വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും; വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉള്‍പ്പടെയുള്ള ചടങ്ങുകളും നടക്കും
കൊച്ചി: വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രയുടെ ഓര്‍മ പുതുക്കലാണ് ഓശാന ഞായര്‍. കഴുതപ്പുറത്തേറി വന്ന ക്രസ്തുവിനെ ഒലിവിന്‍ ചില്ലകളേന്തി ഓശാന പാടി ജനങ്ങള്‍ എതിരേറ്റു എന്നാണ് വിശ്വാസം. വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും കുരുത്തോല പ്രദക്ഷിണവും ദിവ്യബലി ഉള്‍പ്പടെയുള്ള ചടങ്ങുകളും നടന്നു.
കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നു കൂടി ഓശാന ഞായര്‍ അറിയപ്പെടുന്നു. പെസഹ വ്യാഴം, യേശുക്രിസ്തുവിന്റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനമായ ഈസ്റ്റര്‍ ആഘോഷം എന്നിവയോടെയാണ് വിശുദ്ധ വാരാചരണം സമാപിക്കുക.
യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റുവെന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മയിലാണ് കുരുത്തോലയും എന്തിയുള്ള പ്രദക്ഷിണം. വലിയ ആഴ്ചയുടെ പ്രവേശനകവാടമെന്നാണ് ഓശാന ഞായര്‍ അറിയപ്പെടുന്നത്. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിതെന്നാണ് സോഷ്യല്‍ മീഡിയില്‍ വിശ്വാസികള്‍ വലിയ തോതില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒശാന സന്ദേശത്തില്‍ പറയുന്നത്.
'പിതാവിനാല്‍ ഏല്‍പ്പിക്കപ്പെട്ട ധൗത്യപൂര്‍ത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവന്‍ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാല്‍ രാജകീയവുമായ രീതി. പിതാവിന്റെ തിരുഹിതത്തിന് തന്റെ ഇഷ്ടങ്ങളെയും ജീവിതത്തെത്തന്നെയും വിട്ടുകൊടുക്കുമ്പോഴാണ് താന്‍ ജയിക്കുകയെന്ന തിരിച്ചറിവാണ് എളിമയോടും വിധേയത്വത്തോടെയും കൂടി ഈ ദിനത്തെ സ്വീകരിക്കാന്‍ അവനെ പ്രാപ്തനാക്കിയത്. അങ്ങനെ, അനുദിന ജീവിതത്തില്‍ ദൈവേഷ്ടം അറിഞ്ഞു ജീവിക്കണമെന്ന് പഠിപ്പിക്കുന്നു അവന്‍. '- ഒശാന സന്ദേശത്തില്‍ പറയുന്നു.
തന്നെ, വരവേറ്റവര്‍, ആര്‍പ്പു വിളിച്ചവര്‍ , സ്തുതികള്‍ പാടിയവര്‍ എല്ലാം ദിവസങ്ങളുടെ വ്യത്യാസത്തില്‍ കൊലവിളി നടത്തിയപ്പോള്‍ അത് ലോകത്തിന് എല്ലാ കാലത്തേക്കുമുള്ള ഒരു സന്ദേശം ആയിരുന്നു. അര്‍ത്ഥവും ആത്മാര്‍ത്ഥതയുമില്ലാത്ത പ്രോത്സാഹനങ്ങള്‍ , സ്തുതിപാടകരുടെ സ്ഥാപിതതാല്പര്യങ്ങളോടെയുള്ള സുഖിപ്പിക്കലുകള്‍ സ്ഥായി അല്ല , അതില്‍ വീഴരുതെന്ന സന്ദേശം. മുന്‍വിധികള്‍ ന്യായ വിധികളും ആള്‍ക്കൂട്ട അന്യായങ്ങള്‍ ന്യായങ്ങളുമായി തീരുന്ന കാലഘട്ടത്തില്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനുള്ള വിവേകവും അതിനോട് പ്രതികരിക്കാനുള്ള വിവേചനാ ശക്തിയും ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും ഓശാന് സന്ദേശമായി പറയുന്നു.
പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലില്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നല്‍കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം നല്‍കും. ഓശാന ദിനമായ ഇന്ന് ഇടുക്കി രാജാക്കാടുള്ള വിശ്വാസികള്‍ കുരുത്തോലകളുമായി ടൗണില്‍ നടത്തുന്ന പ്രദക്ഷിണം മത സൗഹാര്‍ദത്തിന്റെ സന്ദേശം കൂടിയാണ്.