മാങ്കൂട്ടത്തിലിനെതിരെ ഉടനടി നടപടിയില്ല; രാഹുലിനെയും പരാതിക്കാരനെയും സമിതി നേരിട്ട് വിളിക്കാന്‍ സാധ്യത; അയോഗ്യതാ നീക്കത്തില്‍ പ്രിവിലേജ് കമ്മിറ്റിയുടെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകില്ല; റോജിയുടേയും ലത്തീഫിന്റേയും നിലപാട് നിര്‍ണ്ണായകം

Update: 2026-02-02 04:48 GMT

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഉടന്‍ തീരുമാനമെടുക്കില്ല. പരാതി ഗൗരവകരമായി പരിഗണിച്ച സമിതി, ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പരാതിക്കാരനായ ഡി.കെ. മുരളിയുടെയും മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചു.

ക്രിമിനല്‍ കേസുകളില്‍ നിരന്തരം പ്രതിയാകുന്നവര്‍ നിയമനിര്‍മ്മാണ സഭയിലിരിക്കുന്നത് സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്ന വാദമുയര്‍ത്തിയാണ് ഡി.കെ. മുരളി പരാതി നല്‍കിയത്. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ അയോഗ്യനാക്കാന്‍ നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥയുണ്ട്. സ്പീക്കര്‍ കൈമാറിയ ഈ പരാതിയില്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമേ സമിതി അന്തിമ റിപ്പോര്‍ട്ട് സഭയ്ക്ക് സമര്‍പ്പിക്കൂ.

നിരന്തരം പീഡനക്കേസുകളില്‍ പ്രതിയാകുന്ന ഒരാള്‍ക്ക് സഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന ആക്ഷേപം ശക്തമാണ്. കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ കൈവിട്ടുവെന്ന സൂചനകള്‍ക്കിടെയും സഭയ്ക്കുള്ളിലെ അയോഗ്യതാ നീക്കത്തെ പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ നീക്കം. സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യു.എ. ലത്തീഫും സ്വീകരിക്കേണ്ട നിലപാട് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കും.

അതേസമയം, സഭാ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ബജറ്റിലെ പൊതുചര്‍ച്ചയാണ് ഇന്ന് സഭയുടെ പ്രധാന അജണ്ട. മൊഴിയെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണ്ണായകമായ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

Similar News