ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്? ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന കേസില്‍ ചോദ്യങ്ങളുയര്‍ത്തി ബിജെപി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ
ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല?
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയോട് ചോദ്യങ്ങളുയര്‍ത്തി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ആര്‍ ശ്രീലേഖ. ഫേസ്ബുക്കിലൂടെയാണ് വിവാദ പ്രതികരണം. സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ പരാതിയെന്ന് ചോദ്യം. ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല. ഇപ്പോള്‍ എന്തിനാണ് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനും, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനുമാണോ എന്നും ചോദ്യം.
ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ല?
ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി?
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?
അതോ ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
മുമ്പും സമാനമായ കേസുകളില്‍ ശ്രീലേഖ ഇത്തരം പ്രികരണം നടത്തിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ആര്‍. ശ്രീലേഖ. രാഹുലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമ്പോഴാണ് ശ്രീലേഖയുടെ വിവാദ പരാമര്‍ശം. ലൈംഗിക ചൂഷണ പരാതിക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഓഫീസിന് മുമ്പില്‍ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകരാണ് റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തകമ്മില്‍ ഓഫീസിന് മുമ്പില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
വ്യാഴാഴ്ച രാത്രിയോടെയാണ് എംഎല്‍എ ഒഫീസിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ച് എത്തിയത്. തുടര്‍ന്ന് ഓഫീസിനു മുന്നില്‍ റീത്ത് വെക്കുകയായിരുന്നു. വലിയ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പോലീസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് ചെറിയതോതിലുള്ള ഉന്തുംതള്ളും ഉണ്ടായി. പിന്നാലെ ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പോലീസ് കേസേടുത്തിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ കൊച്ചിയിലെ അഭിഭാഷകരുമായി സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ലൈംഗിക പീഡന പരാതി നല്‍കിയത്. ഒപ്പം ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
രാഹുലിനെതിരായ ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.
