ഉറക്കമൊഴിഞ്ഞ് പഠിച്ച് പരീക്ഷ എഴുതി; ചർച്ചയും അഭിമുഖവും ഭംഗിയായി അറ്റൻഡ് ചെയ്തു; ഒടുവിൽ റാങ്ക് ലിസ്റ്റിൽ ഒന്നാമത് എത്തിയതും ട്വിസ്റ്റ്; പിഎസ്‌സിയുടെ പ്രഹസന നടപടിയിൽ യുവാവിന് ഫലം നിരാശ; കാര്യം തിരക്കിയപ്പോൾ വിചിത്ര മറുപടിയും; ഈ ഒന്നാം റാങ്കുകാരനോട് ഇനിയാര് സമാധാനം പറയും സർക്കാരേ!

Update: 2025-07-22 12:57 GMT

കൊല്ലം: ഒരു നല്ല ജോലി സ്വപ്നം കണ്ട് ഉറക്കമൊഴിഞ്ഞ് പഠിച്ച ഉദ്യോഗാർഥിക്ക് ഫലം നിരാശ. പിഎസ്‌സിയുടെ പ്രഹസന നടപടിയിൽ നട്ടം തിരിയുകയാണ് ഒരു യുവാവ്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ കഷ്ടപ്പെട്ട് പഠിച്ച് ഒന്നാമനായി ജയിച്ചു. പക്ഷെ പി.എസ്.സിയുടെ കടുംപിടുത്ത സ്വഭാവത്തിൽ നിയമനം ലഭിക്കാതെ ഓഫീസുകൾ കയറിയിറങ്ങുകയാണ് മൈനാഗപ്പള്ളി സ്വദേശിയായ പി.സനിൽ. ജില്ലയിലെ എൻ.സി.സി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (396/2020) വിമുക്തഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിലെ റാങ്ക് ലിസ്റ്റിലാണ് സനൽ ഇടം പിടിച്ചത്.

ജില്ലയിൽ തന്നെ ഈ തസ്തികയിൽ ഒരേയൊരു ഒഴിവ് മാത്രമെ ഉണ്ടായിരുന്നുള്ളു. എഴുത്ത് പരീക്ഷയും ചർച്ചയും അഭിമുഖവും പരിശോധനയും ഉൾപ്പടെ നടത്തിയ ശേഷമാണ് റാങ്ക് ലിസ്റ്റ് പുറത്തിറക്കിയത്. പക്ഷെ ഇതിനുശേഷമാണ് വിചിത്ര സംഭവങ്ങൾ അരങേറിയത്. 'ഇത് ഭിന്നശേഷി സംവരണ തസ്തികയാണെന്നും അതിനാൽ നിയമനം നൽകാൻ കഴിയല്ലെന്നുമാണ്' ഇപ്പോൾ പി.എസ്.സി ഉയർത്തുന്ന വിചിത്ര വാദം. അഭിമുഖത്തിന്റെ സമയത്തുപോലും ഭിന്നശേഷി സംവരണമാണെന്ന് ഉദ്യോഗാർത്ഥിയെ അറിയിച്ചില്ലെന്നും ആരോപണം ഉണ്ട്.

കഴിഞ്ഞ 30 വർഷത്തിലധികമായി സ്ഥിര നിയമനം നടക്കാത്ത തസ്തികയായിരുന്നു ഇത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്തതാണ് അതിലെ പ്രധാന കാരണം. ഇക്കാര്യം മനസിലാക്കിയും ഭിന്നശേഷിക്കാർക്കുള്ള തസ്തികയാണെന്ന് മുൻകൂട്ടി അറിയിക്കാത്തതിനാലും റാങ്ക് ലിസ്റ്റിലെ ഒന്നാമന് ജോലി നൽകിക്കൂടെ എന്ന ചോദ്യത്തിന് അടുത്ത റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാരില്ലെങ്കിൽ പരിഗണിക്കാമെന്നാണ് പി.എസ്.സി യുടെ മറ്റൊരു വിചിത്ര വാദം.

എന്നാൽ, ഇനി ഈ ജോലി ലഭിക്കണമെങ്കിൽ പി.എസ്.സി ഈ തസ്തികയിൽ അടുത്ത വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷയും മറ്റും നടത്തി റാങ്ക് ലിസ്റ്റ് ഇറക്കുന്നവരെ കാത്തിരിക്കണമെന്നും പരാതി ഉണ്ട്. 2020ൽ വിജ്ഞാപനം വന്ന തസ്തികയിൽ 2025ലാണ് റാങ്ക് ലിസ്റ്റ് വന്നത്. സത്യം പറഞ്ഞാൽ പി.എസ്.സിയുടെ വാശി കാരണം ഇനിയും അഞ്ച് വർഷത്തോളം വീണ്ടും സനിലിന് കാത്തിരിക്കേണ്ടിവരുമെന്ന് സാരം. ഇപ്പോൾ നീതി തേടി യുവാവ് മുഖ്യമന്ത്രി, ഗവർണർ, പി.എസ്.സി ചെയർമാൻ, സെക്രട്ടറി, സൈനിക ക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ് എന്നിവിടങ്ങളിൽ സഹായ അഭ്യർത്ഥന നൽകി കാത്തിരിക്കുകയാണ് സനിൽ എന്ന മൈനാഗപ്പള്ളി സ്വദേശി.

അതേസമയം, എൻസിസി, സൈനിക ക്ഷേമ വകുപ്പിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് തസ്തികകളും കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിൽ ഒരു തസ്തികയുമാണ് ഉള്ളത്. തിരുവനന്തപുരത്ത് ഒന്നിൽ ഏറെ ഒഴിവുള്ളത് കൊണ്ട് തന്നെ റാങ്ക് പട്ടികയിലെ ഒന്നാമന് ജോലി ലഭിക്കുകയും ചെയ്തു. എറണാകുളത്തും കൊല്ലം ജില്ലയ്ക്കു സമാനമായ പ്രശ്‌നം ആയതിനാൽ റാങ്ക് പട്ടികയിലെ ഒന്നാമനോ മറ്റാർക്കെങ്കിലോ ജോലി ലഭിച്ചിട്ടില്ല. നിലവിൽ കോട്ടയത്തും യോഗ്യരായ 5 ഉദ്യോഗാർഥികളിൽ ഒരാളും ഭിന്നശേഷിക്കാർ അല്ലാത്തതിനാൽ അവിടെയും സമാനമായ സാഹചര്യം തന്നെയാണ്.

അതുപ്പോലെ വർഷങ്ങളായി അതായത് 1995 മുതൽ ജില്ലയിൽ ഒഴിവുള്ള ഈ തസ്തികയിലേക്ക് യോഗ്യത ഉള്ളവർ ഇല്ലെന്ന പേരിൽ താൽക്കാലിക നിയമനമാണ് നടന്നുവരുന്നത്. ജില്ലാ അടിസ്ഥാനത്തിലെ ഒരു ഒഴിവ് മാത്രമുള്ള, ദീർഘകാലമായി അനുയോജ്യരായ ഉദ്യോഗാർഥികളെ കിട്ടാത്ത തസ്തികകളിൽ നിന്ന് ഭിന്നശേഷി സംവരണം ഒഴിവാക്കി മറ്റു തസ്തികളിലേക്ക് മാറ്റുകയോ അല്ലെങ്കിൽ സംവരണം ഉള്ളവർ ഇല്ലാത്ത സാഹചര്യത്തിൽ മറ്റുള്ളവരെ പരിഗണിക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്നാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.

Tags:    

Similar News