'നീതി നടപ്പായാൽ മാത്രം പോരാ, അതു നടപ്പാക്കിയെന്ന് സമൂഹത്തിനു ബോധ്യപ്പെടുകയും വേണം'; തിരുവനന്തപുരത്ത് രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിക്കവേ കോടതിയുടെ പരാമർശം

Update: 2025-10-04 06:57 GMT

തിരുവനന്തപുരം: രണ്ടു വയസ്സുള്ള നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഹസൻകുട്ടിക്കു കടുത്ത ശിക്ഷ വിധിക്കവേ കോടതി നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു 'നീതി നടപ്പായാൽ മാത്രം പോരാ അതു നടപ്പാക്കിയെന്ന് സമൂഹത്തിനു ബോധ്യപ്പെടുകയും വേണം'. പോക്സോ അടക്കം, ഇയാൾക്കു മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായാണ് 65 വർഷത്തെ കഠിന തടവ് വിധിച്ചത്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസിൽ ഒന്നര വർഷം പിന്നിടുമ്പോഴാണ് കോടതിയുടെ വിധിയെത്തുന്നത്. 2024 മാർച്ചിൽ പിടിയിലായ ഹസൻകുട്ടി അന്നു മുതൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്.

ഇതിന് മുൻപ് പോക്സോ, മോഷണക്കേസുകളിൽ പ്രതിയായ ഹസൻകുട്ടി മൂന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വർക്കലയിൽ പതിനൊന്നുകാരിയെ ഉപദ്രവിച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഈ ക്രൂരകൃത്യം ചെയ്തത്. കൊല്ലത്ത് നിന്ന് വർക്കലയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ ഉറങ്ങിപ്പോയതിനാൽ പേട്ട സ്റ്റേഷനിൽ ഇറങ്ങിയ പ്രതി, അവിടെ നിന്ന് നടന്ന് ചാക്കയിലെത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ഉറങ്ങിക്കിടന്ന സമയം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി മരിച്ചെന്ന് കരുതി ഓടയിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

കുട്ടിക്ക് നേരെയുണ്ടായ പീഡനം മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. സംഭവസ്ഥലത്തിനടുത്തുള്ള ബ്രഹ്മോസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലം ജയിലധികൃതരാണ് പ്രതിയെക്കുറിച്ച് വിവരം നൽകിയത്. തല മൊട്ടയടിച്ച നിലയിൽ ചിന്നക്കടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് അന്വേഷണത്തിന് നിർണായകമായത്. പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ കുട്ടിയുടെ തലമുടിയും ശാസ്ത്രീയ പരിശോധന ഫലങ്ങളും കേസിൽ നിർണായകമായി.

Tags:    

Similar News