ജിമ്മി ലായിക്ക് 20 വര്‍ഷം തടവ്: വിധി വധശിക്ഷയ്ക്ക് തുല്യമെന്ന് മകന്‍; ചൈനയ്‌ക്കെതിരെ ആഗോള പ്രതിഷേധം

Update: 2026-02-10 05:36 GMT

രുപത് വര്‍ഷം ജയിലില്‍ കഴിയുക എന്നത് വധശിക്ഷയ്ക്ക് തുല്യമാണെന്നാണ് ചൈന ജയിലിലടച്ച ബ്രിട്ടീഷ് മാധ്യമ വ്യവസായിയുടെ മകന്‍. ഹോങ്കോങ്ങിലെ മാധ്യമ പ്രമുഖനായ ജിമ്മി ലായിയെയാണ് ചൈനീസ് അധികൃതര്‍ തടവിലാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ദേശീയ സുരക്ഷാ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 78 കാരനായ ഈ ബ്രിട്ടീഷ് പൗരന് തിങ്കളാഴ്ചയാണ് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

ഇവിടുത്തെ വിവാദ ദേശീയ സുരക്ഷാ നിയമം പ്രകാരം നല്‍കാവുന്ന ഏറ്റവും കഠിനമായ ശിക്ഷയാണിത്. ചൈനയുടെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു ലായ്. പലപ്പോഴും തന്റെ ജനാധിപത്യ അനുകൂല പത്രമായ ആപ്പിള്‍ ഡെയ്‌ലി പ്രതിഷേധത്തിനുള്ള മാധ്യമമായി ഉപയോഗിച്ചു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ചതിന്' തന്റെ പിതാവ് ശിക്ഷിക്കപ്പെടുകയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ സെബാസ്റ്റ്യന്‍ ലായ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ബ്രിട്ടീഷ് പൗരനെന്ന നിലയില്‍, ലായ് കൂടുതല്‍ അര്‍ഹിക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. 'സ്വാതന്ത്ര്യത്തിനായി വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരാള്‍ തീര്‍ച്ചയായും അതില്‍ നിന്ന് ഒരു ഭാഗം അര്‍ഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലായുടെ മോചനവുമായി ബന്ധപ്പെട്ട് ചൈനയുമായി വേഗത്തില്‍ കൂടിയാലോചനകള്‍ നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

'ഈ ഭയാനകമായ പരീക്ഷണം അവസാനിപ്പിച്ച് മാനുഷിക പരിഗണന നല്‍കി അദ്ദേഹത്തെ വിട്ടയക്കാന്‍ വീണ്ടും ഹോങ്കോംഗ് അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഹോങ്കോങ്ങിലെ ജനങ്ങളോടൊപ്പം നില്‍ക്കുന്നതായും കൂപ്പര്‍ വ്യക്തമാക്കി. ഈ കേസിലെ അന്യായവും ദാരുണവുമായ ഒരു അന്ത്യം എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിധിയെ വിശേഷിപ്പിച്ചത്. ലായ്ക്ക് പരോള്‍' അനുവദിക്കണമെന്നും അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു.

ഹോങ്കോങ്ങില്‍ മൗലിക സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരെ നിശബ്ദരാക്കാന്‍ ചൈന അസാധാരണ ശ്രമങ്ങള്‍ നടത്തുമെന്ന് ലോകത്തെ കാണിക്കുന്നതാണ് ഈ സംഭവം എന്നും റൂബിയോ അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രസ്ഥാനം വീരപുരുഷനായി വാഴ്ത്തിയ ലായിയെ ചൈന് ഒരു രാജ്യദ്രോഹിയായിട്ടാണ് കണ്ടിരുന്നത്. യുകെ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള പാശ്ചാത്യ സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മോചനത്തിനായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയും ഹോങ്കോങ്ങും ഇത് നിരസിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങില്‍ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി 2020 ല്‍ ചൈന വിവാദമായി മാറിയ ദേശീയ സുരക്ഷാ നിയമം അവതരിപ്പിക്കുകയായിരുന്നു. വിദേശ ഗൂഢാലോചനയ്ക്കും എന്‍എസ്എല്‍ പ്രകാരം രാജ്യദ്രോഹപരമായ വസ്തുക്കള്‍ പ്രസിദ്ധീകരിച്ചതിനും ലായ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി, കടുത്ത സുരക്ഷാ സന്നാഹങ്ങളുള്ള ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ള വ്യക്തിയാണ് ലായ്. ജയിലില്‍ അദ്ദേഹത്തെ ഏകാന്തതടവിലാണ് പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ മാസം നടത്തിയ ചൈനാ സന്ദര്‍ശനത്തില്‍ ലായുടെ മോചന വിഷയം ചൈനീസ് അധികാരികളുമായി സംസാരിച്ചതായി പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Similar News