ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ഹാജറായി പി പി ദിവ്യ; എനിക്കൊന്നും പറയാനില്ല, മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒപ്പിട്ട് മടക്കം; ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി കാണിച്ച് നീലക്കാറില്‍ മടങ്ങി

ജാമ്യ വ്യവസ്ഥ പ്രകാരം പോലീസ് സ്‌റ്റേഷനില്‍ ഹാജറായി പി പി ദിവ്യ

Update: 2024-11-11 07:17 GMT

കണ്ണൂര്‍: മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ.ഡി.എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി പി.പി. ദിവ്യ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി. തിങ്കളാഴ്ച്ച രാവിലെ 10.30നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍എസ്.ച്ച്.ഒ ശ്രീജിത്ത് കോടെരിയുടെ മുന്‍പില്‍ ഹാജരായി ഒപ്പിട്ടത്.

എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ 11 വരെയുള്ള സമയത്തിനുള്ളില്‍ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയില്‍ കോടതി ഉത്തരവിട്ടിരുന്നു. അര മണിക്കൂറോളമാണ് ദിവ്യ സ്റ്റേഷനില്‍ ചില വഴിച്ചത്. ദിവ്യ ഒപ്പിടാന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് വന്‍ മാധ്യമപ്പട തന്നെ സ്റ്റേഷനിലെത്തിയിരുന്നു എന്തെങ്കിലും പറയാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും എനിക്കൊന്നും പറയാനില്ലെന്നായിരുന്നു ദിവ്യയുടെ മറുപടി 'പെട്ടെന്ന് തന്നെ അവര്‍ ടൗണ്‍ സ്റ്റേഷന് മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ കയറി പോവുകയും ചെയ്തു.

ഇതിനിടെയില്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ തന്നെ കാണാനായി കാത്തുനിന്ന സഹപ്രവര്‍ത്തകരോട് കൈ വീശി യാത്ര പറഞ്ഞാണ് ദിവ്യ അഭിഭാഷകന്റെ നീലക്കാറില്‍ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകര്‍. പ്രദേശിക നേതാക്കള്‍ എന്നിവര്‍ ദിവ്യയോടൊപ്പമുണ്ടായിരുന്നു. നേരത്തെ തനിക്കെതിരെയുള്ള പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയില്‍ പി.പി ദിവ്യ അതൃപ്തി പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ വന്നുവെങ്കിലും ദിവ്യ അക്കാര്യം നിഷേധിക്കുകയായിരുന്നു.

അതേസമയം പി പി ദിവ്യക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ പി.പി ദിവ്യ വിഷയം ചില പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. സമ്മേളന പ്രതിനിധികളില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് ബോധം കാത്തുസൂക്ഷിക്കുന്നതില്‍ ദിവ്യ യ്ക്ക് വീഴ്ച പറ്റിയെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. പയ്യന്നൂരില്‍ തുടങ്ങി തളിപ്പറമ്പ്, പെരിങ്ങോം, അഞ്ചരക്കണ്ടി, പിണറായി ഏരിയാ സമ്മേളനങ്ങള്‍ സി.പി. എം പിന്നിട്ടിരിക്കുകയാണ്. ഇതില്‍ പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് കൂടുതല്‍ വിമര്‍ശനം ദിവ്യ യ്ക്കെതിരെ ഉയര്‍ന്നത്.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മേല്‍ കമ്മിറ്റിക്കായി പ്രതിനിധി ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞതും എം.വി ജയരാജന്‍ തന്നെയായിരുന്നു. എ.ഡി. എമ്മിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ പി.പി ദിവ്യയെ ന്യായീകരിക്കാതെയും എ.ഡി. എമ്മിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കിയുമായിരുന്നു എം.വി ജയരാജന്റെ മറുപടി. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.

എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാര്‍ഢ്യവും പാര്‍ട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതില്‍ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാര്‍ട്ടി നടപടി മാത്രമാണ്. പാര്‍ട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജന്‍ ചോദിച്ചു. മറ്റു ചില സമ്മേളനങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിട്ടും ദിവ്യ പഴയ എസ്. എഫ്ഐ ശൈലി മാറ്റാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്ന് ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

കാറില്‍ മെയ്ക്കപ്പ് കിറ്റുമായി സിനിമാ താരത്തെപ്പോലെ സഞ്ചരിച്ച വനിതാ നേതാവായിരുന്നു പി.പി ദിവ്യ. വസ്ത്രധാരണത്തിലും പുറംപകിട്ടിലുമാണ് കമ്യൂണിസ്റ്റുകാരിയായ അവര്‍ ശ്രദ്ധ പതിപ്പിച്ചത്. തന്റെ വ്യക്തിഗതമായ ഈഗോയാണ് നവീന്‍ ബാബുവെന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെ യാത്രയയപ്പ് യോഗത്തില്‍ അപമാനിച്ചതിലൂടെ പ്രകടിപ്പിച്ചത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തില്‍പ്പോയി ഉന്നത ഉദ്യോഗസ്ഥനും പാര്‍ട്ടി കുടുംബത്തിലെ അംഗവുമായ ഒരാളെ അപമാനിക്കാന്‍ ദിവ്യ യ്ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിനിധികളില്‍ ചിലര്‍ ചോദിച്ചു.

ദിവ്യയെ തുടക്കത്തിലെ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കേണ്ടി വന്നതെന്ന് തളിപ്പറമ്പ് സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ വേളയില്‍ പി.പി ദിവ്യ പുതിയ ഇന്നോവ കാറിന് വേണ്ടി വാശി പിടിച്ചു, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി നടിച്ചുവെന്നും ഈക്കാര്യം ഇഷ്ടക്കാരായ ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നുവെന്നും ചിലര്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിന്റെ അതൃപ്തിയില്‍ ദിവ്യ കാസര്‍കോട് മണ്ഡലത്തിലാണ് എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിച്ചതെന്നും ഇതൊന്നും നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശനം ഉയര്‍ന്നത്.

Tags:    

Similar News