ആഡംബര മാളികയും എസ്യുവികളും നീന്തല്‍ക്കുളവുമുള്ള യാചക കുടുംബങ്ങള്‍; പാക്കിസ്ഥാനില്‍നിന്നുള്ള 'പ്രൊഫഷണല്‍ ബെഗ്ഗേഴ്സിനെ' പുറത്താക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; സൗദി മാത്രം തിരിച്ചയച്ചത് 56,000 പേരെ; പാക്കിസ്ഥാനിലെ ലാഭമുള്ള ഏക 'വ്യവസായമായി' ഭിക്ഷാടനം മാറുമ്പോള്‍!
പാക്കിസ്ഥാനിലെ ലാഭമുള്ള ഏക 'വ്യവസായമായി' ഭിക്ഷാടനം മാറുമ്പോള്‍!
\ഇസ്ലാമബാദ്: 2025 ഫെബ്രുവരിയില്‍ പാക്കിസ്ഥാനില്‍ നിന്ന് വന്ന വൈറലായ ഒരു വീഡിയോ ഞെട്ടിക്കുന്നതായിരുന്നു. ഡോക്ടറായ ഒരു പാക്കിസ്ഥാനി സ്ത്രീ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷമാണ് അമ്പരപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. ഭര്‍ത്താവിന്റെ മണിമാളികയും, എസ്യുവികളും നീന്തല്‍ക്കുളവും മറ്റ് ആഡംബര വസ്തുക്കളുമെല്ലാം ഭിക്ഷാടനത്തിലൂടെ നേടിയെടുത്തതായിരുന്നു! അതെ... അവരെ വിവാഹം കഴിച്ചത് യാചകരുടെ കുടുംബത്തിലേക്കായിരുന്നു.
സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന പാക്കിസ്ഥാനില്‍ ഭിക്ഷാടനവും വമ്പന്‍ ബിസിനസാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള യാചകരുടെ 'പ്രൊഫഷണല്‍' പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും വ്യാപകമാണ്്. അതായത് ചെറുപ്പക്കാര്‍ പോലും വിമാനം കയറി ഗള്‍ഫ്നാടുകളിലെത്തി വേഷം മാറി പിച്ചയെടുക്കുന്നു. ആ കാശ് നാട്ടിലേക്ക് അയച്ച് സമ്പന്നരാവുന്നു. ഈ വാര്‍ത്തകേട്ട് കുടുതല്‍ കൂടുതല്‍പേര്‍ ഓരോ വര്‍ഷം എത്തിക്കൊണ്ടിരിക്കയാണ്.
പാക് പൗരന്‍മാരായ യാചകരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. പാകിസ്ഥാനില്‍ നിന്നുള്ള സംഘടിത ഭിക്ഷാടന സംഘങ്ങളെ പുറത്താക്കാനുള്ള നടപടികളിലാണ് സൗദി അടക്കമുള്ള രാജ്യങ്ങള്‍. സൗദി മാത്രം 56,000 പാക്കിസ്ഥാനി യാചകരെ നാടുകടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങള്‍ നടപടി കടുപ്പിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ നാണംകെട്ടിരിക്കുകയാണ്.
ഒടുവില്‍ നടപടിയുമായി പാക് സര്‍ക്കാരും
യുഎഇയും പാക്കിസഥാന്‍ പൗരന്മാര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉംറ വിസകള്‍ ദുരുപയോഗം ചെയ്ത് മക്കയിലും മദീനയിലും ഭിക്ഷ യാചിക്കുന്നത് തടയണമെന്ന് 2024-ല്‍ തന്നെ പാക്കിസ്ഥാനോട് സൗദി ആവശ്യപ്പെട്ടിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ പാക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ ഭിക്ഷ യാചിക്കാന്‍ വിദേശത്ത് പോകുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ യാചകരെയും അപൂര്‍ണ്ണമായ യാത്രാ രേഖകളുള്ള ആളുകളെ വിദേശത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വിയുടെ പ്രഖ്യാപനം. പാകിസ്ഥാന്് ചീത്തപ്പേരുണ്ടാക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി പറയുന്നുണ്ട്.
