കേരളം ചര്‍ച്ച ചെയ്യുന്ന വാര്‍ദ്ധക്യകാല ഒറ്റപ്പെടലിന്റെ ക്രൂരമായ മുഖം; ആറ്റൂരിലെ സങ്കടക്കാഴ്ച; വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്നാമത്തെ സഹോദരിയും മരണത്തിന് കീഴടങ്ങി; ഒറ്റപ്പെടലില്‍ ഒടുങ്ങി മൂന്ന് സഹോദരിമാര്‍
തൃശൂര്‍: ആറ്റൂരില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് വയോധിക സഹോദരിമാരില്‍ അവസാനത്തെയാളും യാത്രയായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ വാര്‍ദ്ധക്യകാലത്തെ ഒറ്റപ്പെടലിന്റെ നോവായി മാറിയ ആ സഹോദരിമാരുടെ ജീവിതം പൂര്‍ണ്ണമായും അവസാനിച്ചു.
വെള്ളിയാഴ്ചയാണ് മൂന്ന് പേരെയും വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. അന്നുതന്നെ ഇളയ സഹോദരി സരോജിനിയും (75), ശനിയാഴ്ച മൂത്ത സഹോദരി ദേവകിയും (83) മരണമടഞ്ഞിരുന്നു. വാര്‍ദ്ധക്യസഹജമായ അവശതകളും തങ്ങളെ പരിചരിക്കാന്‍ ആരുമില്ലാത്തതിലുള്ള മനോവിഷമവുമാണ് ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വിവാഹിതരല്ലാത്ത ഇവര്‍ പിതാവിന്റെ മരണശേഷം ബന്ധുക്കളുമായോ അയല്‍വാസികളുമായോ കാര്യമായ സമ്പര്‍ക്കമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങളുടെ സ്വത്തുക്കള്‍ ഒരു ദേവസ്വത്തിന് എഴുതിവച്ചതായി പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ആത്മഹത്യകള്‍ക്ക് കാരണം.
പെന്‍ഷന്‍ വഴിയാണ് ഉപജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തിയിരുന്നതെങ്കിലും, ശാരീരികമായ അവശതകള്‍ മൂലം സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും ബുദ്ധിമുട്ടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ചെറുതുരുത്തി പോലീസ് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.
കേരളം ചര്‍ച്ച ചെയ്യുന്ന വാര്‍ദ്ധക്യകാല ഒറ്റപ്പെടലിന്റെ ക്രൂരമായ മുഖമാണ് ഈ സംഭവത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്. ജാനകിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.