കൃഷി ഇനി 'സ്വിഗ്ഗിയും ഊബറും' പോലെ! യുവാക്കള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയും വിപണിയും റെഡി; ഡ്രാഗണ്‍ ഫ്രൂട്ടും റംബുട്ടാനും മംഗോസ്റ്റിനും അടക്കം ഉയര്‍ന്ന മൂല്യമുള്ള വിളകള്‍ തരിശുഭൂമിയില്‍ വിളയും; ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മാതൃകയില്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ പ്രശാന്ത് ബ്രോയുടെ ആശയം യാഥാര്‍ഥ്യമാകുന്നു; എന്താണ് നാവോ-ധന്‍ പദ്ധതി?
എന്താണ് നാവോ-ധന്‍ പദ്ധതി?
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ ഒരു പ്ലാറ്റ്ഫോം ഇക്കണോമിയായി പുനര്‍നിര്‍വചിക്കണമെന്ന എന്‍.പ്രശാന്ത് ഐഎഎസിന്റെ ആശയം യാാര്‍ഥ്യമാവുകയാണ്. തരിശുഭൂമികളെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിക്കുന്ന നാവോ-ധന്‍ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവുകയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചേര്‍ത്തലയില്‍ നിവ്വഹിക്കപ്പെടുമ്പോള്‍, എന്താണ് നാവോ-ധന്‍ എന്ന് വിശദീകരിക്കുകയാണ് പ്രശാന്ത് തന്റെ കുറിപ്പില്‍.
വര്‍ഷങ്ങളായി കേരളത്തിലെ കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ ഭൂമിയുടെ കുറവ്, കര്‍ഷകരുടെ പ്രായം കൂടുന്നത്, ഉല്‍പ്പാദനച്ചെലവിന്റെ വര്‍ധന, വിപണിയിലെ അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം എല്ലാം ചര്‍ച്ചയായിട്ടുണ്ടെങ്കിലും, പ്രശ്‌നങ്ങളുടെ ആഴത്തില്‍ എത്തുന്ന ഘടനാപരമായ പരിഹാരം കുറവായിരുന്നു. നാവോ-ധന്‍ ആ ശൂന്യത നികത്താന്‍ ശ്രമിക്കുന്ന ഒരു ഡിജിറ്റല്‍ അധിഷ്ഠിത ഏകോപന മാതൃകയാണ്.
നാവോ-ധന്‍ ഒരു ബിസിനസ് അവസരം
കേരളത്തിന് പ്രതിവര്‍ഷം ഏകദേശം 25 മുതല്‍ 30 ലക്ഷം മെട്രിക് ടണ്‍ വരെ പച്ചക്കറികളും 15 മുതല്‍ 20 ലക്ഷം മെട്രിക് ടണ്‍ വരെ പഴവര്‍ഗ്ഗങ്ങളും ആവശ്യമാണ്. ഇതില്‍ വലിയൊരു വിഹിതം അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. അതേസമയം, ഡ്രാഗണ്‍ ഫ്രൂട്ട്, റംബുട്ടാന്‍, മംഗോസ്റ്റിന്‍, വിവിധ ബെറികള്‍ പോലുള്ള ഉയര്‍ന്ന മൂല്യമുള്ള വിളകള്‍ക്ക് സംസ്ഥാനത്ത് വേഗത്തില്‍ വളരുന്ന വിപണി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, സംസ്ഥാനത്തിനുള്ളില്‍ തന്നെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വിപണി പിടിക്കാനുള്ള സാധ്യതയെ നാവോ-ധന്‍ ഒരു ബിസിനസ് അവസരമായി കാണുന്നു.
