തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കി; പത്മകുമാറിന്റെയും സംഘത്തിന്റെയും കള്ളക്കളി പൊളിച്ചടുക്കി അന്വേഷണ സംഘം; ശബരിമലയില്‍ നടന്നത് ഉന്നതതല സ്വര്‍ണ്ണക്കൊള്ള; മിനുട്‌സില്‍ വരെ തിരുത്തല്‍; പ്രതികള്‍ ബംഗളൂരുവില്‍ ഒത്തുകൂടിയത് തെളിവ് നശിപ്പിക്കാന്‍; 'ദൈവ തുല്യന്‍' തന്ത്രിയല്ല
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ എത്തുമ്പോള്‍ വ്യക്തമാകുന്നത് 'ദൈവ തുല്യന്‍' തന്ത്രിയല്ലെന്ന് തന്നെ. മാത്രംശബരിമലയില്‍ അശുദ്ധി വരുത്തിയത് 'ദൈവ തുല്യനായ' തന്ത്രിയല്ല, മറിച്ച് അധികാരം കയ്യിലുണ്ടായിരുന്ന രാഷ്ട്രീയ വമ്പന്മാരും ഉദ്യോഗസ്ഥരുമാണ് എന്നാണ വ്യക്തമാകുന്നത്. തന്ത്രിയുടെ പേരില്‍ പുകമറ ഉണ്ടാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിനും സംഘത്തിനും ഹൈക്കോടതിയില്‍ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് വലിയ പ്രഹരമായിരിക്കുകയാണ്. അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്നും, അത്തരമൊരു രേഖ പോലുമില്ലെന്നും പോലീസ് കണ്ടെത്തി. എന്ന് തന്നെയല്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. തന്ത്രിയെ മുന്‍നിര്‍ത്തി സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് നിയമസാധുത നല്‍കാനായിരുന്നു ഇവരുടെ നീക്കമെന്ന് ഇതോടെ വ്യക്തമായി.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും പ്രതികള്‍ ബംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തല്‍. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവര്‍ ഒക്ടോബറില്‍ ബംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയതിന് ഫോണ്‍ രേഖകള്‍ തെളിവായി അന്വേഷണ സംഘം കോടതിയില്‍ അക്കമിട്ട് നിരത്തി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. ദേവസ്വം മിനുട്‌സില്‍ പത്മകുമാര്‍ മനഃപൂര്‍വ്വം തിരുത്തല്‍ വരുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. 'പിച്ചള പാളി' എന്നത് മാറ്റി 'ചെമ്പ് പാളി' എന്ന് തിരുത്തി എഴുതിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. കട്ടിള പാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ വാദം പച്ചക്കള്ളമാണെന്നും, തന്ത്രി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല.
സ്വര്‍ണ്ണം കവര്‍ന്നത് ആസൂത്രിതമായി പ്രതിയായ ഗോവര്‍ധന്‍ വര്‍ഷങ്ങളായി ശബരിമലയിലെ സന്ദര്‍ശകനാണ്. ശ്രീകോവിലിലെ സ്വര്‍ണ്ണത്തിന്റെ അളവിനെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നു. വാതില്‍പ്പാളിയില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നുമായി ഏകദേശം ഒരു കിലോയോളം സ്വര്‍ണ്ണമാണ് നീക്കം ചെയ്തത്. ഇതില്‍ ഒരു ഭാഗം അവിടെത്തന്നെ ഉപയോഗിച്ചെന്ന് വരുത്തിത്തീര്‍ത്ത് ബാക്കി 474.957 ഗ്രാം സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന പ്രതികളുടെ വാദം തള്ളിയ പോലീസ്, പ്രതികള്‍ തന്നെ സ്വര്‍ണ്ണം ഹാജരാക്കുകയായിരുന്നു എന്ന് കോടതിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീളുന്നു കേവലം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്ന് ഉറപ്പിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. പത്മകുമാറിന് പുറമെ സിപിഐ നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ ശങ്കരദാസും കേസില്‍ പ്രതിപ്പട്ടികയിലുണ്ട് (പതിനൊന്നാം പ്രതി). രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ഹൈക്കോടതിയില്‍ അന്വേഷണ സംഘം തുറന്നുകാട്ടി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ ഇഡി കൂടി അന്വേഷിക്കാന്‍ തുടങ്ങുന്നതോടെ, ശബരിമലയെ മറയാക്കി കോടികള്‍ തട്ടിയ രാഷ്ട്രീയ വമ്പന്മാര്‍ കുടുങ്ങുമെന്ന് ഉറപ്പായി.
