മീന്‍കറിയില്‍ പുളി കുറഞ്ഞാല്‍ ഭാര്യയെ അടിക്കുന്ന 'സൈക്കോ പാത്ത്'; മകളെ അടിച്ചവശനാക്കിയ മരുമകനെ ഇനി വെറുതെ വിടില്ലെന്ന ആത്മരോഷവുമായി അമ്മായി അച്ഛന്‍; അഴിക്കുള്ളില്‍ കൊതുകു കടി കൊണ്ട് മടുത്ത് രാഹുല്‍; പഴയ കേസും പുനഃരുജ്ജീവിപ്പിക്കാന്‍ പോലീസ്; പന്തീരാങ്കാവില്‍ ഇനിയും ട്വിസ്റ്റുണ്ടാകുമോ?

Update: 2024-11-27 05:27 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്. കേസ് തീര്‍പ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കും. തന്റെ മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്നും രാഹുലിനും കുടുംബത്തിനുമെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു. കേസ് വീണ്ടും ആരംഭിച്ചാല്‍ രാഹുലിന്റെ അമ്മയും സഹോദരിയും അടക്കം അകത്താകാന്‍ സാധ്യത ഏറെയാണ്.

'മകള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രാഹുലും കുടുംബവും തയ്യാറായില്ല. രാഹുല്‍ സൈക്കോപാത്ത് ആണ്. പഴയ കേസില്‍ നിന്നും പിന്മാറിയത് ഭീഷണികാരണം. അന്ന് മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. കേസുമായി മുന്നോട്ട് പോകും. മകളും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു',-ഇതാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തല്‍. രാഹുലിന് ഒപ്പം കഴിയാന്‍ താല്‍പര്യമില്ലെന്ന് യുവതിയും പൊലീസിന് അറിയിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ച യുവതി ചികിത്സയ്ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. കറിയില്‍ ഉപ്പ് കുറഞ്ഞെന്നാരോപിച്ചാണ് രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചത്. തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ പഴയകേസ് പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് കുടുംബവും പൊലീസും.

രാഹുല്‍ ക്രൂരനാണെന്ന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. മര്‍ദനമേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ''കഴിഞ്ഞ മാസം കോടതി ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചു. കോടതി അനുവദിച്ചപ്പോള്‍ ഞാന്‍ വേറൊന്നിനും പോയില്ല. അവര്‍ ഒരുമിച്ചു ജീവിക്കട്ടെയെന്നു കരുതി. കോഴിക്കോട് ഒരുമിച്ചു ജീവിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീടാണ് തിങ്കളാഴ്ച രാത്രി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍നിന്ന് വിളിയെത്തുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മര്‍ദനമേറ്റ് മകള്‍ കിടക്കുകയാണ്, നിങ്ങള്‍ എത്രയും വേഗം എത്തണമെന്നാണ് പറഞ്ഞത്. ഇവിടെനിന്ന് വണ്ടിയെടുത്ത് ഒമ്പതരയോടെ തിരിച്ചു. അര്‍ധരാത്രി ഒന്നരയോടെ അവിടെയെത്തി. കണ്ണിലും ചുണ്ടിലും മുറിവു കണ്ടു. തലയ്ക്കും ഇടിച്ചെന്ന് പറഞ്ഞു. ഡോക്ടര്‍ എഴുതി കൊടുത്ത ചികിത്സകളൊന്നും രാഹുലിന്റെ അമ്മ ചെയ്തിരുന്നില്ല. ഇതൊക്കെ ചെയ്യേണ്ടതാണ്, ഒന്നും ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

മകളുടെ സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടില്‍ പോയി എടുത്ത് തിരികെ പോന്നു. രാഹുല്‍ ക്രൂരനാണ്. ശവത്തില്‍ കുത്തുന്നതു പോലെയാണ് പെരുമാറ്റം. മകളെ ഭീഷണിപ്പെടുത്തിയാണ് രാഹുല്‍ കൊണ്ടുപോയത്. തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി കസ്റ്റഡിയിലാക്കി. മകള്‍ യുട്യൂബ് ചാനലില്‍ വന്നു പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. രാഹുല്‍ രക്ഷപ്പെടാന്‍ പാടില്ല, ശിക്ഷിക്കപ്പെടണം. മകളുടെ ഫോണ്‍ അവളുടെ കയ്യില്‍ ഇല്ലായിരുന്നു. രാഹുല്‍ ഫോണെടുത്ത് തോന്നിയതു പോലെയൊക്കെ പറയും. കമ്പനി വാങ്ങി കൊടുത്ത ഫോണ്‍ രാഹുല്‍ തല്ലി പൊട്ടിച്ചു'' പിതാവ് പറഞ്ഞു. പന്തിരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഹൈക്കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവും ആവശ്യപ്പെടുന്നു. മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണ്. മര്‍ദനം സംബന്ധിച്ച് മകള്‍ നേരത്തെയിട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. രാഹുല്‍ സൈക്കോപാത്താണെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

''ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുല്‍ തലയ്ക്ക് ഇടിച്ചെന്ന് അവള്‍ പറഞ്ഞു. ഞങ്ങള്‍ ചെന്നതിന് ശേഷമാണ് സിടി സ്‌കാനെടുത്തതും എക്‌സറേ എടുത്തതും. കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ ഇന്നലെ വരെ മോശമായിരുന്ന ഒരാള്‍ നന്നായി ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്. മകള്‍ പരാതിയില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഇനി അവന്റെയൊപ്പം ഒരിക്കല്‍ പോലും മകള്‍ തയ്യാറല്ല. കാരണം അവള്‍ക്കൊരു അബദ്ധം പറ്റി. അവന്റെ ഭീഷണികൊണ്ടാണ് അവള്‍ നേരത്തെ അങ്ങനെ പറഞ്ഞത്. അതില്‍ ദുഃഖമുണ്ട്'' പിതാവ് കൂട്ടിച്ചേര്‍ത്തു.പരാതിക്കാരിക്ക് വീണ്ടും മര്‍ദനമേറ്റതില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആംബലുന്‍സിലെ സ്‌ട്രെച്ചറില്‍ ബെല്‍റ്റിട്ട് അവളെ കിടത്തിയിരിക്കുകയല്ലേ, അങ്ങനെയൊരാളെ മര്‍ദ്ദിക്കുക എന്നത് ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമല്ലേ. ഏറ്റവും ദു:ഖകരമായ സംഭവമാണത്. അവന്‍ ഒരുപാട് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്നേ മദ്യപിക്കുന്ന ആളല്ലേ. സ്ഥിരം മദ്യപാനിയാണ്. ഇനി മദ്യപാനിയല്ലെങ്കിലും അവന്‍ ഫ്രോഡ് തന്നെയാണ്. ഒരു സൈക്കോ ടൈപ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയ്യാറല്ല എന്ന് മകള്‍ തീര്‍ത്തു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി അവര്‍ കസ്റ്റഡിയിലാക്കുകയായിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പിക്കുകയായിരുന്നു. ഭയങ്കര പീഡനം മകള്‍ ഏറ്റിട്ടുണ്ട്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ല. അവള്‍ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്- പെണ്‍കുട്ടിയുടെ അച്ഛന്‍പറഞ്ഞു.

വീട്ടിലും ആംബുലന്‍സിലും വെച്ച് രാഹുല്‍ മര്‍ദ്ദിച്ചെന്ന് യുവതിയും പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വിളിച്ചതിന്റെ പേരിലും മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസം തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതി രക്ഷിതാക്കള്‍ക്കൊപ്പമാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

പരാതിയില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെ (31) അറസ്റ്റുചെയ്ത് റിമാന്‍ഡിലാക്കി. നരഹത്യാശ്രമം, ഭര്‍ത്തൃപീഡനം എന്നീ വകുപ്പുകള്‍ ചുമത്തി ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് (മൂന്ന്) വി.എ. അരുണിമയാണ് പതിന്നാലുദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ്‌ചെയ്തത്. കേസ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ആശുപത്രിയില്‍ നിന്നും മുങ്ങിയ രാഹുലിനെ പുലര്‍ച്ചെയോടെ പാലാഴി ഭാഗത്തുനിന്നാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്. പാലാഴിയില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റുചെയ്തത്. രാവിലെ യുവതിയുടെ ഗാര്‍ഹികപീഡന പരാതി ലഭിച്ചപ്പോള്‍ അതിലും അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് പോലീസുകാരോടൊപ്പം യുവതിയും മാതാപിതാക്കളും പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്നിലെ രാഹുലിന്റെ 'സ്‌നേഹതീരം' വീട്ടിലെത്തി സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമെടുത്ത് സ്വദേശമായ പറവൂരിലേക്ക് പോയി.

ഈ വര്‍ഷം മേയ് അഞ്ചിനാണ് യുവതിയും രാഹുലും ഗുരുവായൂരില്‍വെച്ച് വിവാഹിതരായത്. 12-ന് മാതാപിതാക്കള്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോള്‍ യുവതി ക്രൂരമായി ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് ആദ്യം പോലീസില്‍ പരാതിപ്പെട്ടത്. പന്തീരാങ്കാവ് പോലീസ് കേസ് കൈകാര്യംചെയ്തതില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ നടപടി നേരിടുകയും വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അന്വേഷണം നടക്കുന്നതിനിടയില്‍ ഭര്‍ത്താവ് രാഹുല്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തിരുന്നു. കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിന് അനുകൂലമായാണ് യുവതി മൊഴി നല്‍കിയത്. തുടര്‍ന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.

Tags:    

Similar News