പോലീസിന്റെ നടപടി രണ്ട് വര്‍ഷത്തിലേറെ മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍; ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; 'പ്രതിയെ പ്രദര്‍ശനവസ്തുവാക്കാന്‍ അനുവദിക്കരുത്'; പോലീസ് വ്യക്തിഹത്യ നടത്തി ഭാവി തകര്‍ക്കുന്നു; നീക്കങ്ങള്‍ക്ക് പിന്നില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലുള്ള വൈരാഗ്യ; കോടതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ ഇങ്ങനെ

ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം

Update: 2026-01-13 09:32 GMT

പത്തനംതിട്ട: ബലാത്സംഗ കേസിലെ കസ്റ്റഡി അപേക്ഷയിന്മേലുള്ള വാദത്തില്‍ പോലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. കസ്റ്റഡിയില്‍ എടുത്ത സ്ഥലത്ത് നിന്ന് തിരുവല്ല കോടതിയില്‍ എത്തിച്ചത് പ്രദര്‍ശന വസ്തു ആക്കാനാണെന്നാണ് രാഹുലിന്റെ വാദം. പൊലീസ് തന്നെ പൊതുജന വിചാരണയ്ക്ക് എറിഞ്ഞ് കൊടുത്തെന്നും രാഹുല്‍ ആരോപിച്ചു. അഡ്വ. ശാസ്തമംഗലം അജിത് കുമാറിന്റെ ജൂനിയറായ അഡ്വ. അഖിലാഷ് ചന്ദ്രനാണ് കോടതിയില്‍ ഹാജറായത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രധാനമായും വാദിച്ചത്. ലൈംഗിക വൈകൃതം ഉള്ളയാളെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് രാഹുല്‍ വാദിച്ചു. ഇതുവഴി തന്റെ ഭാവി തകര്‍ക്കലാണ് ലക്ഷ്യമിടുന്നതെന്നും കോടതിയില്‍ രാഹുല്‍ വാദിച്ചു.

എന്തിനാണ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നും, പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലുള്ള വൈരാഗ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തെളിവെടുപ്പിന്റെ പേരില്‍ പ്രതിയെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോയി മോശമായി ചിത്രീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിയെ ഒരു വേട്ടമൃഗത്തെപ്പോലെയോ പോലീസിന്റെ വിജയചിഹ്നമായോ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നും ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും നീതിയുക്തമായ വിചാരണയുടെയും ലംഘനമാണെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു.

വിചാരണയ്ക്ക് മുന്‍പേ പ്രതിയെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ പോലീസിന് അവകാശമില്ലെന്ന് അഭിഭഷകന്‍ വാദിച്ചു. രണ്ട് വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍, സ്ഥലം പോലീസിന് കൃത്യമായി അറിയാവുന്നതാണ്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിനായി പ്രതിയെ പുറത്തുകൊണ്ടുപോകുന്നത് പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണെന്ന് പ്രതിഭാഗം വാദിച്ചു.

അതേസമയം നിയമസഭാ സാമാജികരുമായും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള പ്രതിയെ വിട്ടുകിട്ടണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പോലീസ് കോടതിയില്‍ വാദിച്ചു. പ്രതിക്ക് കേരള നിയമസഭാ സാമാജികരുമായും ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുമായും ബന്ധമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മുന്‍പ് പ്രതിയായിട്ടുള്ള കേസുകളിലെ ഇരകളെ സൈബര്‍ ബുളളിംഗിലൂടെ അപകീര്‍ത്തിപ്പെടുത്താനും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനും പ്രതി ശ്രമിച്ചിട്ടുണ്ടെന്നും വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് ഇരകളുടെ ജീവന് തന്നെ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും നിയമനടപടികളെ വെല്ലുവിളിച്ച് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

അറസ്റ്റ് സമയത്ത് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ പ്രതി തയ്യാറായിട്ടില്ലെന്നും ഇത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. പ്രതിയും ഇരയും തമ്മിലുള്ള ചാറ്റുകളും, ഇരയുടെ നഗ്‌ന വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വാദിച്ചതോടെയാണ് രാഹുലിനെ കസ്റ്റഡിയില്‍ വിട്ടത്.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല കോടതി മാങ്കൂട്ടത്തിലിനെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News