കേരളം മുമ്പ് സഹകരണ സംഘങ്ങളുടെ മാതൃക പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ഭരണപരമായ മന്ദഗതിയും ഉടമസ്ഥാവകാശ പ്രശ്‌നങ്ങളും പല പദ്ധതികളെയും ബാധിച്ചു. എന്നാല്‍ ഡിജിറ്റല്‍ ലോകത്ത് നമ്മള്‍ കാണുന്ന അഗ്രിഗേഷന്‍ മാതൃക വേറെയാണ്. Swiggy സ്വതന്ത്ര ഹോട്ടലുകളെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഏകോപിപ്പിക്കുന്നു; Uber ഡ്രൈവര്‍മാരെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ ഒരു ശൃംഖലയായി ബന്ധിപ്പിക്കുന്നു. ഈ മാതൃകയില്‍ ഉടമസ്ഥാവകാശം കൈവിടേണ്ടതില്ല; പകരം സാങ്കേതികവിദ്യയിലൂടെ ഏകോപനം സൃഷ്ടിക്കുന്നു. നാവോ-ധന്‍ ഇതേ ആശയം കൃഷിയിലേക്ക് കൊണ്ടുവരുകയാണ്.
നാവോ-ധന്‍ ഒരു അഗ്രിഗേഷന്‍ എഞ്ചിനായി പ്രവര്‍ത്തിക്കുമെന്ന് ലേഖനം വിശദീകരിക്കുന്നു. ഭൂവുടമകള്‍ക്ക് അവരുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് പ്ലാറ്റ്ഫോമില്‍ ചേരാം. തരിശായി കിടക്കുന്ന ഭൂമി ഉല്‍പ്പാദനത്തിലേക്ക് വരും. സ്വന്തമായി ഭൂമിയില്ലാത്ത യുവ സംരംഭകര്‍ക്ക് ശാസ്ത്രീയവും ആധുനികവുമായ കൃഷിയിലേക്ക് പ്രവേശിക്കാം. ഉയര്‍ന്ന വിപണി സാധ്യതയുള്ള വിളകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇവര്‍ക്കുണ്ടാകും. കരാറുകള്‍ SLA മാതൃകയില്‍ സുതാര്യമായി ക്രമീകരിക്കപ്പെടുകയും, ഭൂവുടമയുടെയും കര്‍ഷകന്റെയും അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കപ്പെടുകയും ചെയ്യും.
കര്‍ഷക വരുമാനത്തിന് സ്ഥിരത
കാബ്കോ (KABCO) എന്ന ഏകോപന ഏജന്‍സി മുഖേന വിപണി ബന്ധവും മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ തിരികെ വാങ്ങാനുള്ള സൗകര്യവും ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് വിപണിയിലെ അനിശ്ചിതത്വം കുറയുകയും വരുമാനത്തിന് കൂടുതല്‍ സ്ഥിരത ലഭിക്കുകയും ചെയ്യും.
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുമായി സംയോജനം നാവോ-ധന്റെ പ്രധാന ശക്തികളിലൊന്നാണ്. ദേശീയതലത്തില്‍ വികസിപ്പിക്കപ്പെടുന്ന AgriStack പദ്ധതിയുമായി സംയോജിക്കുമ്പോള്‍ കര്‍ഷക തിരിച്ചറിയല്‍, ഡാറ്റ അടിസ്ഥാനത്തിലുള്ള പദ്ധതിയിടല്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, വിപണി ബന്ധം എന്നിവ കൂടുതല്‍ സുഗമമാകും. ഇത് ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് National Payments Corporation of India വികസിപ്പിച്ച UPI മാതൃകയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഏകീകരണ സംവിധാനമായിരിക്കും.
ഊന്നല്‍ പ്രായോഗിക ലാഭ സാധ്യതയില്‍
മുന്‍കാല കാര്‍ഷിക പദ്ധതികള്‍ സബ്സിഡിയിലും ഉല്‍പ്പാദന വര്‍ധനയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ നാവോ-ധന്‍ പ്രായോഗികമായ ലാഭസാധ്യതയെയാണ് മുന്‍നിര്‍ത്തുന്നത്. കാര്‍ഷിക വരുമാനത്തിന് ആദായനികുതി ബാധകമല്ല എന്ന നിയമപരമായ ആനുകൂല്യവും, ഉയര്‍ന്ന മൂല്യമുള്ള വിളകളുടെ വിപണി സാധ്യതയും ചേര്‍ന്ന് കൃഷിയെ ഒരു ലാഭകരമായ സംരംഭമാക്കാനാകുമെന്നാണ് ലേഖനത്തിന്റെ വാദം.
