എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്; വിമാനത്തില്‍ ഉണ്ടായിരുന്നത് 169 ഇന്ത്യാക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും; യാത്രക്കാരുടെ പട്ടികയില്‍ മലയാളികളും; വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്
അഹമ്മദാബാദ്: തകര്‍ന്ന് വീണ എയര്‍ ഇന്ത്യ അഹമ്മദാബാദ്- ലണ്ടന്‍ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്തുവന്നു. 242 യാത്രക്കാരില്‍ 230 യാത്രക്കാരും 12 വിമാന ജീവനക്കാരുമാണ് ബോയിങ് 787-8 വിമാനത്തില്‍ ഉണ്ടായിരുന്നത്. 169 ഇന്ത്യാക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തില്‍ ഒരു മലയാളി ഉള്ളതായി സൂചനയുണ്ട്. ഗോപകുമാരന്‍ നായര്‍ ആര് എന്ന പേരാണ് പട്ടികയില്‍ കാണുന്നത്. എന്നാല്‍, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യ 1800 5691 444 ഹോട്ട്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി. അപകടം അന്വഷിക്കാന്‍ അധികൃതരുമായി പൂര്‍ണമായി സഹകരിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍ പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയര്‍ന്ന് ഉടന്‍ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്.
ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ പൈലറ്റ് 'മെയ് ഡേ' അപായ സിഗ്നല്‍ എയര്‍ ട്രാഫിക് കണ്ട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ അറിയിക്കുന്നത്.
അപകടം നടന്ന ഉടന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളം അടച്ചതായി അധികൃതര്‍ അറിയിച്ചു. ക്യാപ്റ്റന്‍ സുമീത് സഭര്‍വാളും ക്ലീവ് കുന്ദറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍.