'പുതുവത്സരത്തില്‍ എനിക്ക് ലഭിച്ച സമ്മാനം; സ്‌നേഹത്തിന്റെ പൊതിയില്‍ പൊതിഞ്ഞ ഒരു കത്ത്...; എന്നാല്‍ അതിന്റെ ഉള്ളില്‍ മുഴുവന്‍ വേദനയായിരുന്നു; എല്ലാം ജിജിയുടെ കുടുംബ സ്വത്തായി'; ട്രസ്റ്റില്‍ നിന്നും പുറത്താക്കിയതായി മാരിയോ
കൊച്ചി: ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും തന്നെ പുറത്താക്കിയതായി മാരിയോ ജോസഫ്. ജിജി മാരിയോ അയച്ച കത്ത് പങ്കുവച്ച് മാരിയോ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതുവത്സരത്തില്‍ എനിക്ക് ലഭിച്ച സമ്മാനം, സ്‌നേഹത്തിന്റെ പൊതിയില്‍ പൊതിഞ്ഞ ഒരു കത്ത്..., എന്നാല്‍ അതിന്റെ ഉള്ളില്‍ മുഴുവന്‍ വേദനയായിരുന്നു. ഈറ്റു നോവോടെ പ്രസവിച്ച്, ജീവിതം പോലെ വളര്‍ത്തിയ
ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് അതിന്റെ വിജ്ഞാനകേന്ദ്രം വരെ ഇന്ന് അവളുടെ കുടുംബ ട്രസ്റ്റും കുടുംബസ്വത്തുമായി മാറി എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാരിയോയെ ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും പുറത്താക്കുന്നു എന്നാണ് കത്തിലുള്ളത്. നവംബര്‍ ഒന്‍പതിന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗമാണ് മാനേജിങ് ട്രസ്റ്റിഷിപ്പില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും കത്തിലുണ്ട്. ഇരുവരും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഒടുവില്‍ സംഘര്‍ഷത്തിലേക്കും ട്രസ്റ്റില്‍ നിന്നും പുറത്താക്കലിലേക്കും എത്തിയത്. മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബപ്രശ്‌നം അടിപിടിയിലെത്തിയതോടെ പൊലീസ് കേസെടുത്തിരുന്നു.
ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പ്രശ്‌നങ്ങളാണെന്നായിരുന്നു തര്‍ക്കത്തിന് കാരണമെന്നാണ് ജിജി പ്രതികരിച്ചത്. നാലു വര്‍ഷമായി ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ് നന്നായി മുന്നോട്ട് പോവുകയായിരുന്നു. ഇതേ പേരില്‍ മാരിയോ കമ്പനി ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നും ജിജി പറഞ്ഞു.
'ട്രസ്റ്റിന്റെ ചില പ്രവര്‍ത്തനങ്ങള്‍ മാരിയോ മരവിപ്പിച്ചു. അതിനെ ചോദ്യം ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ മൂത്ത മകളുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി. ഇതിനിടെ ക്യാമറയുടെ ഡിവിആര്‍ ബോക്‌സെടുത്ത് തലയ്ക്കിടിച്ചു. ഇത് മെറ്റല്‍ ബോക്‌സായിരുന്നു. ആശുപത്രിയില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു'. ജിജി പറഞ്ഞു.
മാരിയോ ജോസഫിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്:
2026 പുതുവത്സരത്തില്‍
എനിക്ക് ലഭിച്ച സമ്മാനം
സ്‌നേഹത്തിന്റെ പൊതിയില്‍ പൊതിഞ്ഞ
ഒരു കത്ത്...
എന്നാല്‍ അതിന്റെ ഉള്ളില്‍
മുഴുവന്‍ വേദനയായിരുന്നു.
2018-ല്‍ ഞാന്‍
ഈറ്റു നോവോടെ പ്രസവിച്ച്,
ജീവിതം പോലെ വളര്‍ത്തിയ
ഫിലോകാലിയ ചാരിറ്റബിള്‍ ട്രസ്റ്റ്
അതിന്റെ വിജ്ഞാനകേന്ദ്രം വരെ
ഇന്ന് അവളുടെ കുടുംബ ട്രസ്റ്റും
കുടുംബസ്വത്തുമായി മാറി.
എങ്കിലും,
ഭൂമിയില്‍ ഒന്നും സാശ്വതമല്ലെന്ന്
18-ാം വയസ്സില്‍ തന്നെ
ഞാന്‍ തിരിച്ചറിഞ്ഞവനാണ്.
നിത്യജീവിതത്തിന്റെ അര്‍ത്ഥം തേടി
ഉയിര്‍ത്തെഴുന്നേറ്റ് നിത്യനായി
ജീവിക്കുന്ന ഈശോയേ കണ്ടു,
അന്ന് അവനെ മുറുകെ പിടിച്ചു.
ഇന്ന്
ഭൂമിയില്‍ ഞാന്‍ എന്ത് നഷ്ടപ്പെടുമ്പോഴും,
എന്റെ അഭിമാനവും സന്തോഷവും
ദൈവത്തില്‍ തന്നെയാണ്. ?
ദൈവത്തിന് സ്തുതി