2024 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 5000-ല്‍ അധികം പാക്കിസ്ഥാനി യാചകരെ നാടുകടത്തിയതായി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭിക്ഷാടനം പാക്കിസ്താനില്‍ ഒരു വലിയ 'സംരംഭ'മായാണ് പലരും കണക്കാക്കുന്നതെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന സൂചന.
സാധാരണക്കാരും ആഡംബര യാചകരും എന്ന രണ്ട് വിഭാഗങ്ങള്‍ ഭിക്ഷാടന രംഗത്തുണ്ടെന്നാണ് പറയപ്പെടുന്നത്. ചില ഭിക്ഷാടകര്‍ ദാരിദ്ര്യത്തില്‍ത്തന്നെ തുടരുമ്പോള്‍, ധൈര്യശാലികളായ യാചകര്‍ വലിയ സ്വപ്നങ്ങള്‍ കാണുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള 'സംരംഭകത്വ' ചിന്താഗതിയാണ് പാക്കിസ്ഥാനി യാചകരെ സമ്പന്നരാകാനും വിദേശത്തേക്ക് പറക്കാനും കൂടുതല്‍ സമ്പാദിക്കാനും പ്രേരിപ്പിക്കുന്നത്.ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് പോലെത്തന്നെ, യാചനയ്ക്കും പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ തന്ത്രങ്ങള്‍ മെനയുന്നതുപോലെ, യാചകരും സഹതാപം ഉണര്‍ത്തുന്ന വേഷവിധാനങ്ങളിലൂടെയും പ്രത്യേക രീതികളിലൂടെയും ആളുകളില്‍ നിന്ന് സഹായം നേടുന്നുണ്ട്. പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നാടുകടത്തപ്പെട്ട യാചകരില്‍ ഭൂരിഭാഗവും (4,498 പേര്‍) സൗദി അറേബ്യയില്‍ നിന്നാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ 50,000 പാകിസ്ഥാനികള്‍ ഭിക്ഷാടനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അവര്‍ അതല്ലാതെ മറ്റെന്ത് ചെയ്യും!
രൂക്ഷമായ വിലക്കയറ്റവും, ഇടക്കിടെ ഉണ്ടാവുന്ന ഭീകരാക്രമണങ്ങളുമൊക്കെയായി, ആകെ തകര്‍ന്ന് നില്‍ക്കയാണ് പാക്കിസ്ഥാന്‍. ആ നാട്ടില്‍, മുടക്കുമതല്‍ കൂടാതെ വിജയിപ്പിക്കാന്‍ കഴിയുന്ന ഏക വ്യവസായമാണ് ഭിക്ഷാടനമെന്നാണ് പറയുന്നത്. ഒരു കിലോ ചിക്കന് ആയിരം രൂപയും, ഒരു ലിറ്റര്‍ പാലിന് 250 രൂപയ;മുള്ള ഒരു രാജ്യം! രാത്രി 9 മണി കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. ആട്ടക്ക് കിലോ 400 രൂപ, പഞ്ചസാരക്ക് 200. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 250 ഗ്രാം ചെറുനാരങ്ങക്ക് 234രൂപ. നെയ്യ് കിലോഗ്രാമിന് 2,895. പെട്രോളിന് ലിറ്ററിന് 252 രൂപ. ഇതുപോലെ വിലക്കയറ്റമുള്ള ഒരു രാജ്യത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. പാപ്പരായതിനെ തുടര്‍ന്ന് ലോകബാങ്കില്‍നിന്നൊക്കെ കടമെടുത്തും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സഹായം വാങ്ങിയൂമൊക്കെയാണ്, 'ജിന്നയുടെ വിശുദ്ധ നാട്' തട്ടിമുട്ടി കടന്നുപോവുന്നത്.
