'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട': കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ്; ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി; ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്ന് ക്‌ളീമിസ് ബാവ; ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമാകുന്നു

'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട'

Update: 2025-07-30 15:39 GMT

കണ്ണൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യം കൂടി കിട്ടാതെ വന്നതോടെ സംസ്ഥാനത്ത് ക്രൈസ്തവ സംഘടനകളുടെയും സഭകളുടെയും പ്രതിഷേധം ശക്തമാകുന്നു. 'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട' എന്ന് തുടങ്ങുന്ന മുദ്രാവാക്യം മുഴക്കിയാണ് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയത്. കരുവഞ്ചാലിലെ പ്രതിഷേധത്തിനിടെയായിരുന്നു സംഘപരിവാറിനെതിരായ മുദ്രാവാക്യം. 'തിരുവസ്ത്രത്തിന്‍ ശോഭ കണ്ടാല്‍ ഭ്രാന്ത് പിടിക്കും സംഘികളെ, കാരുണ്യത്തിന്‍ കൈകളില്‍ നിങ്ങള്‍ കൈവിലങ്ങു വെച്ചില്ലേ' തുടങ്ങിയ വരികളും ഇടം പിടിച്ചു.

ബജ്രംഗ് ദള്‍ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡില്‍ പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നതെന്നും അവരെ നിലക്കുനിര്‍ത്താന്‍ ഭരിക്കുന്നവര്‍ തയ്യാറാകണമെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാംപ്ലാനി. കേക്കും ലഡുവുമായി തന്റെ അരമനയില്‍ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം പാംപ്ലാനി തുറന്നടിച്ചു.


വിഷയത്തില്‍ എം വി ഗോവിന്ദന്‍ പക്കാരാഷ്ട്രീയം പറയുകയാണ്. എന്നാല്‍, ഛത്തീസ്ഗഡില്‍ സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തെ സഭ രാഷ്ട്രീയമായി കാണുന്നില്ല. ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തിലും അധികാരത്തിന്റെ തണലിലും സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ല. കാലം മാപ്പ് നല്‍കാത്ത കാപാലികത്വമാണ് നടക്കുന്നത്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നാടകം ഇനിയും വിശ്വസിക്കില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകള്‍ മാര്‍ച്ച് നടത്തി. സംഭവത്തില്‍ വിവിധ സഭകള്‍ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷന്‍ മാര്‍ ക്ലീമ്മിസിന്റെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

കന്യാസ്ത്രീകളുടെ നീതിക്കൊപ്പം നില്‍ക്കേണ്ട സമയമാണെന്നും, ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്നും ക്‌ളീമിസ് ബാവ പ്രതികരിച്ചു

ജാമ്യത്തിന് തടസ്സം ഛത്തീസ്ഗഡ് സര്‍ക്കാര്‍ നിലപാടുകള്‍

മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ തടസ്സമായത് ഛത്തിസ്ഗഡ് സര്‍ക്കാറിന്റെ നിലപാടുകളാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന ബിജെപി നേതാക്കളുടെ വാക്കുകകള്‍ വെറുംവാക്കായി. കന്യാസ്ത്രീകളുടെ ജാമ്യം അനുവദിക്കുന്നതിനെ ഛത്തിസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തു. എതിര്‍പ്പ് ജഡ്ജിക്ക് എഴുതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതത്. വിധി പ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവും ശക്തമാകുകയാണ്. ജാമ്യത്തെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് തള്ളുന്നതാണ് വിധി പകര്‍പ്പ്.

ദുര്‍ഗിലെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കന്യസ്ത്രീകള്‍ക്കു വേണ്ടി അഭിഭാഷകന്‍ വാദം നിരത്തി. അതിനെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അതിശക്തമായി എതിര്‍ക്കുകയായിരുന്നു. സെഷന്‍ 143 പ്രകാരം ഈ കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അവകാശമില്ലെന്നും ജാമ്യഹര്‍ജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

ദുര്‍ഗിലെ ജയിലില്‍ റിമാന്‍ഡില്‍കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ വന്‍ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യംനല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.

സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരാണ് ഛത്തീസ്ഗഢില്‍ അറസ്റ്റിലായത്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.


ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

Tags:    

Similar News