അച്ചടക്ക നടപടിയില്‍ സിപിഎമ്മില്‍ നിന്നും പുറത്തായ പികെ ശശി; കെടിഡിസിയില്‍ നിന്നും ശശിയെ പുറത്താക്കി സരിനെ അകത്താക്കും! കോണ്‍ഗ്രസ് വിട്ടുള്ള പാലക്കാടന്‍ ഭാഗ്യ പരീക്ഷണം പാളിയെങ്കിലും സഖാവായതില്‍ നിരാശനാകേണ്ടി വരില്ല; സരിന് 'പൊതുമേഖലയില്‍' പദവി; പാര്‍ട്ടി അംഗത്വവും നല്‍കിയേക്കും

Update: 2024-11-30 02:26 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുവന്ന പി. സരിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎമ്മില്‍ ആലോചന. ഏതെങ്കിലുമൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ അധ്യക്ഷപദവി സരിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയെ അച്ചടക്കനടപടിയെടുത്ത് സിപിഎം മാറ്റിനിര്‍ത്തിയിരിക്കുന്നതിനാല്‍, ആ പദവിയില്‍നിന്നു നീക്കണമെന്ന ആവശ്യം ശക്തമാണ്. ശശിയെ മാറ്റിയാല്‍ സരിന്‍ ആ പദവിയില്‍ എത്തും.

സരിന് ഉചിതമായ പദവി നല്‍കുമെന്ന് സി.പി.എം. നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ സരിന്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കണ്ടു. പാര്‍ട്ടിയിലും ഉചിതമായ സ്ഥാനം സരിന് നല്‍കും. സരിന് സിപിഎം അംഗത്വം കൊടുക്കാനും സാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാലക്കാടുതന്നെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ഉപദേശം. ദൈനംദിനരാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അവസരമൊരുക്കണമെന്ന് സരിന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് ഉചിതമായ പദവി ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മില്‍ ചേരുന്നതിനും സരിന് എതിര്‍പ്പില്ലെന്നാണ് സൂചന. സരിന് ഡി.വൈ.എഫ്.ഐ.യില്‍ പ്രൊഫഷണല്‍ വിഭാഗത്തിന്റെ ചുമതല നല്‍കി സംഘടനയുടെ സംസ്ഥാനസമിതിയില്‍ എത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. സി.ഐ.ടി.യു.വില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ആലോചനയിലുണ്ട്.

ഇതിനൊപ്പം സരിന്റെ പ്രൊഫഷണല്‍ മികവ് പരിഗണിച്ച് പൊതുമേഖലാ സ്ഥാപന ചുമതലയും നല്‍കും. നേരത്തേ കോണ്‍ഗ്രസ് വിട്ടുവന്ന കെ.പി. അനില്‍കുമാറിന് ഒഡെപെക്കിന്റെ ചെയര്‍മാന്‍ പദവി നല്‍കിയിരുന്നു. സി.പി.എം. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാക്കി. ആ മാതൃക സരിന്റെ കാര്യത്തിലുമുണ്ടാകും. അടുത്ത കാലത്ത് സിപിഎമ്മില്‍ സജീവമായ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറിനെ കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ ക്ഷണിതാവാക്കിയിരുന്നു. സിപിഎം സോഷ്യല്‍ മീഡിയയുടെ ചുമതലയും നല്‍കി.

സരിന്‍ ആദ്യമായി എകെജി സെന്ററിലെത്തിയപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം എ.കെ ബാലന്‍, മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സരിന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വാഭാവികമായും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാപരമായ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി സംഘടനാപ്രവര്‍ത്തനത്തിലേക്കും പൂര്‍ണമായി വരാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ഏല്‍പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് ഡോ. പി സരിനും പറഞ്ഞു. പദവികള്‍ അല്ല, ഉത്തരവാദിത്വം ആണ് താന്‍ ആസ്വദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താന്‍ പാര്‍ട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതില്‍ തന്നെ ഉറച്ച് നില്‍കുമെന്നും സരിന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടുക പോലും സങ്കീര്‍ണമായ കാര്യമാണ്. അതെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യം ഉണ്ട്. ഇടത് മനസ്സ് കൊണ്ട് നടന്നയാള്‍ പൂര്‍ണമായും ഇടതുപക്ഷമാകുന്നു. പദവികള്‍ അല്ല ഉത്തരവാദിത്തം ആണ് താന്‍ ആസ്വദിക്കുന്നതെന്നും പി സരിന്‍ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായി തുടരും. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ കൊണ്ടുനടക്കുന്ന ആളല്ല താന്‍ അതുകൊണ്ട് തന്നെ ചുമതലകളെ പറ്റി ചിന്തിക്കുന്നില്ല. ജില്ല കമ്മറ്റി അംഗം ആകുമെന്ന് പ്രചരണം പാര്‍ട്ടിയെ കുറിച്ച് അറിയാത്തവര്‍ നടത്തുന്നതാണ്. 2025, 2026 വര്‍ഷങ്ങള്‍ കേരളത്തിന് അതീവ നിര്‍ണായകമാണെന്നും കേരളത്തിന്റെ ഭാവിയെ വാര്‍ത്തെടുക്കുന്ന വര്‍ഷങ്ങളാണിവയെന്നും സരിന്‍ കൂട്ടിചേര്‍ത്തു.

Tags:    

Similar News