നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു; ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്; മനുഷ്യത്വത്തിന് വില കല്‍പ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടത്; കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറയുന്നു

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു

Update: 2025-08-17 13:48 GMT

കോഴിക്കോട്: യെമെനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷത്തില്‍ വീണ്ടും പ്രതികരിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയ വിഷയത്തില്‍ താന്‍ നടത്തിയ ഇടപെടലുകളെ സംബന്ധിച്ചും പുരോഗതിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമക്കി. സര്‍ക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രിസാല അപ്‌ഡേറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ഇനി ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ അത് ചെയ്യുമെന്നാണ് വിശ്വാസം. മാനവികത ഉയര്‍ത്തിപ്പിടിക്കലാണ് ലക്ഷ്യം. മുസ്ലിം- ഹിന്ദു - ക്രിസ്ത്യന്‍ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കല്‍പ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമെന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ.

വിധി നടപ്പാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചിരുന്നു. ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അറിയിച്ചത്. വധശിക്ഷ നീട്ടിവച്ച വിവരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകര്‍പ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നിമിഷപ്രിയ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതിയും അറിയിച്ചിരുന്നു. മോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിമിഷയുടെ വശധിക്ഷ മരവിപ്പിച്ചതടക്കം കാര്യങ്ങളും കോടതിയെ അറിയിച്ചു.

കോടതിയില്‍ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജി എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

നിമിഷപ്രിയയുടെ വധശിക്ഷ 2025 ജൂലൈ 16 നാണ് താത്കാലികമായി നിര്‍ത്തിവച്ചതായുള്ള അറിയിപ്പ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടില്‍ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിന് മെഹ്ദി കത്ത് കൈമാറിയിരുന്നു. എല്ലാ മധ്യസ്ഥ ചര്‍ച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തില്‍ പറയുന്നുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് കത്തിന്റെ പകര്‍പ്പ് മെഹ്ദി പങ്കുവച്ചത്.

Tags:    

Similar News