കേരളത്തിന്റെ റെയില്‍വേ വിഹിതം 3,975 കോടി; യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പത്തിരട്ടി തുക; കേരളത്തില്‍ അതിവേഗ റെയില്‍ പാത വരും; ശ്രീധരന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ; ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തി. റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് വന്‍ വര്‍ധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. 3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യു പി എ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഓരോ സംസ്ഥാനത്തിനും നല്‍കിയ വിഹിതത്തെക്കുറിച്ച് പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തിലും അതിവേഗ റെയില്‍ പ്രഖ്യാപനമില്ല.
കേരളത്തില്‍ തിരുനാവായ-ഗുരുവായൂര്‍ പുതിയ റെയില്‍ പാത പ്രഖ്യാപിച്ചു. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി പാതയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയായതായും റെയില്‍വേ മന്ത്രി വ്യക്തമാക്കുന്നു. മംഗലാപുരം-ഷൊര്‍ണൂര്‍ നാലാംപാതയുടെ ഡിപിആര്‍ ഉടന്‍ പൂര്‍ത്തിയാകും. 106 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷൊര്‍ണൂര്‍-എറണാകുളം മൂന്നാംപാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം -നാഗര്‍കോവില്‍ മൂന്നാംപാതയ്ക്കായുള്ള സര്‍വേ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാരിന്റെ സജീവ സഹകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റെയില്‍ വികസനത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്.
മെട്രോമാന്‍ ഇ. ശ്രീധരന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ റെയില്‍ വികസനം സംബന്ധിച്ച് അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ ഭാവിയില്‍ ഹൈസ്പീഡ് റെയില്‍വേ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ റെയില്‍വേ മന്ത്രി തയ്യാറായില്ല. കേരളത്തില്‍ അതിവേഗ റെയില്‍ പാത എപ്പോള്‍ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.
മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
കേരളത്തിലെ പ്രധാന പദ്ധതികളായ മംഗലാപുരം - ഷൊര്‍ണ്ണൂര്‍ നാലാം പാതയുടെ ഡി പി ആര്‍ നടപടികളും, 106 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷൊര്‍ണ്ണൂര്‍ - എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേയും പുരോഗമിക്കുകയാണ്. ശബരിപ്പാതയ്ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. തിരുനാവായ-ഗുരുവായൂര്‍ പുതിയ പാത പ്രഖ്യാപിച്ചെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുതിയ കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ഡീസല്‍ ഷെഡുമായി ബന്ധപ്പെട്ട് ഉയരുന്ന തര്‍ക്കങ്ങള്‍ അനാവശ്യമാണെന്നും വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, രാജ്യത്ത് ഏഴ് പുതിയ ബുള്ളറ്റ് ട്രെയിനുകള്‍ കൂടി പ്രഖ്യാപിക്കുമെന്നും ഇതില്‍ അഞ്ചെണ്ണം തെക്ക് - പടിഞ്ഞാറന്‍ ഇന്ത്യയെ കേന്ദ്രീകരിച്ചായിരിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
