ധന്‍രാജ് ഫണ്ട് തട്ടിപ്പ്: കണക്കുകള്‍ ഫെബ്രുവരി 6-ന് പുറത്തുവിടും; വി. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം; പയ്യന്നൂരിലെ കനലടങ്ങാത്ത രാഷ്ട്രീയ പോര് തുടരും

Update: 2026-02-02 08:07 GMT

കണ്ണൂര്‍: പയ്യന്നൂരിലെ സി.വി. ധന്‍രാജ് രക്തസാക്ഷി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിര്‍ണ്ണായക നീക്കവുമായി സിപിഎം. ഫണ്ട് സമാഹരണവും വിനിയോഗവും സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഫെബ്രുവരി ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു.

കണക്കുകള്‍ പരസ്യപ്പെടുത്തി അണികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന നേതൃത്വം നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. നേരത്തെ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തില്ലെന്ന നിലപാടിലായിരുന്ന ജില്ലാ നേതൃത്വം, പാര്‍ട്ടിക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമായതോടെയാണ് അയഞ്ഞത്.

രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ നിന്ന് ടി.ഐ. മധുസൂദനന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

ഒരു കോടി രൂപയോളം പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതില്‍ 46 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപണം. ഈ വിഷയത്തില്‍ തെളിവുകള്‍ ഹാജരാക്കിയ കുഞ്ഞിക്കൃഷ്ണനെ 'പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈ' എന്ന് വിശേഷിപ്പിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് പയ്യന്നൂരിലെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും കണക്കുകള്‍ പരസ്യമാക്കാന്‍ പാര്‍ട്ടിക്ക് മടിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫെബ്രുവരി നാലിന് കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ, ആറിന് കണക്കുകള്‍ പുറത്തുവിടാനുള്ള സിപിഎം തീരുമാനം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.

ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്ന പരാതി നിലനില്‍ക്കെ, ആറാം തീയതി പുറത്തുവിടുന്ന കണക്കുകള്‍ അണികളെ തൃപ്തിപ്പെടുത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Similar News