ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു; അയ്യപ്പന്റെ പണമെടുത്ത് ആഗോള അയ്യപ്പ സംഗമം; ഹൈക്കോടതിയെപ്പോലും പറ്റിച്ച് ദേവസ്വം ബോര്‍ഡ്; സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ നടന്നത് കോടികളുടെ ചെലവാക്കല്‍; വീണ്ടും അന്വേഷണം വരുന്നു; കോളടിച്ചത് ഊരാളുങ്കലിന്
പത്തനംതിട്ട: ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം എടുത്ത് 'ആഗോള സംഗമം' നടത്തിയവര്‍ ഒടുവില്‍ കുടുങ്ങുന്നു. പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവാകില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവര്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ബോര്‍ഡിന്റെ ഖജനാവില്‍ നിന്ന് ചോര്‍ത്തിയ രണ്ട് കോടി രൂപ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന ഞെട്ടിക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബോര്‍ഡ് അധികൃതര്‍ക്കെതിരെ വരുംദിവസങ്ങളില്‍ കടുത്ത നിയമനടപടികള്‍ ഉണ്ടാകുമെന്നുറപ്പായി.
എല്ലാം സ്‌പോണ്‍സര്‍ഷിപ്പിലൂടെ നടന്നുകൊള്ളുമെന്നും ദേവസ്വം ഫണ്ട് തൊടില്ലെന്നുമായിരുന്നു അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം മന്ത്രി വി.എന്‍. വാസവനും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്നതൊരു പുകമറ മാത്രമായിരുന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഞ്ച് കോടി പ്രതീക്ഷിച്ച സ്ഥാനത്ത് എട്ട് കോടിയാണ് മൊത്തം ചെലവ്. ഇതില്‍ 3.4 കോടി രൂപ ഇപ്പോഴും കടമായി തുടരുകയാണ്. സ്‌പോണ്‍സര്‍മാര്‍ വരുമെന്ന് കാത്തിരുന്നിട്ട് കാര്യമില്ലെന്നും, ഭക്തരുടെ പണം തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
സംഗമത്തില്‍ തങ്ങള്‍ക്ക് ഒരു റോളുമില്ലെന്ന് കോടതിയില്‍ തടിയൂരിയ സര്‍ക്കാരിന്റെ കള്ളക്കളിയും പൊളിഞ്ഞു. മുറിവാടക ഇനത്തില്‍ 37 ലക്ഷത്തിലധികം രൂപയുടെ ബില്ല് വന്നത് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ പേരിലാണ്. സര്‍ക്കാരിന് പങ്കില്ലെങ്കില്‍ പിന്നെന്തിനാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ വഴി ബില്ലുകള്‍ പാസാക്കിയതെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി പറയേണ്ടി വരും.
വിവാദങ്ങള്‍ അവിടെയും തീരുന്നില്ല. സംഗമത്തിന്റെ പ്രധാന കരാര്‍ നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിനാണ്. ഒരു തരത്തിലുള്ള ടെന്‍ഡര്‍ നടപടികളും പാലിക്കാതെയാണ് ഈ കരാര്‍ ഉറപ്പിച്ചത്. കലാപരിപാടികള്‍ക്ക് എട്ട് ലക്ഷം ചെലവായെന്ന് കണക്കില്‍ കാണിച്ചിട്ടുണ്ടെങ്കിലും രേഖകളിലുള്ളത് വെറും രണ്ട് ലക്ഷം രൂപ മാത്രം! ബാക്കി തുക ആരുടെ പോക്കറ്റിലേക്കാണ് പോയതെന്നതില്‍ ദുരൂഹത ഏറുകയാണ്.
ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവത്തോടെയാണ് നിയമവൃത്തങ്ങള്‍ കാണുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് വരുമെന്ന് പറഞ്ഞ് ദേവസ്വം കമ്മീഷണറോട് രണ്ട് കോടി രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വീണ്ടും ഉണ്ടാകുമെന്നാണ് സൂചന. ഭക്തരുടെ പണം ധൂര്‍ത്തടിച്ചവര്‍ അഴിയെണ്ണേണ്ടി വരുമോ എന്നാണ് ഇനി അറിയേണ്ടത്.
പമ്പയില്‍ സെപ്റ്റംബറില്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് ഒരുരൂപപോലും ചെലവുവരില്ലെന്ന വാദം പൊളിയുകയാണ്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കിട്ടുമ്പോള്‍, ദേവസ്വം ഫണ്ടില്‍നിന്നെടുത്ത പണം തിരികെയടയ്ക്കാം എന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, വിചാരിച്ചതരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് വന്നില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാകുന്നത്.
തങ്ങള്‍ക്ക് ഒരു റോളുമില്ലെന്നായിരുന്നു സര്‍ക്കാര്‍വാദം. എന്നാല്‍, സംസ്ഥാന പ്രോട്ടക്കോള്‍ ഓഫീസറുടെ പേരിലാണ് 37,25,752 രൂപ സംഗമത്തിനുള്ള മുറിവാടക ബില്ല് ചെയ്തത്. 25,300 രൂപയുടെ മുറിവാടകയേ ബോര്‍ഡ് പ്രസിഡന്റിന്റെ പേരിലുള്ളൂ. ദേവസ്വം ബോര്‍ഡിനുവേണ്ടി സ്വകാര്യ ഏജന്‍സിയാണ് സംഗമത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്തത്.
2025 ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് അയ്യപ്പസംഗമത്തിന്റെ കരാര്‍ കൊടുത്തത്. ടെന്‍ഡറില്ലായിരുന്നെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരാര്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിങ്ങിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കലാപരിപാടികള്‍ക്ക് എട്ടുലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടുലക്ഷത്തിന്റെ വൗച്ചറുകളേ ഉള്ളൂ.