നിലവില്‍ 4700 ഏക്കര്‍ ഭൂമി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഏകദേശം 220 കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് ഒരു തുടക്കമാത്രമാണെങ്കിലും, കേരളത്തിലെ കാര്‍ഷിക ചിന്താഗതിയില്‍ ഒരു ഘടനാപരമായ മാറ്റത്തിന്റെ സൂചനയായി ഇതിനെ വിലയിരുത്താം.
നാവോ-ധന്‍ ലക്ഷ്യമിടുന്നത്
കൃഷിയെ ക്ഷേമമേഖലയായി മാത്രം കാണാതെ, സമ്പദ്വ്യവസ്ഥാ അവസരമായി കാണണം. സഹകരണ യുഗം ഉടമസ്ഥാവകാശത്തെക്കുറിച്ചായിരുന്നു; പ്ലാറ്റ്ഫോം യുഗം അവസരങ്ങളെക്കുറിച്ചാണ്. നാവോ-ധന്‍ അച്ചടക്കത്തോടെയും സുതാര്യതയോടെയും നടപ്പിലാക്കിയാല്‍, കേരളത്തിലെ യുവാക്കള്‍ മണ്ണില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്ന പുതിയ തലമുറ കര്‍ഷകരായി മാറാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ ആശയത്തിന് പിന്നില്‍.
കൃഷിയെ ലാഭകരമായ ഒരു ബിസിനസ് മേഖലയാക്കി മാറ്റി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുക.ഡ്രാഗണ്‍ ഫ്രൂട്ട്, റംബുട്ടാന്‍, മംഗോസ്റ്റിന്‍, ബെറികള്‍ തുടങ്ങിയ ഉയര്‍ന്ന വിപണി മൂല്യമുള്ള വിളകള്‍ക്ക് മുന്‍ഗണന നല്‍കുക.കാര്‍ഷിക വരുമാനത്തിന് ആദായനികുതി (Income Tax) നല്‍കേണ്ടതില്ല എന്ന നിയമപരമായ ആനുകൂല്യം പ്രയോജനപ്പെടുത്തി നിക്ഷേപകരെ ആകര്‍ഷിക്കുക. ിലവില്‍ 4700 ഏക്കര്‍ ഭൂമിയും 220 കര്‍ഷകരും ഈ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
നിങ്ങള്‍ക്കും പങ്കാളിയാകാം:
ഭൂവുടമകള്‍ക്ക്: തരിശായി കിടക്കുന്ന ഭൂമി കൃഷിക്കായി രജിസ്റ്റര്‍ ചെയ്യാം.
കൃഷി താല്പര്യമുള്ളവര്‍ക്ക്: ശാസ്ത്രീയമായ അറിവുണ്ടെങ്കില്‍ കൃഷിഭൂമിക്കായി അപേക്ഷിക്കാം.
നിക്ഷേപകര്‍ക്ക്: ആധുനിക കൃഷി സാങ്കേതിക വിദ്യ പഠിച്ചവരുമായി ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പില്‍ നിക്ഷേപം നടത്താം.
എന്‍.പ്രശാന്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
നാവോ-ധന്‍ (NAWODHAN):
വര്‍ഷങ്ങളായി നമ്മള്‍ കേരളത്തിലെ കൃഷി നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഭൂമിയുടെ കുറവ്, കര്‍ഷകരുടെ പ്രായം കൂടുന്നത്, വിപണിയിലെ വിലക്കയറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്തു. സഹകരണ സംഘങ്ങളെയും സബ്സിഡികളെയും കുറിച്ചും നമ്മള്‍ വാദപ്രതിവാദങ്ങള്‍ നടത്തി.കേരളത്തിലെ പച്ചക്കറി ഉപഭോഗം പ്രതിവര്‍ഷം ഏകദേശം 25 ലക്ഷം മുതല്‍ 30 ലക്ഷം മെട്രിക് ടണ്‍ വരെയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആവശ്യത്തിന്റെ പകുതിയോളം നമ്മള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. ഏകദേശം 15 ലക്ഷം മുതല്‍ 20 ലക്ഷം മെട്രിക് ടണ്‍ പഴവര്‍ഗ്ഗങ്ങളാണ് കേരളത്തിന് പ്രതിവര്‍ഷം വേണ്ടിവരുന്നത്. ഡ്രാഗണ്‍ ഫ്രൂട്ട്, റംബുട്ടാന്‍, മംഗോസ്റ്റിന്‍, ബെറികള്‍ എന്നിവയ്ക്ക് കേരളത്തില്‍ വന്‍ ഡിമാന്‍ഡുണ്ട്. ഇവയുടെ വിപണി പ്രതിവര്‍ഷം 15-20% എന്ന തോതില്‍ വളരുകയാണ്.
