യുവ നേഴ്‌സിനെ പീഡിപ്പിച്ചു; കേസില്‍ കുടുങ്ങിയപ്പോള്‍ നാടുവിട്ട് ഇന്ത്യയിലേക്ക് കടന്ന സ്‌കോട്‌ലാണ്ടിലെ കെയര്‍ ഹോം മാനേജര്‍ക്ക് ഒടുവില്‍ എട്ടുവര്‍ഷം കഠിനതടവ്; നൈജില്‍ പോളിന്റെ ഒളിച്ചോട്ട നാടകം ഫലം കണ്ടില്ല; കൊച്ചിയില്‍ അറസ്റ്റു ചെയ്ത മലയാളിയെ തിരിച്ചയച്ചത് ഡല്‍ഹി കോടതിയുടെ നിര്‍ദ്ദേശത്തില്‍; കോടതി പറഞ്ഞത് 'ഇയാള്‍ അപകടകാരിയെന്നും'!
ലണ്ടന്‍: സ്‌കോട്‌ലണ്ടിലെ കെയര്‍ ഹോം മാനേജരായിരുന്ന നൈജില്‍ പോളിന് (47) സ്ഥാപനത്തിലെ യുവതികളായ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ. കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ വിചാരണ ഒഴിവാക്കി ഇന്ത്യയിലേക്ക് കടന്നു കളഞ്ഞ ഇയാളെ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിച്ച് വിചാരണ ചെയ്തതോടെയാണ് വിധി വന്നത്. അച്ഛന്‍ ചികില്‍സാര്‍ത്ഥം കൊച്ചിയിലുള്ളപ്പോഴാണ് ഇന്റര്‍പോള്‍ നിര്‍ദ്ദേശ പ്രകാരം ഇയാളെ അറസ്റ്റു ചെയ്തത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍. ഡിസംബര്‍ 8 തിങ്കളാഴ്ചയാണ് കേസ് പരിഗണിച്ച കോടതി, നൈജില്‍ പോളിന് ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവും, ജയില്‍ മോചിതനായ ശേഷം രണ്ട് വര്‍ഷത്തെ നിരീക്ഷണവും ഉള്‍പ്പെടുന്ന വിപുലമായ ശിക്ഷ വിധിച്ചത്. ലോര്‍ഡ് റെനൂച്ചി ജഡ്ജിയായിരുന്ന കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പോള്‍ ഹാജരായത്. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌കോ കോടതിയുടേതാണ് ഉത്തരവ്.
സ്വന്തം സ്ഥാപനത്തിലെ യുവജീവനക്കാരികളെ മാനേജര്‍ തന്നെ ചൂഷണം ചെയ്തത് സ്‌കോട്ട്‌ലന്‍ഡില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. 2018-ലാണ് നൈജില്‍ പോള്‍ യുവ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും മറ്റ് രണ്ട് ജീവനക്കാരികളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തത്. എന്നാല്‍, 2019-ല്‍ ഇയാള്‍ക്കെതിരെയുള്ള വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നൈജില്‍ പോള്‍ വിമാനം കയറി സ്വന്തം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ആറ് വര്‍ഷക്കാലം ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ പിന്നീട് യുകെയിലേക്ക് നാടുകടത്തി. ഗ്ലാസ്ഗോ ഹൈക്കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ സമ്മതിച്ചു. ജഡ്ജി ലോര്‍ഡ് റെനൂച്ചി ഇയാള്‍ക്ക് ഏഴ് വര്‍ഷവും ഒന്‍പത് മാസവും തടവും, കൂടാതെ മോചിതനായ ശേഷം രണ്ട് വര്‍ഷത്തെ നിരീക്ഷണ കാലയളവുമുള്‍പ്പെടെയുള്ള ശിക്ഷയാണ് വിധിച്ചത്. കേസില്‍ പെട്ടതോടെ ഇയാള്‍ കൊച്ചിയിലേക്ക് മുങ്ങുകയായിരുന്നു. നയതന്ത്ര ഇടപെടലിലൂടെയാണ് തിരിച്ച് എത്തിച്ചതും വിചാരണ നടത്തിയതും.
