യുകെയിലെ ഏറ്റവും മികച്ച മൂന്ന് യൂണിവേഴ്‌സിറ്റിയുടെ പട്ടികയില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും പുറത്ത്; ഒന്നാം റാങ്ക് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കൊണോമിക്‌സ് നേടിയപ്പോള്‍ രണ്ടാമത് സെന്റ് ആംഡ്റൂസും മൂന്നാമത് ഡറം യൂണിവേഴ്സിറ്റിയും: ഇവ മികച്ച യൂണിവേഴ്‌സിറ്റികള്‍

യുകെയിലെ ഏറ്റവും മികച്ച മൂന്ന് യൂണിവേഴ്‌സിറ്റിയുടെ പട്ടികയില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും പുറത്ത്

Update: 2025-09-20 02:45 GMT

ലണ്ടന്‍: ഇന്ത്യാക്കാര്‍ക്ക് ഏറെ ആത്മബന്ധമുള്ള, ഇന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്ന ഓക്സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകള്‍ ബ്രിട്ടനിലെ ഏറ്റവും മികച്ച മൂന്ന് സര്‍വ്വകലാശാലകളുടെ പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നു. ഇതാദ്യമായാണ് ഈ യൂണിവേഴ്സിറ്റികള്‍ക്ക് മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നത്. ടൈംസും സണ്‍ഡേ ടൈംസും ചേര്‍ന്ന് തയ്യാറാക്കുന്ന ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് 2026 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് (എല്‍ എസ് ഇ) തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തി.

യൂണിവേഴ്സിറ്റി ഓഫ് ആന്‍ഡ്രൂസ് രണ്ടാം സ്ഥാനത്തും ഡറം യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തുമാണുള്ളത്. ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്‍-. ടൈംസ് ഈ പട്ടിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ 32 വര്‍ഷക്കാലത്തിനിടയില്‍ ഇതാദ്യമായാണ് ഈ രണ്ട് പ്രമുഖ യൂണിവേഴ്സിറ്റികളും, മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇല്ലാതെ പോകുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷം തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിന്നും പുറത്തായപ്പോള്‍ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ലണ്ടന്‍സ്‌കൂള്‍ ഓഫ് എക്കണോമിക്സ് കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്ത് എത്തുകയും സെയിന്റ് ആന്‍ഡ്രൂസ് രണ്ടാം സ്ഥനത്ത് എത്തുകയും ചെയ്തതോടെയാണ് കേംബ്രിഡ്ജ് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ഡറം യൂണിവേഴ്സിറ്റി ഈവര്‍ഷം മൂന്നാം സ്ഥാനത്ത് എത്തിയതോടെ 2026 ലെ യൂണിവേഴ്സിറ്റി ഓഫ് ദി ഇയര്‍ പദവിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏറെ ശക്തമായ മത്സരം നിലനില്‍ക്കുന്ന മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് രണ്ട് സ്ഥാനങ്ങള്‍ മുന്നേറിയാണ് ഡറം യൂണിവേഴ്സിറ്റി ഈ നേട്ടം കൈവരിച്ചതെന്ന് ടൈംസ് ആന്‍ഡ് സണ്‍ഡേ ടൈംസ് ഗുഡ് യൂണിവേഴ്സിറ്റി ഗൈഡ് എഡിറ്റര്‍ ഹെലെന്‍ ഡേവിസ് പറഞ്ഞു.

ഈ കുതിച്ചു കയറ്റത്തിനിടയില്‍ കേംബ്രിഡ്ജും, ഓക്സ്‌ഫോര്‍ഡും പോലുള്ള, മികച്ച പാരമ്പര്യം അവകാശപ്പെടുന്ന രണ്ട് യൂണിവേഴ്സിറ്റികളെ നാലാം സ്ഥാനത്തേക്ക് തള്ളാനും അവര്‍ക്കായി. അധ്യാപന മികവിലും, വിദ്യാര്‍ത്ഥി അനുഭവത്തിലും മെച്ചപ്പെട്ട തലങ്ങള്‍ കൈവരിച്ചുകൊണ്ടാണ് ഡറം യൂണിവേഴ്സിറ്റി ഈ നേട്ടം കരസ്ഥമാക്കിയത്.ടൈംസും സണ്‍ഡേ ടൈംസും യഥാക്രമം 1993 ഉം 1998 ഉം മുതല്‍ സമഗ്രമായ യൂണിവേഴ്സിറ്റി ഗൈഡുകള്‍ പുറത്തിറക്കുന്നുണ്ട്. പഠന നിലവാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംതൃപ്തി, അനുഭവം,, പ്രവേശനത്തിനുള്ള മാനദണ്ഡം, ഗവേഷണ മികവ്, സുസ്ഥിരത തുടങ്ങി നിരവധി ഘടകങ്ങള്‍ വിശകലനം ചെയ്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.

അക്കാദമിക രംഗത്തെ മികച്ച പ്രകടനത്തിനുള്ള യൂണിവേഴ്സിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡും, റസ്സക് ഗ്രൂപ്പ് യൂണിവേഴ്സിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡും ഈ വര്‍ഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന് ലഭിച്ചിരുന്നു. പുതിയ പട്ടികയില്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ആറാം സ്ഥാനത്തും യൂണിവേഴ്സിറ്റി ഓഫ് ബാത്ത്, യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്ക്, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോള്‍ എന്നിവ യഥാക്രമം തൊട്ടു പുറകിലുള്ള സ്ഥാനങ്ങളിലും എത്തി.

Tags:    

Similar News