'വധശിക്ഷ റദ്ദാക്കി, നിമിഷപ്രിയ ജയില്‍മോചിതയാകുമെന്ന അവകാശവാദവുമായി സുവിശേഷകന്‍; വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന പ്രതികരണവുമായി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി; നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ സാമുവല്‍ ജറോം വീട്ടുതടങ്കലില്‍ ആക്കിയെന്ന ആരോപണം തള്ളി യുവതിയുടെ ഭര്‍ത്താവ് ടോമി തോമസ്
നിമിഷപ്രിയ കേസില്‍ സംഭവിക്കുന്നത്
സന: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദത്തെ പരിഹസിച്ച് തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സുവിശേഷകന്‍ ഡോ. കെ.എ പോളാണ് ഈ അവകാശവാദം ഉന്നയിച്ചത്. യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശക്തമായ ശ്രമത്തിനൊടുവില്‍ വധശിക്ഷ റദ്ദാക്കിയെന്നായിരുന്നു അവകാശവാദം. നിമിഷപ്രിയയെ മോചിപ്പിക്കുമെന്നും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് ഡോ.കെ.എ.പോള്‍ വീഡിയോയില്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയായാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്. ' ഇന്ത്യന്‍ സ്രോതസ്: ഇന്ത്യന്‍ നഴ്‌സിനെ ഉടന്‍ വിട്ടയയ്ക്കും. ഒരു യെമനി സ്രോതസ്, അതായത് ഞാന്‍: ഇന്ത്യന്‍ 'രോഗത്തിന്റെ' വധശിക്ഷ ഉടന്‍ നടപ്പാക്കും'.
അതേസമയം, പോളിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും വ്യാജവുമാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വിഷയത്തില്‍ നേരിട്ട് ഇടപെട്ടവര്‍ക്ക് യെമന്റെ ആചാരങ്ങളെക്കുറിച്ച് നന്നായി അറിയാം. സഹോദരന്‍ തലാലിന്റെ രക്തത്തോട് അവര്‍ക്ക് വേണ്ടത്ര ബഹുമാനവുമുണ്ട്. അബ്ദുള്‍ ഫത്താഹിന്റെ കുടുംബത്തെ അപമാനിക്കുന്ന ഒരു പ്രവൃത്തിയും അവര്‍ ചെയ്യില്ലെന്നും സാമുവല്‍ ജെറോം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഈ ആളുകളുടെ പ്രവൃത്തി നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷമാണ് ചെയ്യുന്നതെന്നും സാമുവല്‍ ജെറോം കുറിച്ചു.
നിമിഷപ്രിയയുടെ അമ്മ വീട്ടുതടങ്കലില്ല
അതിനിടെ സാമുവല്‍ ജെറോമിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് രംഗത്തെത്തി. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ആദ്യഘട്ടചര്‍ച്ചകള്‍ക്കു നല്‍കിയ 40,000 ഡോളര്‍ സാമുവല്‍ ദുരുപയോഗിച്ചെന്നും അമ്മയെ വീട്ടുതടങ്കലിലാക്കിയെന്നുമാണ് ആരോപണങ്ങള്‍.
സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സ്വരൂപിച്ച 40,000 ഡോളര്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് വഴി യെമനില്‍ കേസ് നടത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനാണ് കൈമാറിയതെന്ന് ടോമി തോമസ് അറിയിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ വീട്ടുതടങ്കലിലാണെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ടോമി വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മറ്റു താല്‍പ്പര്യങ്ങളുണ്ടെന്നും ടോമി കുറ്റപ്പെടുത്തി.
പ്രേമകുമാരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ യെമനില്‍ തടവിലോ വീട്ടുതടങ്കലിലോ ആരുടെയെങ്കിലും കസ്റ്റഡിയിലോ അല്ല. കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി ഹോള്‍ഡര്‍ ആയ സാമുവല്‍ ജെറോമിന്റെ സംരക്ഷണയില്‍ തന്റെ അറിവും സമ്മതത്തോടും കൂടിയാണ് അവര്‍ യെമനില്‍ തുടരുന്നത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടിട്ടുള്ള കേസ് അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ വിവാദങ്ങള്‍ക്ക് സ്ഥാനമോ സമയമോ ഇല്ലെന്നും മോചനത്തിനായി എല്ലാവരും നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ടോമി വ്യക്തമാക്കി.
യെമന്‍ പൗരനെ വധിച്ചെന്ന കേസില്‍ ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷം കാന്തപുരം അടക്കം വിവിധ തലത്തില്‍ നടത്തിയ ഇടപെടലിലാണ് വധശിക്ഷ നീട്ടിയത്.