കൃഷിവകുപ്പ് കൊടുക്കുന്ന വിത്തും നടീല്‍ വസ്തുക്കളെയും മാത്രം ആശ്രയിച്ചുള്ള, ഒരിക്കലും ലാഭകരമല്ലാത്ത ചെറുകിട നാമമാത്ര കൃഷി കൊണ്ട് ഉത്പാദനം വര്‍ദ്ധിക്കില്ല. സബ്‌സിഡിയോ സര്‍ക്കാര്‍ സഹായമോ ആവശ്യപ്പെടാതെ, അനുമതിയും നിയമ പരിരക്ഷയും മാത്രം കിട്ടിയാല്‍ ചെയ്യാനാവുന്ന നൂറുകൂട്ടം കാര്യങ്ങളുണ്ട്. ചിന്തിക്കൂ, എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിച്ച ''അഗ്രിഗേഷന്‍'' മോഡല്‍ കാര്‍ഷികോത്പാദനത്തിന് ഉപയോഗിച്ചാല്‍ എങ്ങനെയിരിക്കും? ടാക്‌സി സര്‍വീസിനും ഹോട്ടല്‍ ഭക്ഷണത്തിനും ഓഹരി വിപണിക്കും ഉണ്ടായതുപോലെ, കൃഷിക്കും ഒരു 'ഡിജിറ്റല്‍ പ്ലാറ്റ്ഫോം' മാറ്റം വന്നാലോ?
കൂട്ടായ കൃഷിക്കായി കേരളം സഹകരണ സംഘങ്ങളെ പരീക്ഷിച്ചു. ചിലത് വിജയിച്ചെങ്കിലും പലതും മന്ദഗതിയിലായി. സഹകരണം എന്ന ആശയം നല്ലതായിരുന്നു, പക്ഷേ രീതികള്‍ കര്‍ക്കശമായിരുന്നു. പലപ്പോഴും അത് ഉടമസ്ഥാവകാശത്തിലും, ഭൂനിയമങ്ങളിലും, ചുവപ്പുനാടകളിലും കുരുങ്ങിപ്പോയി.
എന്നാല്‍ ഇന്ന് നമ്മുടെ ചുറ്റും നോക്കൂ. എല്ലാ സഹകരണ സംഘങ്ങളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ ഓരോ ദിവസവും 'സ്വിഗ്ഗി' (Swiggy) പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ പരസ്പരം സഹകരിക്കുന്നുണ്ട്. പരസ്പരം അറിയാത്ത ഹോട്ടലുകള്‍ ഒരു ഡിജിറ്റല്‍ ശൃംഖലയുടെ ഭാഗമാകുന്നു. നേരിട്ടു കണ്ടിട്ടില്ലാത്ത ഡ്രൈവര്‍മാര്‍ 'ഊബര്‍' (Uber) വഴി ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ആരും ഉടമസ്ഥാവകാശം വിട്ടുകൊടുക്കുന്നില്ല, സ്വത്വം ഇല്ലാതാക്കുന്നില്ല. പകരം, സാങ്കേതികവിദ്യയിലൂടെ അവര്‍ ഒന്നുചേരുന്നു. നാവോ-ധന്‍ മുന്നോട്ട് വെക്കുന്നതും ഇതേ മാറ്റമാണ്. ഇതിന് എല്ലാം ഏകോപിപ്പിക്കുന്ന ഒരു 'ഡിജിറ്റല്‍ നാഡീവ്യൂഹം' (Digital Nervous System) മതി.