പക്ഷേ ഇങ്ങനെ പട്ടിണി രാഷ്ട്രമാണെങ്കിലും പാക്കിസ്ഥാനില്‍ ഒരു കാര്യത്തിന് യാതൊരു കുറവുമില്ല. സൈനിക മേധാവി അസിം മുനീര്‍, ജനം പട്ടിണികിടക്കുമ്പോഴും, ഭീകരര്‍ക്കുള്ള ഐഎസ്ഐ ഫണ്ട് പുനരാരംഭിച്ചിരിക്കയാണ്. എല്ലാ വര്‍ഷവും ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ഓരോ ഇനം തിരിച്ച് പണം അനുവദിക്കുന്നത് നാം കണ്ടിട്ടുണ്ട്. ദേശീയപാതാ വികസനത്തിന് ഇത്ര, റെയില്‍വേക്ക് ഇത്ര, ടൂറിസം മേഖലക്ക് ഇത്ര എന്ന രീതിയിലൊക്കൊ. എന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഭീകര പ്രവര്‍ത്തനത്തിന് ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്ന ലോകത്തിലെ എക രാഷ്ട്രമാണ് എന്നാണ് പൊതുവെയുള്ള പരിഹാസം! പാക് പ്രതിരോധ ബജറ്റിന്റെ മറവിലാണ് ലഷ്‌ക്കര്‍ ഇ ത്വയ്യിബക്കും, ജെയ്ഷെ മുഹമ്മിദുമെല്ലാം ഫണ്ട് കൊടുത്ത് ഭീകരതയെ പാലൂട്ടി വളര്‍ത്തുന്നത്. പാക്ക് പ്രതിരോധത്തിന്റെ നിര്‍ണ്ണായക ഭാഗമായാണ് ഇന്റര്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ( ഐഎസ്ഐ) എന്ന ചാര സംഘടനയെ അവര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആരോടും അക്കൗണ്ടബിള്‍ അല്ലാത്ത, അണ്‍ ഓഡിറ്റബിള്‍ ആയ ധാരാളം പണം ഐഎസ്ഐയിലുടെ കടന്നുപോവുന്നുണ്ട്. ശത്രുരാജ്യങ്ങളിലെ ചാരമ്മാര്‍ക്കുള്ള പണം വരെ ഇങ്ങനെയാണ് കൊടുക്കുന്നത് എന്നാണ് പറയുക. പാക്കിസ്ഥാന്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ നിര്‍ത്തിവെച്ച, ആ ഫണ്ടിങ്ങ് ഇപ്പോള്‍ അസീം മുനീര്‍ ഇടപെട്ട് പുനസ്ഥാപിച്ചിരിക്കയാണ്.
ലോകത്തിലെ മുന്‍നിര കറുപ്പ് ഉല്‍പ്പാദക രാജ്യമായായ അഫ്ഗാനിസ്ഥാനുമായുള്ള സാമീപ്യം, മയക്കുമരുന്നുകളുടെ വിതരണ കേന്ദ്രമാക്കി പാക്കിസ്ഥാനെയും മാറ്റുന്നു. അഫ്ഗാന്‍ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ഏക്കറുകളിലായാണ് ജനം പോപ്പിച്ചെടി നട്ടുവളര്‍ത്തുന്നത്. ഇത് നല്‍കുന്നത് ഭരണകക്ഷിയായ താലിബാന്റെ ആളുകള്‍ തന്നെയാണ്. ഈ പോപ്പിച്ചെടിയില്‍നിന്നുള്ള കറുപ്പ് എടുത്ത് അതിനെ കുടില്‍ വ്യവസായംപോലം വാറ്റി ഹെറോയിന്‍ ആക്കി മറ്റുരാഷ്ട്രങ്ങളില്‍ എത്തിച്ച് വില്‍ക്കയാണ് താലിബാന്റെ പ്രധാന വരുമാനം മാര്‍ഗം. അവര്‍ അത് ഉപയോഗിക്കുകയില്ല, വില്‍ക്കുന്നുവെന്ന് മാത്രം.
ഈ മയക്കുമരുന്ന് ലോകത്തിന്റെ നാനാഭാഗത്തേക്ക് കയറ്റുമതി ചെയ്യാന്‍ അഫ്ഗാനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് പാക്കിസ്ഥാനികളാണ്. അതായത് രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയിലുടെ അവിടെ വളരുന്നത്, ഭീകരതയും, മയക്കുമരുന്ന ബിസിനസും, യാചകരുമാണ്.
