മഹല്ലുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമാണ് ഖാസി ഫൗണ്ടേഷന്‍ എന്ന് സംശയിച്ച് സമസ്ത; തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക്; പിന്നില്‍ സിപിഎം കുത്തിതിരിപ്പ്
മലപ്പുറം: മലബാര്‍ പിടിക്കാന്‍ സിപിഎം വീണ്ടും കുത്തിതിരിപ്പുമായി എത്തിയോ? ചേലക്കരയിലും പാലക്കാടും ജയിക്കാനായി മുസ്ലീം വോട്ടുകളില്‍ ഭിന്നിപ്പ് അനിവാര്യതയാണെന്ന് സിപിഎമ്മിന് അറിയാം. അങ്ങനെ ഉപതിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും മുസ്ലീം ലീഗും സമസ്തയും രണ്ടു ധ്രുവങ്ങളിലേക്ക് പോവുകയാണ്. സിപിഎമ്മിന്റെ തന്ത്രപരമായ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്ന് മുസ്ലീം ലീഗ് കരുതുന്നു. പാണക്കാട് ഖാസി ഫൗണ്ടേഷനിലൂടെ മഹല്ലുകളുടെ നേതൃസ്ഥാനം സമസ്തയില്‍ നിന്ന് പിടിച്ചെടുക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കമുണ്ടെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.
സമസ്ത - ലീഗ് പോര് വീണ്ടും കനപ്പിക്കുന്നു.പാണക്കാട് തങ്ങന്മാര്‍ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴില്‍ സംഘടിപ്പിക്കാനെന്ന പേരില്‍ തുടക്കമിട്ട ഖാസി ഫൗണ്ടേഷന്‍ സമസ്ത പണ്ഡിത നേതൃത്വത്തിന് ബദലാക്കാനുള്ള നീക്കമാണോയെന്ന് സമസ്ത സംശയിക്കുന്നുണ്ട്. ലീഗ് നേതാക്കളും സമസ്തയിലെ ലീഗനുകൂലികളുമാണ് ഖാസി ഫൗണ്ടേഷന്റെ നേതൃനിരയിലുള്ളത്. സമുദായത്തിന്റെ ആത്മീയ നേതൃത്വം സമസ്തയ്ക്കും രാഷ്ട്രീയ നേതൃത്വം ലീഗിനുമെന്ന അലിഖിത നയം ഖാസി ഫൗണ്ടേഷനിലൂടെയും സാദിഖലി തങ്ങള്‍ ചെയര്‍മാനായ കോ-ഓര്‍ഡിനേഷന്‍ ഒഫ് ഇസ്ലാമിക് കോളേജസിലൂടെയും (സി.ഐ.സി) ലീഗ് ലംഘിക്കുന്നെന്ന വികാരം സമസ്തയ്ക്കുണ്ട്. ഇത് മുതലെടുക്കാന്‍ സിപിഎം കരുനീക്കം നടത്തുന്നുവെന്ന് ലീഗ് സംശയിക്കുന്നു. ഇതിനിടെ പാണക്കാട് തങ്ങള്‍ക്കെതിരായ സമസ്താ നേതാവിന്റെ പ്രസ്താവന ചര്‍ച്ചകള്‍ക്ക് പുതു മാനം നല്‍കുന്നു.
ഖാസിയാവാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പരസ്യ വിമര്‍ശനം വിവാദമായി മാറി.ിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരും. ആയുധങ്ങള്‍ കൈയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സഹകരിച്ചു പോവുകയാണ് ലീഗിന് നല്ലതെന്നും ഉമ്മര്‍ ഫൈസി മുന്നറിയ് നല്‍കി. സമസ്തയിലെ ലീഗ് വിരുദ്ധരുടെ ശക്തമായ പിന്തുണയിലാണ് വിമര്‍ശനം.
സമസ്തയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച തന്റെ വിശ്വസ്തന്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ വീണ്ടും നിയമിച്ച സാദിഖലി തങ്ങളുടെ തീരുമാനവും സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാല്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രതിരോധിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഇത്തരം ആളുകളെ നിലയ്ക്കു നിറുത്താന്‍ സമസ്ത തയ്യാറാവണം. ഉമ്മര്‍ ഫൈസിക്ക് പിന്നില്‍ സി.പി.എമ്മാണെന്നും ആരോപിച്ചു.
സര്‍ക്കാര്‍ ഏതോ കമ്മിറ്റിയില്‍ നല്‍കിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമ്മര്‍ ഫൈസിയെന്നും സലാം പറഞ്ഞു.ഹക്കീം ഫൈസിയുടെ വിമര്‍ശനം ശരിയല്ലെന്നും തിരുത്തലിന് തയ്യാറാവണമെന്നും ലീഗനുകൂലിയും സമസ്ത നേതാവുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. അങ്ങനെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്. പാണക്കാട് സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ സര്‍വഥാ യോഗ്യനാണെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യക്തികളുടെ വിമര്‍ശമാണ് ഉമര്‍ ഫൈസി മുക്കത്തില്‍നിന്നുണ്ടായത്. സമസ്തയുടെ അഭിപ്രായമല്ലെന്നും അദ്ദഹം പറഞ്ഞു.
ലീഗ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഫൈസിയുടെ വിമര്‍ശം. 'ഖുര്‍ആന്‍ ഹദീസില്‍നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയവരാകണം ഖാസി. മുന്നില്‍വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയണം. വിവരമില്ലെങ്കിലും ഖാസിയാകണമെന്നാണ് ആവശ്യം. രാഷ്ട്രീയത്തിന്റെ പേരില്‍ പലരും അതിനെ പിന്തുണയ്ക്കുന്നു. ഇക്കാര്യങ്ങള്‍ അതിരുവിടുന്നത് ശരിയല്ല. വിവരമില്ലാത്തവര്‍ അധികമാകുമ്പോഴും കുഴപ്പമുണ്ടാകണ്ട എന്നു കരുതിയാണ് സമസ്ത മിണ്ടാതിരിക്കുന്നത്'-- അദ്ദേഹം പറഞ്ഞു. കോ--ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസു(സിഐസി)മായി ബന്ധപ്പെട്ട ലീഗ് നിലപാടിനെയും വിമര്‍ശിച്ചു. 'പണ്ട് സമസ്ത പറയുന്നത് കേള്‍ക്കാന്‍ തയ്യാറായിരുന്നു. ഇന്ന് സമസ്തയെ വെല്ലുവിളിച്ച് വേറെ സംഗതിയുണ്ടാക്കുകയാണ്. അതുകൊണ്ട് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട്. ആവശ്യം വരുമ്പോള്‍ അതെടുക്കുമെന്ന ഭയം നല്ലതാണ്'-- അദ്ദേഹം പറഞ്ഞു. ചെറിയ ഇടവേളയ്ക്കുശേഷമാണ് ലീഗിനെതിരെ സമസ്ത രംഗത്തെത്തുന്നത്.