മൂലധനത്തിന്റെ അഗ്രിഗേഷന്‍ ആണ് ഏറ്റവും ആദ്യം നടന്നത് - അതായത് വലിയ കമ്പനികള്‍ ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നു (shares). റീട്ടെയില്‍ ശൃംഖലകള്‍ ചരക്കുനീക്കവും ബ്രാന്‍ഡിംഗും ഏകോപിപ്പിക്കുന്നു. ഐടി കമ്പനികള്‍ ആവശ്യക്കാരെയും സേവനം നല്‍കുന്നവരെയും ഒന്നിപ്പിക്കുന്നു. ഇതെല്ലാം അഗ്രിഗേഷന്‍ ആണ്. പക്ഷേ, കൃഷി ഇന്നും ചിതറിക്കിടക്കുകയാണ്. ഓരോ കര്‍ഷകനും ഒറ്റപ്പെട്ടാണ് പൊരുതുന്നത്. ഭൂമി പലയിടത്തായി കിടക്കുന്നു, വിവരങ്ങള്‍ ലഭ്യമല്ല, നിക്ഷേപകര്‍ക്ക് ഭയമാണ്. കൃഷിയില്‍ അധ്വാനത്തിന് കുറവില്ല, മറിച്ച് എല്ലാം ഏകോപിപ്പിക്കാനുള്ള ഒരു സംവിധാനമാണ്(Aggregation) ഇല്ലാത്തത്. തരിശുഭൂമി കൃഷി ചെയ്യുക എന്നത് മാത്രമല്ല നാവോ-ധന്‍ ചെയ്യുന്നത്, മറിച്ച് കൃഷിയെ ഒരു സംരംഭമാക്കി മാറ്റാനുള്ള സംവിധാനം ഒരുക്കുക കൂടിയാണ്.
എന്താണ് നാവോ-ധന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്?നാവോ-ധന്‍ ഒരു 'അഗ്രഗേഷന്‍ എഞ്ചിന്‍' ആയി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
1. ഭൂവുടമകള്‍ക്ക്: അവരുടെ ഉടമസ്ഥാവകാശം ഒട്ടും നഷ്ടപ്പെടാതെ തന്നെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകാം.
2. യുവ സംരംഭകര്‍ക്ക്: വലിയ തോതില്‍ കൃഷി ചെയ്യാനും ലാഭം കൊയ്യാനും അവസരം ലഭിക്കുന്നു. വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള വിദേശ പഴവര്‍ഗങ്ങളും (Exotic fruits), ബെറികളും ഉള്‍പ്പെടെയുള്ള ഏത് വിളകളും തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടാകും.
3. നിയമ പരിരക്ഷ: സഹകാരി SLA (Service Level Agreement) പോലുള്ള കര്‍ക്കശമായ നിയമ സുരക്ഷാ സംവിധാനങ്ങള്‍ വഴി കരാറുകള്‍ സുതാര്യമാക്കുന്നു. ഭൂവുടമയുടെയും കൃഷി ചെയ്യുന്നവരുടെയും അവകാശങ്ങള്‍ ഇതിലൂടെ കൃത്യമായി സംരക്ഷിക്കപ്പെടുന്നു.
4. കാബ്കോ (KABCO): കാബ്കോ ഒരു വലിയ ഏകോപന ഏജന്‍സിയായി (Aggregator) പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ക്കറ്റ് ലിങ്കേജ് നല്‍കുന്നതും, ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ തിരികെ വാങ്ങാനുള്ള (Upfront Buy-back) സൗകര്യം ഒരുക്കുന്നതും കാബ്കോ മുഖാന്തരമായിരിക്കും.
കേരളത്തിലെ പുതിയ തലമുറയെ ആധുനിക രീതിയിലുള്ള 'സമ്പന്നരായ കര്‍ഷകരായി' (Rich affluent new-gen farmers) മാറ്റുക എന്നതാണ് നാവോ-ധന്റെ പ്രധാന ലക്ഷ്യം. കൃഷി എന്നത് കഷ്ടപ്പാടോ, പഴയകാല ഓര്‍മ്മയോ, ഗതകാല നൊസ്റ്റാള്‍ജിയ കവിതയോ അല്ല, മറിച്ച് വലിയ ബിസിനസ് സാധ്യതയുള്ള ഒരു മേഖലയാണ്.
