എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്; എന്തിനാണ് പിവി അന്‍വറിനെ വെച്ചുകൊണ്ടിരിക്കുന്നത്? പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസമെന്നും വിഡി സതീശന്‍
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് വിഡി സതീശന്‍
കൊച്ചി: ആര്‍എസ്എസ് നേതാക്കളെ എഡിജിപി എംആര്‍ അജിത് കുമാര്‍ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് നേതാവിനെ കണ്ട ഉദ്യോഗസ്ഥനെതിരെ ചെറു വിരല്‍ അനക്കിയില്ല. മുഖ്യമന്ത്രിയുടെ ദൂതന്‍ അല്ല എഡിജിപി എങ്കില്‍ എന്ത് കൊണ്ട് നടപടി ഇല്ല എന്നും വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ തുടരാന്‍ അര്‍ഹതയില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞു. ഇതിനു മാധ്യമപ്രവര്‍ത്തകര്‍ നന്ദി പറയേണ്ടത് പ്രതിപക്ഷത്തോടാണ്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും സംസാരിച്ചത് മാധ്യമങ്ങള്‍ക്കെതിരെയാണ്. വ്യാജ വാര്‍ത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കു അകം എന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് തുടരന്‍ ആകില്ലെന്ന് തെളിഞ്ഞു. അതിനാല്‍ സ്ഥാനം ഒഴിയണം. തൃശൂര്‍ പൂരം വിവാദത്തില്‍ അന്വേഷണത്തിന് വീണ്ടും സമയം നീട്ടി കൊടുത്തു.
തൃശ്ശൂര്‍ പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് അഞ്ച് മാസം കഴിഞ്ഞും റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്തിനാണ് പിണറായി ആ കസേരയില്‍ ഇരിക്കുന്നത്. അദ്ദേഹത്തെക്കൊണ്ട് പോലീസിനെ നിയന്ത്രിക്കാന്‍ പറ്റില്ല. മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു റിപ്പോര്‍ട്ടും കിട്ടില്ല. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞുകൊടുക്കണം. അതോ, പൂരം കലക്കിയത് യഥാര്‍ഥത്തില്‍ അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതിയാകും എന്ന ഭയംകൊണ്ടാണോ അന്വേഷിക്കാത്തത്. ഒരു അന്വേഷണം നടക്കുന്നില്ലെന്ന് മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ബലിയാടാക്കി. ആ ഉദ്യോഗസ്ഥനെ വെച്ച് അന്വേഷിക്കാനാകില്ലെന്നാണ് പറയുന്നത്. എന്നാല്‍, ആരോപണവിധേയനായ എ.ഡി.ജി.പിയെ നിലനിര്‍ത്തി അന്വേഷിക്കാം.
ആര്‍ടിഐ രേഖകള്‍ സത്യം പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥനെ നടപടി എടുത്തു. തന്റെ പാര്‍ട്ടിയിലെ വിരുദ്ധകര്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. പിവി അന്‍വര്‍ എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ അക്കാര്യം തെളിഞ്ഞു. ഭരണകക്ഷി എംഎല്‍എക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുകയാണ്. കോണ്‍ഗ്രസ് സ്വഭാവം എങ്കില്‍ എന്തിനു അന്‍വറിനെ വെച്ചോണ്ട് ഇരിക്കുന്നുവെന്നും വിഡി സതീശന്‍ ചോദിച്ചു. അന്‍വറിന്റെ പകുതി ആരോപണങ്ങള്‍ അന്വേഷിക്കുകയും ബാക്കി തള്ളിപറയുകയും ചെയ്യുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ല.
ആര്‍എസ്എസിന് സിപിഎം കൊടുത്ത പിന്തുണയുടെ തുടര്‍ച്ചയാണിത്. പൂരം കലക്കാന്‍ മുഖ്യമന്ത്രിയും കൂട്ടുനിന്നു. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പില്‍ സഹായിച്ചു. വയനാട് ദുരന്തത്തില്‍ ഇല്ലാത്ത കണക്ക് ഉണ്ടാക്കിയാണ് നല്‍കിയത്. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നത് അതെ പോലെ ഒപ്പിട്ട് നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. ഇന്നത്തെ മറുപടി പ്രതിപക്ഷത്തിന് അല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ എതിരാളികള്‍ക്കെതിരെയാണ് മറുപടി. മുഖ്യമന്ത്രി അന്‍വറിനെ ആവശ്യത്തിന് ഉപയോഗിച്ച് ഇപ്പോള്‍ തള്ളിപറയുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
തന്റെ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി കൊടുത്തിരിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാനാകില്ലെന്നാണ് പറഞ്ഞത്. ഫോണ്‍ ചോര്‍ത്തുന്നത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗുരുതര ആരോപണം കൂടെ മുഖ്യമന്ത്രി ഉന്നയിച്ചു, കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് പോലീസ് പിടിച്ചപ്പോള്‍ ഒരുപാട് പേര്‍ക്ക് വേദനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാണെന്ന് വളരെ വ്യക്തമാണ് അപ്പോള്‍. മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എയ്ക്കെതിരെ തന്നെ ആരോപണം ഉന്നയിക്കുകയാണ്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി എന്ന് വ്യാജപ്രചരണം നടത്തിയത് ദേശാഭിമാനിയാണെന്ന് ഈ മുഖ്യമന്ത്രിയുടെ പോലീസ് തന്നെ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.