ബിരുദം പൂര്‍ത്തിയാക്കണം, പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചെന്നും ഏഴാം പ്രതി; 'കുടുംബത്തിന്റെ ഏക അത്താണി', ശിക്ഷയിളവ് തേടി മിക്ക പ്രതികളും; പെരിയ ഇരട്ട കൊലപാതക കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി; വിധി പകര്‍പ്പില്‍ പറയുന്നത്

പെരിയ ഇരട്ട കൊലപാതക കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി

Update: 2025-01-03 12:53 GMT

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസില്‍ ആദ്യ എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് എറണാകുളം സിബിഐ കോടതി വിധിച്ചത്. കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി പകര്‍പ്പ് പുറത്തുവന്നു. 307 പേജുകളുള്ള കോടതിയുടെ വിധി പകര്‍പ്പാണ് പുറത്തുവന്നത്. കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവിനുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും കൊലപാതക കേസുകളില്‍ കൊടുക്കാവുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് ശിക്ഷയാണെന്നും വിധി പകര്‍പ്പില്‍ പറയുന്നു.

കൊലപാതകവും ഗൂഢാലോചനയും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,14 പ്രതികള്‍ക്കും കൊലപാതകത്തിലുള്ള പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു. കേസ് തെളിയിക്കുന്നതിന് ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി. മരിച്ച കൃപേഷിന്റേയും ശരത് ലാലിന്റേയും ഡി.എന്‍.എ സാംപിളുകള്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച വാളില്‍ നിന്നും കണ്ടെത്തി. 2,3,5 പ്രതികളുടെ രക്തം കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിലും കണ്ടെത്താന്‍ സാധിച്ചു.

കേസിന്റെ അന്തിമവിധിയുടെ വാദത്തിനിടെ ശിക്ഷയിളവ് തേടിക്കൊണ്ട് മിക്ക പ്രതികളും കോടതിക്ക് മുമ്പാകെ കുടുംബത്തിലെ സാഹചര്യങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു. പ്രായമായ മാതാപിതാക്കള്‍ ഉള്ള കുടുംബം, കുടുംബത്തിന്റെ ഏക അത്താണി എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പ്രതികള്‍ പറഞ്ഞത്. പ്രതികളെ പ്രായമായ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് കാണാനായി എറണാകുളത്തെ ജയിലിലേക്ക് വരാന്‍ സാധിക്കില്ലെന്നും അതിനാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും വിധി പകര്‍പ്പില്‍ വ്യക്തമാക്കുന്നു.

അതേ സമയം ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകണമെന്നുമായിരുന്നു ആഗ്രഹമെന്നുമായിരുന്നു ഏഴാം പ്രതി അശ്വിന്‍ കോടതിയില്‍ പറഞ്ഞത്. കേസില്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ കഴിയുന്ന ഏഴാം പ്രതി എ. അശ്വിന്റെ ജീവിതത്തിലെ സുവര്‍ണകാലം മുഴുവന്‍ ജയിലില്‍ തീരുമെന്നാണ് സൂചന. പതിനെട്ടാം വയസ് മുതല്‍ ജയില്‍ കഴിയുന്ന പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കോടതി വിധി പറഞ്ഞ ദിവസം അതിവൈകാരികമായാണ് അശ്വിന്‍ കോടതിയില്‍ സംസാരിച്ചത്.

'പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചു. ഡിഗ്രി പഠിച്ച് പാസാകണമെന്ന് ആഗ്രഹിച്ചു, ആറു വര്‍ഷമായി ജയിലിലാണ്, വീട്ടുകാരെ കണ്ടിട്ടില്ല' എന്നിങ്ങനെ പറഞ്ഞ് വിതുമ്പുകയായിരുന്നു അശ്വിന്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അശ്വിന്‍. പീതാംബരന്റെ നേതൃത്വത്തില്‍ ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്. ഏഴാംപ്രതി അശ്വിന്‍ എന്നിവര്‍ വാളുകള്‍ ഉപയോഗിച്ചാണ് കൃത്യത്തില്‍ പങ്കെടുത്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പീതാംബരന്റെ നേതൃത്വത്തില്‍ കൊലപാതകത്തില്‍ പങ്കെടുത്ത രണ്ടാമത്തെ സംഘത്തിലാണ് അശ്വിന്‍ ഉണ്ടായിരുന്നത്. സജി, അനില്‍കുമാര്‍, ശ്രീരാഗ് എന്നിവര്‍ക്കൊപ്പം കെ എല്‍ 14 ജെ 5683 എന്ന സൈലോ കാറിലാണ് അശ്വിന്‍ കൃത്യത്തില്‍ പങ്കെടുത്തത്. ശരത് ലാലിന്റെയും കൃപേഷിന്റെയും ബൈക്ക് ആക്രമിച്ച ശേഷം ശരത് ലാലിനെ വാളുകൊണ്ട് ആക്രമിച്ചതില്‍ ഒരാള്‍ അശ്വിനാണെന്ന് കുറ്റപത്രത്തിലുണ്ട്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങവേ ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ടിപി ചന്ദശേഖരന്‍ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതല്‍ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊലപാതകം. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കല്‍ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരില്‍ കാസര്‍കോട്ടെ സിപിഎമ്മിന്റെ പ്രധാന നേതാക്കളുടെ നീണ്ട നിരയാണ് കാണാനാവുക.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ 24 പേരെ പ്രതി ചേര്‍ത്ത് പുതിയ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. സി.ബി.ഐ കോടതി ഇതില്‍ 14 പേര്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയും 10 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയ 14 പേരില്‍ 10 പേരും സിബിഐ അധികമായി ചേര്‍ത്ത പത്ത് പ്രതികളില്‍ നാല് പേരെയുമാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. കൊലപാതകം ചെയ്യുന്നതിനുള്ള ഗൂഢാലോചനയടക്കം നടത്തിയത് ഇവരാണ്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്തവരാണ് പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍.

ഈ പത്ത് പ്രതികള്‍ക്കും കൊലപാതകത്തിന് പ്രത്യേകം ജീവപര്യന്തം ശിക്ഷയും ഗൂഡാലോചനക്ക് പ്രത്യേകം ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. അങ്ങനെയാണ് പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇതെല്ലാം.

കെ വി കുഞ്ഞിരാമന്‍ എം എല്‍ എ അടക്കമുള്ള നാല് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 4-ാം പ്രതി കെ. മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21ാം പ്രതി രാഘവന്‍ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്. പിഴത്തുക കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കൊലപാതകം നടക്കുമ്പോള്‍ ഏരിയാ സെക്രട്ടറിയായിയരുന്ന നേതാവ് ലോക്കല്‍ സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം എന്നിങ്ങനെ പാര്‍ട്ടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയതോടെ രാഷ്ട്രീയ കൊലയല്ല എന്ന സിപിഎം വാദം പൊളിയുകയാണ്. ഇരയ്ക്ക് നീതി ലഭ്യമാക്കേണ്ട അതേ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീകോടതി വരെ പോയതും സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. സിബിഐ പിന്നീട് പ്രതികളാക്കിയ എല്ലാവരെയും ശിക്ഷിച്ചില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ട് എങ്കില്‍ പോലും ആ പട്ടികയില്‍പ്പെട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി കുഞ്ഞിരാമന് കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ്.

വലിയ ജനവികാരം ഉണ്ടായപ്പോള്‍ ഏരിയാ സെക്രട്ടറിയില്‍ വരെ ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയിരുന്നു. അതും വൈകിയായിരുന്നു. തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത് കേസിലെ സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഭരണത്തിന്റെ തണല്‍ രാഷ്ട്രീയ കൊലപാതകികള്‍ക്കും നല്‍കാന്‍ സിപിഎം ഏറ്റവും പ്രകടമായി ശ്രമിച്ച കേസ് കൂടിയാണ് പെരിയയിലേത്.

കണ്ണൂരിലെ പല കേസുകളിലും ടിപി കേസിലും ഉന്നയിച്ചത് പോലെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവര്‍ നിരപരാധികളാണെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. കൃപേഷിന്റെയും ശരതിന്റെയും കുടുംബത്തിന് ഒപ്പമുണ്ടായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ അഡ്വ സികെ ശ്രീധരനെ സിപിഎം അടര്‍ത്തിയെടുത്തത് പോലും ഈ കേസിലുള്ള താല്പര്യത്തിന്റെ പേരിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെയും സിപിഎമ്മിനെയും വലിയ രീതിയില്‍ പ്രതിക്കൂട്ടിലാക്കിയ ഈ കേസിലെ വിധി കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമാകും.

Tags:    

Similar News