ഇതിലെ ഏറ്റവും വലിയ ആകര്‍ഷണം കാര്‍ഷിക വരുമാനത്തിന് ആദായനികുതി (Income Tax) നല്‍കേണ്ടതില്ല എന്നതാണ്. നിയമപരമായ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് യുവാക്കള്‍ക്ക് അന്തസ്സോടെയും വലിയ സാമ്പത്തിക നേട്ടത്തോടെയും സ്വന്തം നാട്ടില്‍ കൃഷി ചെയ്യാം. ഇത് കൃഷിയെ നിക്ഷേപകര്‍ക്ക് താല്പര്യമുള്ള ഒരു മേഖലയാക്കി മാറ്റുന്നു.
'കതിര്‍' ആപ്പ് കര്‍ഷകരെയും ഉദ്യോഗസ്ഥരെയും വിവരങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. നാവോ-ധന്‍ 'കതിര്‍' ആപ്പുമായി ചേരുമ്പോള്‍ കൃഷി കൂടുതല്‍ സ്മാര്‍ട്ടാകും. വിവരങ്ങള്‍ കൃത്യമായി ലഭിക്കും, തീരുമാനങ്ങള്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകും.
ദേശീയതലത്തില്‍ ഭാരത സര്‍ക്കാര്‍ 'അഗ്രി-സ്റ്റാക്ക്' എന്ന ഡിജിറ്റല്‍ സംവിധാനം ഒരുക്കുകയാണ്. കൃഷിയുടെ 'ആധാര്‍' അല്ലെങ്കില്‍ 'യു.പി.ഐ' (UPI) എന്ന് ഇതിനെ വിളിക്കാം. നാവോ-ധന്‍ ഇതിനോട് ചേരുന്നതോടെ:
1. കര്‍ഷകരുടെ തിരിച്ചറിയല്‍ എളുപ്പമാകും.
2. ഡാറ്റാ അടിസ്ഥാനത്തിലുള്ള പ്ലാനിംഗ് സാധ്യമാകും.
3. വിവിധ സേവനങ്ങളും വിപണികളും തമ്മില്‍ വേഗത്തില്‍ ബന്ധിപ്പിക്കാം.
4. വിള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നേരിട്ട് നല്‍കാം.
കൃഷി വകുപ്പിന്റെ നിലവിലുള്ള ഒരു പദ്ധതിയെയും നാവോ-ധന്‍ ബാധിക്കില്ല. നെല്‍കൃഷി/പച്ചക്കറി മിഷനുകള്‍, ജൈവ കൃഷി രീതികള്‍, സബ്സിഡികളും മറ്റ് ക്ഷേമ പദ്ധതികളും - അവയെല്ലാം പഴയതുപോലെ തന്നെ തുടരും. നാവോ-ധന്‍ എന്നത് കൃഷിക്ക് നല്‍കുന്ന ഒരു പുതിയ 'എഞ്ചിന്‍' ആണ്. നിലവിലുള്ള വാഹനത്തെ പൊളിക്കാതെ, അതിന് കൂടുതല്‍ കരുത്ത് നല്‍കുകയാണ് നാവോ-ധന്‍ ചെയ്യുന്നത്.
മുമ്പത്തെ പദ്ധതികള്‍ ഉല്‍പ്പാദനത്തിലും സബ്സിഡിയിലുമാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ നാവോ-ധന്‍ ശ്രദ്ധിക്കുന്നത് 'Viability' അഥവാ പ്രായോഗികമായ ലാഭത്തിലാണ്. ചെറിയ അടുക്കളകള്‍ക്ക് സ്വിഗ്ഗി/സൊമാറ്റോ എങ്ങനെ വലിയ വിപണി നല്‍കിയോ, അതുപോലെ ചെറിയ കര്‍ഷകര്‍ക്കും നാവോ-ധന്‍ വലിയ സാധ്യതകള്‍ നല്‍കുന്നു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വഴി കൃഷി പ്രൊഫഷണല്‍ ആകുന്നു. ഗുണനിലവാരം ഉറപ്പാക്കാനും വിപണി പിടിക്കാനും ഇത് സഹായിക്കുന്നു. കൃഷിയില്‍ 'ബിസിനസ്' വരുന്നത് മോശമല്ല എന്ന് മലയാളികള്‍ മനസ്സിലാക്കണം. കര്‍ഷകന് കൃഷി ചെയ്യാനുള്ള ഭൂമിയും സ്വാതന്ത്ര്യവും ലഭിക്കണം. കര്‍ഷകന്‍ പണക്കാരനാവണം.
