കാത്തു നിന്ന ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു പോലീസ് നീക്കം; ഒരു ഇല പോലും അറിയാതെ കണ്ണപുരത്തു നിന്നും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പി പി ദിവ്യയെ എത്തിച്ചു; കീഴടങ്ങാന്‍ ദിവ്യ എത്തിയത് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം; പോലീസ് കാര്യങ്ങള്‍ കൃത്യമായി ചെയ്‌തെന്ന് കമ്മീഷണര്‍
കാത്തു നിന്ന ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു പോലീസ് നീക്കം
കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം കണ്ണൂരില്‍ എത്തിച്ചു. കണ്ണപുരത്ത് കീഴടങ്ങിയ ദിവ്യയെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. ചാനല്‍ കാമറകളുടെ കണ്ണുവെട്ടിച്ചു കൊണ്ടാണ് ദിവ്യയെ എത്തിച്ചത്. ഒരു ഇല പോലും അറിയാതെ കണ്ണപുരത്തു നിന്നും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ പി പി ദിവ്യയെ എത്തിച്ചത്. ഇതോടെ ഉന്നത സിപിഎം നേതാവിനുള്ള പരിഗണന തന്നെ സിപിഎം ദിവ്യക്ക് നല്‍കി.
രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പം കീഴടങ്ങാന്‍ എത്തിയിരുന്നു. ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണര്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷന്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണര്‍ പറഞ്ഞു.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചത്. ചോദ്യംചെയ്യലിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
ദിവ്യയ്‌ക്കെതിരായ നടപടി പോലീസ് നീട്ടിക്കൊണ്ടുപോവുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അറസ്റ്റു ചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതിവിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു.
ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങല്‍ നീട്ടിക്കൊണ്ട് പോവുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് ദിവ്യയ്‌ക്കെതിരേ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.
യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം.
നവീന്‍ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്. ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടു വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചിരുന്നു. നവീന്റെ പത്തനംതിട്ടയിലെ വീട്ടിലും പ്രസംഗ ദൃശ്യം പ്രചരിപ്പിച്ചു. ഇതിലൂടെ ദുരുദ്ദേശ്യം വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ ബാബു അപമാനിതനായി. അഴിമതിയെക്കുറിച്ച് അറിവു ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.