കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും; ഘോഷയാത്രക്കിടെ സിപിഎം പ്രവര്‍ത്തകരുടെ ആഘോഷം 'പുഷ്പനെ അറിയാമോ' എന്ന ഗാനവുമായി; കണ്ണൂരില്‍ ക്ഷേത്രോത്സവങ്ങള്‍ പാര്‍ട്ടി ശക്തിപ്രകടനങ്ങളുടെ വേദിയാകുന്നു
കണ്ണൂരില്‍ ക്ഷേത്രോത്സവങ്ങള്‍ പാര്‍ട്ടി ശക്തിപ്രകടനങ്ങളുടെ വേദിയാകുന്നു
കണ്ണൂര്‍: സര്‍വതും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട കണ്ണൂരില്‍ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ശക്തിപ്രകടനങ്ങള്‍ പതിവാകുന്നു. ക്ഷേത്രങ്ങളില്‍ വിപ്ലവഗാനങ്ങളും പതാകയുമെല്ലാം പതിവാകുകയാണ്. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ ആഘോഷം. 'പുഷ്പനെ അറിയാമോ' എന്ന ഗാനമാണ് ഘോഷയാത്രയില്‍ ഉപയോഗിച്ചിരുന്നത്.
നേരത്തെ ക്ഷേത്രോത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെചിത്രങ്ങളുള്ള കൊടി വീശിയത് വിവാദമായിരുന്നു. പറമ്പായി കുട്ടിച്ചാത്തന്‍ മഠം ഉത്സവത്തിന്റെ ഭാഗമായ കലശ ഘോഷയാത്രയിലാണ് മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികളുടെ ചിത്രം പതിച്ച കൊടികള്‍ ഉപയോഗിച്ചത് വിവാദമായത്.
മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച 8 പേരുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായാണ് അന്ന് ക്ഷേത്ര പരിസരത്ത് ആഘോഷം നടന്നത്. സി പി എം ശക്തികേന്ദ്രമായ പ്രദേശത്ത് നടന്ന കലശത്തിനിടെ എ കെ ജിയുടെയും ഇ എം എസിന്റെയും പേര് പറഞ്ഞുള്ള മുദ്രാവാക്യം വിളിക്കും വിപ്ലവഗാനങ്ങള്‍ക്കും ഒപ്പമായിരുന്നു കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നത്.
ഇതിന് പിന്നാലെയാണ് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവഗാനവും ഉപയോഗിച്ചത്. ഇതുസംബന്ധിച്ച് നിലവില്‍ ആരും പരാതി നല്‍കിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ താമസിക്കുന്ന ജില്ല ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. നിരീശ്വരവാദ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ സിപിഎം ഈ വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് സ്വാധീനത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന രീതിയില്‍ തുടങ്ങി, ഇപ്പോള്‍ ക്ഷേത്രോത്സവങ്ങള്‍ വരെ പാര്‍ട്ടിയുടെ ഭാഗമായി തീരുകയാണ്.
പാര്‍ട്ടി കേഡര്‍മാരില്‍ ധാരാളം വിശ്വാസികളുണ്ടെന്നും, ആ പാത പിന്തുടരുന്നതില്‍ നിന്ന് അവരെ വിലക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി അംഗങ്ങളില്‍ പലരും ക്ഷേത്ര നടത്തിപ്പില്‍ പങ്കാളികളായിരിക്കാം. എന്നാല്‍ ആരാധാനാലയങ്ങള്‍ പിടിച്ചെടുക്കുകയെന്നത് പാര്‍ട്ടി അജണ്ടയല്ലെന്നും ജയരാജന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവുകളും ക്ഷേത്രങ്ങളും നിയന്ത്രിച്ചത് ആര്‍എസ്എസും സംഘപരിവാറുമായിരിന്നു. അവര്‍ അതിന്റെ മറവില്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ചു. തുടര്‍ന്നാണ് വര്‍ഗീയതയ്ക്കെതിരായ ചെറുത്തുനില്‍പ്പെന്ന രീതിയില്‍ ക്ഷേത്രങ്ങളില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും എംവി ജയരാജന്‍ പറഞ്ഞു.
ജില്ലയിലെ പലയിടങ്ങളിലും ക്ഷേത്രങ്ങളും നിയന്ത്രിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. അതിന്റെ ഭാഗമായി സിപിഎമ്മായാലും ബിജെപിയായാലും കോണ്‍ഗ്രസായാലും ക്ഷേത്രത്തിലെ ഘോഷയാത്രകള്‍ വരെ രാഷ്ട്രീയമായ ശക്തിപ്രകടനങ്ങള്‍ക്കുള്ള വേദികളാകുന്നു. ഇത് പലപ്പോഴും രാഷ്ട്രീയമായ സംഘര്‍ഷങ്ങള്‍ക്കും കാരണമായി. അഞ്ച് വര്‍ഷം മുന്‍പ് വരെ ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും ചിഹ്നങ്ങളും പതിവായിരുന്നു. 2017ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തോടെയാണ് സംഘര്‍ഷങ്ങള്‍ അവസാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ചില ക്ഷേത്രോത്സവത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ക്ഷേത്രോത്സവങ്ങള്‍ ഓരോ പ്രദേശത്തിന്റെയും ആഘോഷമാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ നിരവധി വിശ്വാസികളുണ്ടെന്നും മിക്ക ക്ഷേത്രങ്ങളും തെയ്യം കാവുകളാണെന്നും അവിടെ ഞങ്ങള്‍ കീഴാള ദേവതകളെ ആരാധിക്കുന്നുവെന്നും അവര്‍ പറയുന്നു. ഞങ്ങളുടെ 'മുത്തപ്പന്‍' സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, സിപിഎം മതപരമായ പാരമ്പര്യങ്ങള്‍ തകര്‍ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. 'ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് ഉള്ളതാണ്. കണ്ണൂരില്‍ സിപിഎം മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.