ഞാന്‍ നാവോ-ധനില്‍ പ്രതീക്ഷ വെക്കുന്നത് എന്തുകൊണ്ട്?
1. കൃഷിയെ ആദ്യമായി ഒരു പ്ലാറ്റ്ഫോം ഇക്കണോമിയായി കാണുന്നു.
2. സ്വന്തമായി ഭൂമിയില്ലാത്ത യുവാക്കള്‍ക്കും കൃഷിയിലേക്ക് വരാന്‍ അവസരം ലഭിക്കുന്നു.
3. ആദായനികുതിയില്ലാത്ത ഉയര്‍ന്ന വരുമാനം ഉറപ്പാക്കുന്നു.
4. കാബ്കോ വഴി വിപണിയും ഉല്‍പ്പന്നങ്ങള്‍ തിരികെ വാങ്ങാനുള്ള സൗകര്യവും ലഭിക്കുന്നു.
5. സഹകാരി SLA വഴി നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നു.
6. യുവ കര്‍ഷകര്‍ക്ക് വിദേശ പഴങ്ങള്‍ ഉള്‍പ്പെടെയുള്ള ലാഭകരമായ വിളകള്‍ തിരഞ്ഞെടുക്കാം.
ഡിജിറ്റല്‍ സാക്ഷരതയില്‍ കേരളം മാതൃകയാണ്. ഇനി കൃഷിയിലും നമുക്ക് ആ മാറ്റം കൊണ്ടുവരാം. സഹകരണ യുഗം ഉടമസ്ഥാവകാശത്തെക്കുറിച്ചായിരുന്നു, പ്ലാറ്റ്ഫോം യുഗം അവസരങ്ങളെക്കുറിച്ചാണ്. നാവോ-ധന്‍ ആ മാറ്റത്തിന്റെ മുഖമാണ്. അച്ചടക്കത്തോടെയും സുതാര്യതയോടെയും ഇത് നടപ്പിലാക്കിയാല്‍, കേരളത്തിലെ യുവാക്കള്‍ മണ്ണില്‍ പൊന്ന് വിളയിക്കുന്ന, സമ്പന്നരായ പുതിയ കാലത്തെ കര്‍ഷകരായി മാറും.
നിലവില്‍ 4700 ഏക്കര്‍ കൃഷി ഭൂമി നവോധന്‍ പദ്ധതിയിലുള്‍പ്പെടുത്തി കൃഷി ആവശ്യത്തിനായി ഉപയോഗിക്കാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം 220 കര്‍ഷകര്‍ ഈയിനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തരിശായി കിടക്കുന്ന ഫലഭൂയിഷ്ഠമായ ഭൂമിയുണ്ടെങ്കില്‍ നിങ്ങളുടെ ഭൂമിയും രജിസ്റ്റര്‍ ചെയ്യൂ. നിങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ശാസ്ത്രീയമായ അറിവും താല്പര്യവുമുണ്ടെങ്കില്‍ കൃഷിഭൂമിക്കായി രജിസ്റ്റര്‍ ചെയ്യൂ. കൃഷിയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ശാസ്ത്രീയമായ ആധുനിക കൃഷി സാങ്കേതിക വിദ്യ പഠിച്ചവരുമായി പാര്‍ട്ടനര്‍ഷിപ്പില്‍ അപേക്ഷിക്കൂ. സമ്പത്ത് സൃഷ്ടിക്കൂ.
- പ്രശാന്ത്
