'അണ്ണൻ പറയുന്നത് ആരെയാണോ അവരെ പിന്തുണയ്ക്കും'; 'ഇടം വലം നോക്കാതെ അവർക്ക് വോട്ട് ചെയ്തിരിക്കും'; കേരളത്തിലും അലയടിക്കാൻ തുടങ്ങി 'ടിവികെ'; പാലക്കാട് സജീവ പ്രവർത്തനങ്ങളുമായി വിജയ് പാർട്ടി; അംഗത്വമെടുക്കാനുള്ള ആപ്ലിക്കേഷൻ ഉടനെത്തും; ഇനിമേൽ താൻ വേട്ടയെന്ന് ആരാധകർ..!
പാലക്കാട്: സിനിമയിൽ നിന്ന് തമിഴ് രാഷ്ട്രീയത്തിൽ തിളങ്ങാൻ ചില നടൻമാർ ശ്രമിച്ചെങ്കിലും അവരെല്ലാം പരാജയപ്പെടുകയായിരുന്നു. പക്ഷെ തമിഴിൽ നിന്നും ദളപതി വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ പിന്തുണ കണ്ട് എതിർ കക്ഷി പാർട്ടികൾ പ്പോലും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപിച്ചത്.
ശേഷം ഈയിടെ വിക്രവാണ്ടിയിൽ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതിൽ കുറഞ്ഞത് രണ്ടര ലക്ഷത്തോളം പ്രവർത്തകർ എങ്കിലും പങ്ക് എടുത്ത് കാണും. അത്രക്കും ജനസാഗരം ആയിരിന്നു വിക്രവാണ്ടിയിൽ കണ്ടത്. ഇനി അവസാനത്തെ ഒരു സിനിമകൂടി പൂർത്തിയാക്കി പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിയുന്ന വിജയ്ക്ക് പിന്തുണയുമായി ആരാധകരുടെ വൻ സംഘവുമുണ്ട്.
ഇപ്പോഴിതാ വിജയ് തരംഗം കേരളത്തിലും ആവേശത്തിൽ അലയടിക്കാൻ ഒരുങ്ങുകയാണ്. വിജയ് ആരാധകർക്ക് ഒട്ടും പഞ്ഞമില്ലാത്ത പാലക്കാട് ഈ മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ ഒരുങ്ങുകയാണ് ടി.വി.കെ പാർട്ടി.
തമിഴക വെട്രി കഴകത്തിന്റേതായുള്ള പ്രഖ്യാപനങ്ങൾ കേരളത്തിലും ഉടൻ വരുമെന്ന് പ്രവർത്തകർ പ്രതികരിച്ചു. രണ്ട് മാസത്തിനുള്ളിൽ കേരളത്തിലെ എല്ലായിടത്തും സജീവ പ്രവർത്തനം ആരംഭിക്കും. പാലക്കാട് മാത്രം അംഗങ്ങളായി 30,000-ത്തോളം പേരുണ്ട്. കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും. അംഗത്വമെടുക്കുന്നതിനായുള്ള ആപ്ലിക്കേഷൻ വരുന്നുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവരം ചെന്നൈയിൽ ടി.വി.കെ യിലെ ഉന്നതവൃത്തങ്ങളെ അറിയിച്ചിരിക്കുന്നത്.
ആർക്ക് വോട്ട് ചെയ്യാനാണോ ദളപതി പറയുന്നത്, ഒന്നും നോക്കാതെ അവർക്ക് വോട്ട് ചെയ്തിരിക്കും. സിനിമയിലേതെന്നപോലെ രാഷ്ട്രീയത്തിലും വിജയ്ക്ക് കേരളത്തിൽനിന്നുള്ള പിന്തുണയുണ്ടാവും. ചരിത്രം മാറ്റിയെഴുതാനാണ് അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത്. എത്രയോ പുതിയ പാർട്ടികൾ വന്നിരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എത്രയോ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ ഇവിടെയും സംഭവിക്കാം. പാലക്കാട് നിയോജകമണ്ഡലത്തിൽ പാർട്ടിക്കുള്ള പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നും പാലക്കാട്ടിലെ പാർട്ടി അനുഭാവികൾ പറയുന്നു.
എന്തായാലും വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രിയത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിക്രവാണ്ടിയിലെ സമ്മേളനത്തിന് പിന്നാലെ എതിർ കക്ഷിയായ ഡിഎംകെ യും ഒന്നടങ്കം ഞെട്ടി. ഇനി തമിഴ്‌നാട്ടിൽ വിജയ് തരംഗം ഉണ്ടാകുമോ എന്ന കാര്യം 2026 ൽ അറിയാം.