വിവാദപരമോ അപകടകരമോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മുന്‍പുണ്ടായിരുന്ന 36 മണിക്കൂര്‍ എന്ന സമയപരിധി 3 മണിക്കൂറായി ചുരുക്കി; ഡിജിറ്റല്‍ സുരക്ഷയില്‍ നിര്‍ണ്ണായകം: എ.ഐ. നിയന്ത്രണങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് എന്ത്? വ്യാജന്മാര്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം
കൊച്ചി: നിര്‍മ്മിത ബുദ്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഐ.ടി. ചട്ടങ്ങളിലെ പുതിയ ഭേദഗതികള്‍ രാജ്യത്തെ ഡിജിറ്റല്‍ നിയമവ്യവസ്ഥയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ച ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നീക്കം വരുംദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളുടെ പ്രവര്‍ത്തനരീതിയെത്തന്നെ സ്വാധീനിക്കും.
സമൂഹമാദ്ധ്യമങ്ങളിലെ എ.ഐ. തട്ടിപ്പുകള്‍ക്കും ഡീപ്‌ഫേക്ക് മാഫിയകള്‍ക്കും അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമഭേദഗതിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ എത്തുന്നത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ തടയാന്‍ ഐ.ടി. ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അമന്‍മെന്റ് റൂള്‍സ് 2026 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങള്‍ ഫെബ്രുവരി 20 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും.
ഇതാദ്യമായാണ് എ.ഐ. വഴി നിര്‍മ്മിക്കുന്ന ഉള്ളടക്കങ്ങളെ 'സിന്തറ്റിക്കലി ജനറേറ്റഡ് ഇന്‍ഫര്‍മേഷന്‍' എന്ന പേരില്‍ ഒരു നിയമപരമായ ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരുന്നത്. വെറും വിനോദത്തിനപ്പുറം, ആധികാരികമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കൃത്രിമ ഓഡിയോ-വീഡിയോകള്‍ തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഐ.ടി. നിയമത്തിലെ വകുപ്പ് 87 പ്രകാരം നടപ്പിലാക്കിയ ഈ പരിഷ്‌കാരം ഫെബ്രുവരി 20 മുതല്‍ നിലവില്‍ വരുന്നതോടെ ഡിജിറ്റല്‍ ലോകത്തെ അരാജകത്വത്തിന് ഒരു പരിധിവരെ അറുതിയാകും. പുതിയ ഭേദഗതി പ്രകാരം പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം കേവലം ഒരു 'ഇടനിലക്കാരന്‍' എന്നതിലുപരി നിരീക്ഷണ ഏജന്‍സി എന്ന നിലയിലേക്ക് കൂടി ഉയരുന്നു.
വിവാദപരമോ അപകടകരമോ ആയ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മുന്‍പുണ്ടായിരുന്ന 36 മണിക്കൂര്‍ എന്ന സമയപരിധി 3 മണിക്കൂറായി ചുരുക്കിയത് സര്‍ക്കാരിന്റെ കര്‍ശന നിലപാടിനെ സൂചിപ്പിക്കുന്നു. ഒരു ഉള്ളടക്കം എ.ഐ. നിര്‍മ്മിതമാണോ എന്ന് ഉപയോക്താവിനോട് ചോദിക്കാനും അത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറപ്പുവരുത്താനും പ്ലാറ്റ്ഫോമുകള്‍ ബാധ്യസ്ഥരാണ്. ഉള്ളടക്കത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള സംവിധാനവും ലേബലിംഗും നിര്‍ബന്ധമാക്കിയതിലൂടെ വ്യാജപ്രചാരണങ്ങളുടെ വേരറുക്കാന്‍ സാധിക്കും. വാട്ടര്‍മാര്‍ക്കിനായി സ്‌ക്രീന്‍ സ്‌പേസിന്റെ 10% മാറ്റിവയ്ക്കണമെന്ന മുന്‍ നിര്‍ദ്ദേശം ഒഴിവാക്കിയത് ടെക് കമ്പനികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പരിഗണിച്ചു എന്നതിന് തെളിവാണ്. എങ്കിലും, മൂന്ന് മാസത്തിലൊരിക്കല്‍ ഉപയോക്താക്കള്‍ക്ക് ശിക്ഷാ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തെ കാണിക്കുന്നു.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, അശ്ലീല ഉള്ളടക്കങ്ങള്‍, സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ തടയാന്‍ ഭാരതീയ ന്യായ സംഹിതയുമായി ഈ ചട്ടങ്ങളെ ബന്ധിപ്പിച്ചത് നിയമപാലനം കൂടുതല്‍ ശക്തമാക്കും. സാങ്കേതികവിദ്യയുടെ സര്‍ഗ്ഗാത്മകതയെ (ഉദാഹരണത്തിന് കളര്‍ കറക്ഷന്‍, നോയിസ് റിഡക്ഷന്‍) ബാധിക്കാതെ തന്നെ അതിന്റെ ദുരുപയോഗം തടയുക എന്ന സന്തുലിതമായ സമീപനമാണ് ഈ ഭേദഗതിയില്‍ കാണാന്‍ കഴിയുന്നത്.
പുതിയ നിയമപ്രകാരം എ.ഐ. ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രങ്ങളും വീഡിയോകളും ശബ്ദരേഖകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൃത്യമായി ലേബല്‍ ചെയ്യണം. ഉപയോക്താക്കള്‍ക്ക് കണ്ടാലുടന്‍ ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇതിലൂടെ ഡീപ്‌ഫേക്ക് വീഡിയോകളും സിന്തറ്റിക് ഓഡിയോകളും തിരിച്ചറിയാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അടിയന്തര സ്വഭാവമുള്ള പോസ്റ്റുകള്‍ വെറും മൂന്ന് മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണം. നേരത്തെയിത് 36 മണിക്കൂറായിരുന്നു.
ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത, പോക്‌സോ നിയമം എന്നിവ പ്രകാരം കര്‍ശന നടപടിയുണ്ടാകും. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ വമ്പന്മാര്‍ ഇനി മുതല്‍ പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നതിന് മുന്‍പ് അവ എ.ഐ. നിര്‍മ്മിതമാണോ എന്ന് ഉപയോക്താക്കളോട് ചോദിക്കണമെന്നും അത് ക്രോസ് ചെക്ക് ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു. 10 ശതമാനം സ്‌ക്രീന്‍ സ്‌പേസില്‍ വാട്ടര്‍മാര്‍ക്ക് വേണമെന്ന നേരത്തെയുള്ള നിര്‍ദ്ദേശം പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.
