'125 രാഷ്ട്രീയ കൊലപാതകങ്ങള്‍; അതില്‍ 30 എണ്ണം ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്ത്; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വികസന വിരോധികള്‍'; രൂക്ഷവിമര്‍ശനവുമായി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: സിപിഎമ്മിനും ഇടതു മുന്നണി സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ വികസന വിരോധികളാണെന്ന് നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും അവര്‍ പറഞ്ഞു. ലോക്സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലാണ് നിര്‍മലാ സീതാരാമന്‍ കേരള സര്‍ക്കാരിനെതിരെ സംസാരിച്ചത്. 3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റിയ കിറ്റക്സ് ഗ്രൂപ്പിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് മന്ത്രി കേരളത്തിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയത്.
കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 30 കൊലപാതകങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്‌സഭയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയില്‍ സംസാരിച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ആറുശതമാനത്തോളം വര്‍ധിച്ചുവെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിള്‍ 1.2 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു.
ബജറ്റ് ചര്‍ച്ചക്കിടെ നാളികേര കശുവണ്ടി വികസന പദ്ധതികള്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണെന്ന് മന്ത്രി സഭയില്‍ വിശദീകരിച്ചിരുന്നു. ഇത് കഴിഞ്ഞാണ് ബംഗാളിലേക്കും കേരളത്തിലേക്കും ലക്ഷ്യമിട്ടുള്ള വലിയ വിമര്‍ശനം ധനമന്ത്രി നടത്തിയത്. ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് ശേഷമാണ് ധനമന്ത്രി കേരളത്തിന് നേരെ തിരിഞ്ഞത്.