'കുട്ടിക്കാലത്ത് റേഡിയോയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച തലമുറയില്‍ പെട്ടയാള്‍; ഇപ്പോള്‍ എഐയുടെ സജീവ ഉപയോക്താവ്; പാര്‍ട്ടിയുടെ കാര്യത്തില്‍ നിതിന്‍ നബിനാണ് എന്റെ ബോസ്!' ഹാരം അണിയിച്ച് വരവേറ്റ് മോദി; നിതിന്‍ നബിന്‍ ബിജെപിയുടെ അമരക്കാരന്‍; കേരളത്തിലും തമിഴ്‌നാട്ടിലും താമര വിരിയുമോ?

Update: 2026-01-20 07:44 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റു. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായാണ് നബിന്‍ എത്തുന്നത്. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് നിതിന്‍ ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഹാരമണിയിച്ച് സ്വീകരിച്ചു. അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ജെപി നഡ്ഡയുടെ പിന്‍ഗാമിയായി 45-കാരനായ നിതിന്‍ നബിന്‍ 12-ാമത് അധ്യക്ഷനാകുമ്പോള്‍ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്.

ജെ പി നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റെ വരെ വിജയം നേടിയെന്നും പുതിയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ബിജെപിയെ കൂടുതല്‍ ഉയരങ്ങിലേക്ക് എത്തിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിതിന്‍ നബീന്‍ ബിജെപി യിലെ എല്ലാവരുടെയും അധ്യക്ഷന്‍ ആണ്. വരാനിരിക്കുന്ന 25 വര്‍ഷം വളരെ നിര്‍ണ്ണായകമാണെന്നും ഇത് വികസിത ഭാരതത്തിലേക്കുള്ള യാത്രയാണെന്നും മോദി പറഞ്ഞു.,

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് നിതിന്‍ നബിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിതിന്‍ നബിന് യുവത്വത്തിന്റെ ഊര്‍ജ്ജവും സംഘടനാ രംഗത്ത് ദീര്‍ഘകാല പരിചയവുമുണ്ട്, ഇത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉപയോഗപ്രദമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ പൈതൃകം നിതിന്‍ നബിന്‍ ജി മുന്നോട്ട് കൊണ്ടുപോകും. അടുത്ത 25 വര്‍ഷങ്ങള്‍ വളരെ പ്രധാനമാണ്. വികസിത ഇന്ത്യ കെട്ടിപ്പടുക്കേണ്ട കാലഘട്ടമാണിത്, അത് സംഭവിക്കാന്‍ വിധിക്കപ്പെട്ടതുമാണ്. ഈ നിര്‍ണായക കാലഘട്ടത്തിന്റെ തുടക്കത്തില്‍, നമ്മുടെ നിതിന്‍ നബിന്‍ ബിജെപിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകും.

പാര്‍ട്ടിയുടെ കാര്യം വരുമ്പോള്‍, നിതിന്‍ നബിന്‍ ആണ് ബോസ്, ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇന്ത്യയില്‍ വലിയ സാമ്പത്തിക, സാമൂഹിക, സാങ്കേതിക പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തലമുറയില്‍ പെട്ടയാളാണ് അദ്ദേഹം. കുട്ടിക്കാലത്ത് റേഡിയോയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിച്ച തലമുറയില്‍ പെട്ടയാളാണ് അദ്ദേഹം, ഇപ്പോള്‍ എഐയുടെ സജീവ ഉപയോക്താവാണ്. യുവത്വത്തിന്റെ ഊര്‍ജ്ജവും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിപുലമായ പരിചയവും നിതിന്‍ ജിക്കുണ്ട്. ഇത് നമ്മുടെ പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകനും വളരെ ഗുണം ചെയ്യും.

ബിജെപി ഒരു സംസ്‌കാരമാണ്, ഒരു കുടുംബമെന്നപോലെയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ജനങ്ങളുടെ സേവയാണ് പ്രധാനം. ഇതുകൊണ്ടാണ് ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജസ്വലനും, യുവാവുമായ അധ്യക്ഷനാണ് ബിജെപിക്കെന്ന് മുന്‍ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വിജയം പരാമര്‍ശിച്ച് നദ്ദ, ബിജെപി വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലടക്കം വലിയ ശക്തിയാകുമെന്നും പറഞ്ഞു.

ജെപി നഡ്ഡയുടെ പിന്‍ഗാമിയായാണ് ബിജെപി വര്‍ക്കിങ് പ്രസിഡന്റായിരുന്ന 45-കാരന്‍ നിതിന്‍ നബിന്‍, ബിജെപിയുടെ 12-ാമത് അധ്യക്ഷനായെത്തുന്നത്, ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് നബിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശ പ്രകാരമാണ് അതുവരെ ചര്‍ച്ചകളിലെവിടെയും ഇല്ലാതിരുന്ന നബീന്‍ അധ്യക്ഷ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്നത്. പത്ത് വര്‍ഷം ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റെ പാരമ്പര്യമാണ് നിതിന്‍ നബീനുള്ളത്. യുവമോര്‍ച്ചയിലൂടെയാണ് നിതിന്‍ സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. 2006ല്‍ പാറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളായിരുന്നു.

ബിജെപി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രി സഭയില്‍ നിതിന്‍ നബീന്‍ അംഗമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ചുമതലക്കാരന്റെ റോളും പലപ്പോഴായി നിതിന്‍ നബിന്റെ കൈകളിലെത്തി. വര്‍ക്കിങ് പ്രസിഡന്റായി നബീനെ നിയമിച്ചപ്പോള്‍ തന്നെ അധ്യക്ഷനാരായിരിക്കുമെന്ന സൂചന കൂടി നേതൃത്വം നല്‍കുകയായിരുന്നു.  കേരളം, ബംഗാള്‍, അസം, തമിഴ്‌നാട് അടക്കം ഒരു കൂട്ടം സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം.

Tags:    

Similar News