കുറ്റം സമ്മതിച്ച ശേഷവും ഇരകളെ പഴിചാരാനും താന്‍ ചെയ്തതിനെ ന്യായീകരിക്കാനും നൈജില്‍ പോള്‍ ശ്രമിച്ചത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. 'ഇതൊരു ബലാത്സംഗമായിരുന്നു. നിങ്ങള്‍ ഒരു ശതമാനം പോലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല,' എന്ന് ജഡ്ജി നൈജില്‍ പോളിനോട് തുറന്നടിച്ചു. ഇയാള്‍ ചെയ്തത് 'മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണ്' എന്നും, 'ചെറിയ പ്രായത്തിലുള്ള, നിസ്സഹായരായ സ്ത്രീകള്‍ക്ക് ഇയാള്‍ ഒരു ഭീഷണിയാണ്' എന്നും ജഡ്ജി വിധിന്യായത്തില്‍ എടുത്തു പറഞ്ഞു. യുവതികള്‍ക്ക്, ഇയാള്‍ ഒരു അപകടകാരിയാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ആജീവനാന്തം സെക്‌സ് ഒഫന്‍ഡര്‍മാരുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.
നൈജില്‍ പോളിന് ലൈംഗികാതിക്രമ കേസുകളില്‍ ഏഴേമുക്കാല്‍ വര്‍ഷം തടവ് ശിക്ഷ. 47 വയസ്സുകാരനായ പോളിനെ ആറ് വര്‍ഷത്തിന് ശേഷമാണ് യുകെയിലേക്ക് കൈമാറിയത്. ബലാത്സംഗം, രണ്ട് ലൈംഗികാതിക്രമ കേസുകളില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ഗ്ലാസ്‌ഗോ ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2019-ല്‍ ലൈംഗികാതിക്രമ കേസുകളില്‍ വിചാരണ നേരിടേണ്ടിയിരുന്ന നൈജില്‍ പോള്‍, ഇതില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു. ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞ ഇയാളെ പിന്നീട് യുകെയിലേക്ക് കൈമാറി. ഒക്ടോബറില്‍ ഗ്ലാസ്‌ഗോ ഹൈക്കോടതിയില്‍ വെച്ച് ഒരു ബലാത്സംഗ കുറ്റവും രണ്ട് ലൈംഗികാതിക്രമ കുറ്റങ്ങളും ഇയാള്‍ സമ്മതിച്ചു. 2018-ലാണ് കേസുകള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അന്ന് ഇരകളായിരുന്ന യുവതികളെക്കാള്‍ പ്രായം കൂടുതലായിരുന്നു പോളിന്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണെന്നും, പോള്‍ യുവതികള്‍ക്കും ദുര്‍ബലരായ സ്ത്രീകള്‍ക്കും ഭീഷണിയാണെന്നും ലോര്‍ഡ് റെനൂച്ചി വ്യക്തമാക്കി.
വിവിധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടുന്നതിനായി ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ നൈജില്‍ പോളിനെ യുകെയ്ക്ക് കൈമാറാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രണവ് ജോഷി 2025 ജൂണ്‍ 9-നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. യുകെ സര്‍ക്കാര്‍ നല്‍കിയ ഔപചാരിക അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. നേരത്തെ, സ്വന്തം ഇഷ്ടപ്രകാരം കൈമാറ്റം ചെയ്യപ്പെടാന്‍ പോള്‍ സമ്മതം അറിയിച്ചതിനാല്‍, സാക്ഷികളെ വിസ്തരിക്കുന്നത് കോടതി ഒഴിവാക്കി. തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട നൈജില്‍ പോള്‍, പിന്നീട് കേരളത്തിലെ കൊച്ചിയില്‍ വെച്ചാണ് അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ഡല്‍ഹിയിലേക്ക് മാറ്റുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയുമായിരുന്നു. യുകെയില്‍ നിന്നുള്ള കൈമാറ്റത്തിനായുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതിനെത്തുടര്‍ന്ന് 2024 ഡിസംബര്‍ 24-ന് നടപടികള്‍ ആരംഭിച്ചു.
കേസ് രേഖകള്‍ പ്രകാരം, 2018 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ സ്‌കോട്ട്‌ലന്‍ഡിലെ ഹാമില്‍ട്ടണിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നതിനിടെയാണ് പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത്. 2018 ഓഗസ്റ്റിലും 2019 ജനുവരിയിലും ഇയാള്‍ പ്രാദേശിക ഷെരീഫ് കോടതിയില്‍ ഹാജരായിരുന്നു. ഈ സമയത്താണ് ഇയാള്‍ക്കെതിരെ ഔദ്യോഗികമായി കുറ്റങ്ങള്‍ ചുമത്തിയത്. എന്നാല്‍, 2019 ഡിസംബര്‍ 4-ന് ഹൈക്കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന ദിവസം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. നേഴ്‌സിനെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
