'ഈ സഭയില്‍ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് എന്നെ ആക്രമിച്ചു; എന്റെ ഇരുകാലുകളും വെട്ടിയെടുത്തു; ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു'; കൃത്രിമക്കാല്‍ രാജ്യസഭയില്‍ മേശപ്പുറത്തു വെച്ച് സി സദാനന്ദന്‍

Update: 2026-02-02 12:47 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ തന്റെ വെപ്പുകാലുകള്‍ രാജ്യസഭയില്‍ മേശപ്പുറത്ത് വെച്ച് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി സദാനന്ദന്‍ എംപി. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവര്‍ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദന്‍. പ്രസംഗത്തിനെതിരെ ഇടത് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

31 വര്‍ഷം മുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ തന്റെ കാലുകള്‍ മുറിച്ചുകളഞ്ഞെന്ന് സദാനന്ദന്‍ എംപി പറഞ്ഞു. അതിനാല്‍ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാന്‍ കഴിയില്ലെന്ന് വെപ്പുകാലുകള്‍ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- 'എനിക്കും ഉറപ്പുള്ള രണ്ട് കാലുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയില്‍ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ഈ സഭയില്‍ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവര്‍ 31 വര്‍ഷം മുന്‍പ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം എന്റെ ഇരുകാലുകളും വെട്ടിയെടുത്തു. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു'.

അതേ സമയം മേശപ്പുറത്ത് കാലുകള്‍ വെച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മാനുഷികതയെ കുറിച്ചു നിരന്തരം സംസാരിക്കുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്ന് എംപി തിരിച്ചടിച്ചു. പിന്നാലെ കേരളത്തിലെ യുവാക്കള്‍ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തില്‍ അവര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവര്‍ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും എംപി വിമര്‍ശിച്ചു.

ലോക്സഭയില്‍ നാടകീയ രംഗങ്ങള്‍

നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മില്‍ ഇന്ന് ലോക്സഭയില്‍ നടന്നത് നാടകീയ രംഗങ്ങള്‍ നിറഞ്ഞുനിന്ന വാക് പോര്. ബി ജെ പി എം പി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുല്‍ ഗാന്ധി എഴുന്നേറ്റത്. മുന്‍ കരസേന മേധാവി ജനറല്‍ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം.

രാഹുല്‍ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ് രാജ്‌നാഥ് സിംഗും അമിത് ഷായും വിമര്‍ശനവും തുടങ്ങി. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. എന്നാല്‍ ഒരു മാഗസിനില്‍ വന്ന റിപ്പോര്‍ട്ടാണെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ തിരിച്ചടി. പലതവണ രാഹുല്‍ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇതിനിടെ സ്പീക്കറും കളം നിറഞ്ഞു. ഒടുവില്‍ ഒരു മണിക്കൂറിലേറെ നീണ്ട പോര്, സ്പീക്കര്‍ സഭ തത്കാലത്തേക്ക് നിര്‍ത്തിവച്ചതോടെയാണ് അവസാനിച്ചത്. ഈ സംഭവത്തിനെല്ലാം സാക്ഷിയായി പ്രധാനമന്ത്രി മോദിയും സഭയില്‍ ഉണ്ടായിരുന്നു.

Similar News