രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും; പാര്‍ട്ടി ആഘോഷങ്ങളില്‍ സജീവം; പാക്കിസ്ഥാന്‍ സ്‌നേഹമെന്ന് ബിജെപി; പ്രതികരിക്കാതെ കോണ്‍ഗ്രസ്
രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷത്തിനായി ചെങ്കോട്ടയില്‍ എത്താതെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. കഴിഞ്ഞ വര്‍ഷത്തെ ഇരിപ്പിട ക്രമീകരണത്തിലെ നീരസമാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍നിന്ന് വിട്ടുനിന്നതിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സര്‍ക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കെയാണ് നേതാക്കള്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോണ്‍ഗ്രസ് നേതാക്കള്‍ ആരും നടത്തിയിട്ടില്ല. അതേ സമയം രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഇന്ദിരാഭവനിലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ ഇരു നേതാക്കളും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രതിപക്ഷ നേതാവ് മുന്‍നിരയിലാണ് ഇരിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിക്ക് മുന്‍ നിരയില്‍ ഇരിപ്പിടം അനുവദിച്ചിരുന്നില്ല. പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു രാഹുലിന്റെ ഇരിപ്പിടം. ഒളിംപിക്‌സ് താരങ്ങള്‍ക്കായി നടത്തിയ ഇരിപ്പിട ക്രമീകരണത്തെ തുടര്‍ന്നാണ് അത് സംഭവിച്ചത് എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, എസ്. ജയ്ശങ്കര്‍ തുടങ്ങിയവര്‍ മുന്‍ നിരയിലാണ് ഇരുന്നത്. രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനിന്നതിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും നടപടി നാണംകെട്ട പ്രവൃത്തിയാണെന്നും ഇരുവര്‍ക്കും സങ്കുചിത മനസാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതൊരു ദേശീയ ആഘോഷമായിരുന്നുവെന്നും പക്ഷേ പാക്കിസ്ഥാനെ സ്‌നേഹിക്കുന്ന രാഹുല്‍ പങ്കെടുക്കാത്തത് ദുഃഖകരമാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല വിമര്‍ശിച്ചു. ഇരുവരും ആഘോഷ പരിപാടിയില്‍ നിന്നും വിട്ട് നിന്നതിനെ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുകയാണ് ബിജെപി.
നേതാക്കളുടെ അസാന്നിധ്യത്തിന് ഔദ്യോഗികമായി ഒരു വിശദീകരണവും കോണ്‍ഗ്രസ് നല്‍കിയിട്ടില്ലെങ്കിലും, കഴിഞ്ഞ വര്‍ഷം ചെങ്കോട്ടയിലെ ഇരിപ്പിടക്രമത്തില്‍ രാഹുല്‍ ഗാന്ധിക്കുണ്ടായ അതൃപ്തിയാണ് വിട്ട് നില്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഒളിമ്പിക് താരങ്ങള്‍ക്ക് ഇരിപ്പിടം നല്‍കാനായി രാഹുല്‍ ഗാന്ധിയെ അവസാന നിരയിലേക്ക് മാറ്റിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും രാഹുലും, ഖര്‍ഗെയും പ്രതികരിച്ചിട്ടില്ല.
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ദേശീയ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ സമരത്തിന്റെ വിലയേറിയ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. നമ്മുടെ ജനാധിപത്യം വിലമതിക്കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള ഒരു മഹത്തായ അവസരമാണ് സ്വാതന്ത്ര്യദിനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്‌സില്‍ കുറിച്ചു.
അതേ സമയം, 103 മിനിറ്റ് ദൈര്‍ഘ്യമേറിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം. സ്വാതന്ത്യ ദിന പ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌ക്കരണം പ്രഖ്യാപിച്ച പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി നിത്യോപയോഗ സാധനങ്ങളുടെ ജിഎസ് ടിയില്‍ കാര്യമായ ഇളവുണ്ടാകുമെന്നും അറിയിച്ചു. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ മെഗാ തൈാഴിലവസര പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തിലാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാറിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.
നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ച് മധ്യവര്‍ഗത്തിന്റെ ജീവിതം ആയാസ രരഹിതമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ മൂന്നര കോടി യുവാക്കളെ ലക്ഷ്യമിട്ടാണ് പിഎം വികസിത ഭാരതം തൊഴില്‍ പദ്ധതി ഇന്ന് മുതല്‍ യാഥാര്‍ത്ഥ്യമാകുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം സ്വകാര്യമേഖലയില്‍ ആദ്യമായി ജോലി പ്രവേശിക്കുന്നവര്‍ക്ക് പതിനയ്യായിരം രൂപ ലഭിക്കും.