മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററീ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തും; എംഎല്‍എ പദം രാജിവയ്ക്കണമോ എന്നതില്‍ വ്യക്തിപര തീരുമാനം എടുക്കട്ടേ എന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും; സതീശനും ചെന്നിത്തലയും മുരളീധരനും ഒരേ സ്വരം; കെപിസിസിയിലേക്ക് പന്തു തട്ടി ഹൈക്കമാണ്ട്; രാജി ഉണ്ടായേക്കും

Update: 2025-08-24 05:41 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിനൊപ്പം രമേശ് ചെന്നിത്തലയും കെ മുരളീധരനും രംഗത്തുണ്ട്. ഇതോടെ കെപിസിസിയും കടുത്ത നടപടികളിലേക്ക് കടക്കും. കോണ്‍ഗ്രസില്‍ നിന്നും രാഹുലിനെ സസ്‌പെന്റ് ചെയ്യും. പാര്‍ലമെന്ററീ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തും. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടത് വ്യക്തിപരമായ തീരുമാനമാണ്. ഇതില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തീരുമാനം എടുക്കട്ടേ എന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം എത്തും. കോണ്‍ഗ്രസ് ഹൈക്കമാണ്ട് തീരുമാനം എടുക്കാനുള്ള അധികാരം കെപിസിസിയ്ക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ തള്ളാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ നടപടി പ്രഖ്യാപനം ഏത് സമയവും വന്നേക്കും. അതിനിടെയ രാഹുലിനെ രക്ഷിച്ചെടുക്കാന്‍ ഇപ്പോഴും ഷാഫി പറമ്പില്‍ സജീവ ഇടപെടല്‍ നടത്തുന്നുണ്ട്.

ഇതിനിടെ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചനയുമുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുല്‍ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ച സാഹചര്യത്തിലാണ് ഇത്. അടൂരിലെ വീട്ടില്‍ തുടരുന്ന രാഹുല്‍ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ രാജിയില്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍ തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന് ഒരു വിഭാഗം പറയുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു. പക്ഷേ സതീശനും ചെന്നിത്തലയും ഉറച്ച നിലപാടിലാണ്. ഇന്നലെ പുറത്തു വന്ന ഓഡിയോ കൂടുതല്‍ ഗൗരവതരമെന്നാണ് വിലയിരുത്തല്‍.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ രംഗത്തു വന്നു. രാഹുലിനെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാര്‍ട്ടിയുമാണെന്ന് ഷംസീര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ ആയിരിക്കണം. സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ഒരു കാര്യവും ഔദ്യോഗികമായി തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു. മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഈ പ്രതികരണം. മാങ്കൂട്ടത്തില്‍ എംഎല്‍എ അതിജീവിതയെയും ഗര്‍ഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിമുഴക്കുന്നതിന്റെ ഫോണ്‍സംഭാഷണവും പുറത്തുവന്നിരുന്നു.

സ്ത്രീയെയും ഗര്‍ഭസ്ഥശിശുവിനെയും ക്രൂരമായി കൊല്ലുമെന്ന് പറയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ പ്രതിഷേധം രൂക്ഷമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന മൊട്ടാകെ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെയും പ്രതിഷേധമുണ്ടായി. രാഹുല്‍ അടൂരിലെ വീട്ടില്‍ ശനിയാഴ്ച രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. രാഹുല്‍ അതിജീവിതകള്‍ക്കെതിരെ പറയുമെന്ന വിവരം ലഭിച്ചതോടെയാണ് വാര്‍ത്താസമ്മേളനം റദ്ദാക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. നേരത്തെ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാട് എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും വ്യക്തമാക്കിയിരുന്നു. പാര്‍ടിക്കോ പൊലീസിനോ പരാതി ലഭിക്കാത്ത സ്ഥിതിക്ക് എന്തിന് രാജിയെന്ന് അവര്‍ ചോദിച്ചു. അതേസമയം, പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണമെന്നും പരാതികള്‍ ഗൗരവമുള്ളതാണന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ജനവികാരം കോണ്‍ഗ്രസിനെതിരാണെന്നും രാഹുല്‍ രാജിവയ്ക്കുന്നതാകും ഉചിതമെന്നും ചില നേതാക്കള്‍ നിലപാടെടുത്തു.

നടി റിനി ആന്‍ ജോര്‍ജ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക അടക്കമുള്ളവര്‍ പരസ്യമായും നിരവധിപ്പേര്‍ ഡിജിറ്റല്‍ തെളിവുകളുമായുമാണ് രാഹുലിനെതിരെ രംഗത്തുവന്നത്. അതിനിടെ ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ സമ്മര്‍ദത്തിലാക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എറണാകുളത്തെ അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ബാലാവകാശ കമീഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കമീഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. പരാതി ഗൗരവമുള്ളതാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനമുണ്ടാകുമെന്നും കമീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ്കുമാര്‍ അറിയിച്ചു.

Tags:    

Similar News