സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലീല; ടൈപ്പ് റൈറ്റിംഗ് പഠിക്കുമ്പോഴുള്ള പ്രണയം വിവാഹമായി; സിപിഎം നേതാവായ ഭര്‍ത്താവ് സിപിഐക്കാരനായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറ്റ് നിഷേധിച്ചപ്പോള്‍; കവടിയാറില്‍ കോണ്‍ഗ്രസുകാരനെ സഹായിച്ചത് ഇടത് കുടുംബത്തിലെ ശാസ്തമംഗലം സബ് രജിസ്ട്രാര്‍; ലക്ഷ്മിയെ കുടുക്കിയത് ഫോണ്‍ വിളി; ഇത് സിനിമയെ വെല്ലും തട്ടിപ്പ്
തിരുവനന്തപുരം: സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലീലയായിരുന്നു. പിന്നീട് പേര് മാറ്റി ലക്ഷ്മിയായി. കള്ളിക്കാട്ടെ സാധാരണ കുടുംഹത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പഠനത്തില്‍ മിടുക്കി. ടൈപ്പ് റൈറ്റിംഗ് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹവുമായി. സിപിഎം നേതാവായിരുന്നു വരന്‍. പിന്നീട് ഭര്‍ത്താവ് സിപിഎം വിട്ട് സിപിഐിലേക്ക് മാറി. കള്ളിക്കാട്ടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ പാര്‍ട്ടി മാറ്റം. നിലവില്‍ സിപിഐയുടെ പ്രധാനിയാണ് ഇയാള്‍. അതായത് ഇടതു പശ്ചാത്തലമുള്ള കുടുംബമാണ് ലക്ഷ്മിയുടേത്. കവടിയാറിന് സമീപം ജവഹര്‍ നഗറിലെ 10 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ എസ് ലക്ഷ്മിയും മുഖ്യപ്രതിയും കോണ്‍ഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ സൈബര്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇതോടെയാണ് ഇവര്‍ അറസ്റ്റിലായത്.
ഇവരെ ആദ്യം പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു. അന്ന് അറസ്റ്റു ചെയ്യാതെ വിട്ടയച്ചു. അന്ന് മുന്‍കൂര്‍ ജാമ്യത്തിന് ആലോചനകള്‍ നടന്നുവെങ്കിലും കേസില്‍ പ്രതിയല്ലാത്തതിനാല്‍ വേണ്ടെന്നു വച്ചു. വീണ്ടും ലക്ഷ്മിയെ ചോദ്യം ചെയ്യാന്‍ അടുത്ത ദിവസം വിളിപ്പിച്ചു. അന്ന് അറസ്റ്റും രേഖപ്പെടുത്തി. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇടതു നേതാവായ ഭര്‍ത്താവ് നടത്തിയ ശ്രമമൊന്നും വിജയിച്ചുമില്ല. ലക്ഷ്മിയുടെ സാമ്പത്തിക വളര്‍ച്ചാ വഴിയും അന്വേഷിക്കും. കവടിയാര്‍ ജവഹര്‍ നഗറിലെ പത്ത് കോടിയോളം വിലവരുന്ന ആഡംബര വീടും സ്ഥലവും തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ ശാസ്തമംഗലം സബ് രജിസ്ട്രാര്‍ എസ്. ലക്ഷ്മി അറസ്റ്റിലായതോടെ പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന തട്ടിപ്പ് കഥകളാണ്.
കൈക്കൂലിയായി പത്ത് ലക്ഷം രൂപയും പത്ത് വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും വാങ്ങിയാണ് സര്‍ക്കാരിന്റെ ഉന്നത പദവിയിലിരുന്ന് ലക്ഷ്മി ഈ വന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നത്. കേസില്‍ ഒന്‍പതാം പ്രതിയായ ലക്ഷ്മിയെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തതോടെ, തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുക്കെട്ടാണ് പുറത്താകുന്നത്. കള്ളിക്കാട്ടെ ഒരു സാധാരണ കുടുംബത്തില്‍ ലീലയായി ജനിച്ച പെണ്‍കുട്ടി പിന്നീട് ലക്ഷ്മിയായി പേര് മാറ്റുകയായിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ലക്ഷ്മി ടൈപ്പ് റൈറ്റിംഗ് പഠിക്കുന്ന കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചത് ഒരു സിപിഎം നേതാവിനെയാണ്. കള്ളിക്കാട് പഞ്ചായത്തില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിന്നീട് സിപിഐയില്‍ ചേക്കേറുകയും നിലവില്‍ ആ പാര്‍ട്ടിയുടെ പ്രാദേശിക പ്രമുഖനാവുകയും ചെയ്തു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും 6000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പത്തു മുറികളുള്ള വീടുമാണ് സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഡോറയുമായി രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായും, പുനലൂര്‍ സ്വദേശി മെറിനെ ചെറുമകളായും ആള്‍മാറാട്ടം നടത്തിയാണ് പ്രമാണം രജിസ്റ്റര്‍ ചെയ്തത്. മണികണ്ഠന്റെ നിര്‍ദ്ദേശപ്രകാരം ഈ രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നത് രജിസ്ട്രാര്‍ ഓഫീസിന് പുറത്തുവെച്ചാണ്. സാക്ഷികളെ നേരില്‍ കാണുകയോ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാതെ ലക്ഷ്മി കണ്ണടച്ച് ഒപ്പിട്ടു നല്‍കുകയായിരുന്നു.
2025 ജനുവരി 27-ന് പ്രതികളിലൊരാളായ അനില്‍ തമ്പിയുടെ വീട്ടിലെത്തി ലക്ഷ്മി ഗൂഢാലോചനയില്‍ പങ്കെടുത്തതായി സൈബര്‍ സെല്‍ കണ്ടെത്തി. അന്ന് രാത്രി 7 മണി മുതല്‍ 10 മണി വരെ ലക്ഷ്മിയും മണികണ്ഠനും നിരന്തരം ഫോണില്‍ സംസാരിക്കുകയും ലൊക്കേഷന്‍ ഒരേ സ്ഥലത്തായിരിക്കുകയും ചെയ്തു. ഈ ആനുകൂല്യങ്ങള്‍ക്കൊക്കെ പകരമായാണ് 10 ലക്ഷം രൂപയും 10 ഐഫോണുകളും ഉദ്യോഗസ്ഥ കൈപ്പറ്റിയത്. തട്ടിപ്പ് പുറത്തായപ്പോള്‍ പോലും മേലുദ്യോഗസ്ഥര്‍ക്ക് പ്രതികളെ രക്ഷിക്കുന്ന തരത്തിലുള്ള വ്യാജ റിപ്പോര്‍ട്ടാണ് ലക്ഷ്മി സമര്‍പ്പിച്ചത്.
ആദ്യം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് ലക്ഷ്മിക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഭര്‍ത്താവ് വഴി ഇടത് കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ഒതുക്കാന്‍ നോക്കിയെങ്കിലും പോലീസിന്റെ പക്കലുള്ള ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ ലക്ഷ്മിയെ കുടുക്കി. ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചുവരുത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മിയുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും ബിനാമി ഇടപാടുകളെക്കുറിച്ചും വരും ദിവസങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും.
