കടകംപള്ളിയും പ്രശാന്തും പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്റ്റു പട്ടികയില്‍ ഇല്ല; ശബരിമലയില്‍ വന്‍ സ്വര്‍ണക്കൊള്ള: മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി പ്രതിപ്പട്ടികയിലേക്ക്; സ്വര്‍ണക്കൊടിമര കേസും നിര്‍ണ്ണായകം
കൊച്ചി: ശബരിമല സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി പ്രതികളാകുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക നീക്കം. നിലവില്‍ അന്വേഷണം ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളിലേക്ക് ഇപ്പോള്‍ അന്വേഷണം നീളുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ കുറ്റപത്രം നല്‍കുന്നത് വൈകും. ഇതോടെ പ്രതികള്‍ക്കെല്ലാം ഇത് പുറത്തേക്ക് വരാന്‍ അവസരമൊരുക്കും.
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണ്ണ പ്ലേറ്റുകള്‍ മാറ്റിയതായും പകരം സ്വര്‍ണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികള്‍ വെച്ചതായും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ ഏകദേശം 3.7 കിലോ തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്. 1998 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നടന്ന ഇടപാടുകളാണ് അന്വേഷണ പരിധിയിലുള്ളത്. പഴയ ശ്രീകോവില്‍ വാതില്‍ എവിടെപ്പോയി എന്നതിനെക്കുറിച്ചും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ ലാബുകളില്‍ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകള്‍ക്കായിസാമ്പിളുകള്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലേക്ക് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതിനിടെ, 2017-ലെ സ്വര്‍ണക്കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും കേസില്‍ നിര്‍ണ്ണായകമാകും. ഹൈദരാബാദിലെ ഫീനിക്‌സ് ഗ്രൂപ്പ് നല്‍കിയ 3.2 കോടി രൂപയ്ക്ക് പുറമെ, ഒരു പ്രമുഖ സിനിമാതാരവും ജ്വല്ലറിയും നല്‍കിയ സ്വര്‍ണ്ണത്തിന് ദേവസ്വം ബോര്‍ഡ് രസീത് നല്‍കിയിട്ടില്ലെന്നത് ഗുരുതരമായ അഴിമതി ആരോപണത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിനെക്കുറിച്ച് വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു.
കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ 2019 മുതലുള്ള ഫോണ്‍ രേഖകള്‍ പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 12-ന് അന്വേഷണ സംഘം സന്നിധാനത്തെത്തി കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും. കേന്ദ്ര ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം പുറത്തുവരുന്നതോടെ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ ആഴം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വര്‍ണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്ഐടി) അന്വേഷണത്തിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.
സന്നിധാനത്തെ പാളികളില്‍ നിന്ന് മുന്‍പുണ്ടായിരുന്ന സ്വര്‍ണ പ്ലേറ്റുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വര്‍ണം വളരെ നേര്‍ത്ത രീതിയില്‍ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോള്‍ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരെയും കട്ടിളപ്പാളി കേസില്‍ ഒരാളെയും ഉടന്‍ പ്രതിചേര്‍ക്കുമെന്നും ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഈ മൂന്ന് പേരും ജീവനക്കാരാണ്. ഇവരെയാകും ഇനി അറസ്റ്റു ചെയ്യുക.
2017-ല്‍ നടന്ന കൊടിമര പ്രതിഷ്ഠയ്ക്കായി ഫീനിക്‌സ് ഗ്രൂപ്പ് 3.2 കോടി രൂപ സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നും അതില്‍ ബാക്കിവന്ന 16 ലക്ഷം രൂപ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നുവെന്നും അവകാശവാദമുണ്ട്. ഒരു പ്രമുഖ സിനിമാതാരവും ഒരു ജ്വല്ലറിയും കൊടിമര നിര്‍മാണത്തിനായി സ്വര്‍ണം നല്‍കിയതായി വിവരമുണ്ടെങ്കിലും ഇതിന് ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി രസീതുകള്‍ നല്‍കിയിട്ടില്ലെന്നത് ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
