളെ ബാധിച്ചു. റെഡ് ക്രസന്റാണ് കണക്ക് പുറത്ത് വിട്ടത്. റെഡ് ക്രസന്റിന്റെ മാനുഷിക ദൗത്യത്തിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സജ്ജമാണ്. യുദ്ധമേഖലയില്‍ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിനായി ഏകദേശം നാല് ദശലക്ഷം വളണ്ടിയര്‍മാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

തുടര്‍ച്ചയായ മൂന്നാംദിനവും പ്രത്യാക്രമണം തുടര്‍ന്ന ഇറാന്‍, ഗള്‍ഫ് മേഖലയും സൈപ്രസിലെ യുകെയുടെ സൈനികത്താവളവും ലക്ഷ്യം വെച്ചു. ഇറാനും ഇസ്രായേലും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ഗള്‍ഫ് മേഖലയിലെ പന്ത്രണ്ട് രാജ്യങ്ങളും ആക്രമണ മുനമ്പിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനിലാണ് ഇറാന്‍ കനത്ത നാശം വിതച്ചത്. തലസ്ഥാനമായ മനാമയില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായി. കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ അമേരിക്കന്‍ പോര്‍വിമാനം തകര്‍ന്നു വീണു. വിമാനം തകര്‍ത്തതാണെന്ന് ഇറാന്‍ അവകാശപ്പെട്ടു. യുദ്ധത്തില്‍ അണിചേര്‍ന്ന ലെബനോണിലെ ഹിസ്ബുള്ള ഇസ്രായേലില്‍ റോക്കറ്റാക്രമണം നടത്തി. തിരിച്ചടിയില്‍ ലെബനോണില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം കണക്കിലെടുത്ത് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്കന്‍ഭരണകൂടം നിര്‍ദേശിച്ചു.

ഇതിനിടെ കുവൈത്ത് അതിര്‍ത്തിയില്‍ വെച്ച് അമേരിക്കയുടെ എഫ് 15 യുദ്ധ വിമാനം തകര്‍ന്നു വീണു. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. അബദ്ധത്തില്‍ പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റാണ് വിമാനം വീണതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റഡാറിലെ ആശയക്കുഴപ്പം കാരണം ശത്രുവിമാനമെന്ന് കരുതി മിസൈല്‍ പ്രയോഗിച്ചു എന്നാണ് വിവരം. ബാലിസ്റ്റിക് മിസൈലുകളെയും ശത്രു വിമാനങ്ങളെയും തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പാട്രിയറ്റ് സിസ്റ്റം. എന്നാല്‍, അപൂര്‍വ സാഹചര്യങ്ങളില്‍ റഡാറിലെ ആശയക്കുഴപ്പം, വിമാനത്തെ തിരിച്ചറിയുന്നതിലെ പിഴവ് അല്ലെങ്കില്‍ ആശയവിനിമയ തകരാറുകള്‍ എന്നിവ കാരണം സ്വന്തം വിമാനങ്ങളെ ശത്രു വിമാനമായി തെറ്റായി കണക്കാക്കാറുണ്ട്. എന്നാല്‍ വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാണെന്ന് ഇറാന്‍ അവകാശപ്പെട്ടു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിമാനം തകരുന്നതിനു മുന്‍പ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൈലറ്റിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ.

സൈപ്രസിലെ ബ്രിട്ടണിലെ സൈനിക താവളവും ഇറാന്‍ ആക്രമിച്ചു. രണ്ട് മിസൈലുകളും ഡ്രോണുമാണ് ആക്രമണം നടത്തിയത്. കൃത്യമായി പ്രതിരോധിച്ചതിനാല്‍ ആളപായമില്ല. ഇറാനുവേണ്ടി കാലങ്ങളായി നിഴല്‍ യുദ്ധം നടത്തുന്ന ലെബനോണിലെ ഹിസ്ബുള്ളകള്‍ വടക്കന്‍ ഇസ്രായേലിലേക്ക് വ്യാപക ആക്രമണം നടത്തി. തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് റോക്കറ്റാക്രമണം ആണ് നടത്തി. ഹാരിസ് , നബാത്തിയ, മെഫ്ദൂണ്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ നിരവധി ലബനീസ് പൗരന്മാര്‍ക്ക് ജീവഹാനിയുണ്ടായി. ബെയ്‌റൂട്ട് പ്രാന്തപ്രദേശങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനനില്‍ 11 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തെക്കന്‍ മേഖലയില്‍ നിന്ന് വന്‍ തോതില്‍ ആളുകള്‍ പലായനം ആരംഭിച്ചു. 53 ഗ്രാമങ്ങളിലെ ജനങ്ങളുടെ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ബെയ്‌റൂത്തില്‍ ഹിസ്ബുളളയുടെ പ്രമുഖരുടെ വധിക്കാന്‍ കഴിഞ്ഞതായി ഇസ്രായേല്‍ അവകാശപ്പെട്ടു. യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ആവര്‍ത്തിച്ചു. ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുയാണ്. അമേരിക്കയ്ക്ക് പകരം ഇസ്രായേല്‍ ഫസ്റ്റ് എന്ന തരത്തിലേക്ക് ട്രംപ് നിലപാട് മാറ്റിയെന്നും ലാരി ജാനി ആരോപിച്ചു.

അതിനിടെ, ഇറാനെതിരായ സൈനിക നടപടിക്ക് നാലാഴ്ച വരെ സമയം എടുത്തേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഇതൊരു നാലാഴ്ചത്തെ പ്രക്രിയയാണ്. നാലാഴ്ചയോളം എടുക്കുമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്. അതൊരു വലിയ രാജ്യമാണ്. നാലാഴ്ചയോ അതില്‍ കുറവോ സമയമെടുക്കും'' ബ്രിട്ടിഷ് പത്രമായ ഡെയ്ലി മെയിലിനോട് ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും അതുടന്‍ സംഭവിക്കുമോ എന്ന് വ്യക്തമാക്കിയില്ല. ''അവര്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാന്‍ പറഞ്ഞു, കഴിഞ്ഞ ആഴ്ചയാണ് നിങ്ങള്‍ സംസാരിക്കേണ്ടിയിരുന്നത്, ഈ ആഴ്ചയല്ല'' ട്രംപ് പറഞ്ഞു.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ (IRGC) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ഉത്തരവാദിയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്കോം) പറഞ്ഞു. പാമ്പിന്റെ തല വെട്ടിമാറ്റിയെന്നാണ് നടപടിയെ സൈന്യം വിശേഷിപ്പിച്ചത്. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന് ഒരു ആസ്ഥാനം ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News