ജാതിയുടെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പിന്മാറിയെന്ന് എഐസിസിക്ക് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടെ പരാതിയെന്ന് ദി വീക്ക്; ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചെന്നും റിപ്പാര്‍ട്ട്; ആ ചതിയും പുറത്തേക്ക്
തിരുവനന്തപുരം: ജാതിയുടെ പേരില്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പിന്മാറിയെന്ന് എഐസിസിക്ക് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകളുടെ പരാതി. പിന്നാക്ക വിഭാഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുല്‍ ഒഴിയുകയായിരുന്നു പെണ്‍കുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു. വിശ്വാസവഞ്ചനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍നിന്ന് പെണ്‍കുട്ടി ഇതുവരെ മുക്തയായിട്ടില്ല. മനോരമയുടെ മാനേജ്‌മെന്റിന് കീഴിലാണ് ഇംഗ്ലീഷ് മാധ്യമമായ ദി വീക്ക് വരുന്നത്.
ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാന്‍ രാഹുല്‍ താല്‍പര്യപ്പെട്ടു. എന്നാല്‍ പിന്നീട് ജാതിയുടെ പേരില്‍ ഒഴിവാക്കുകയായിരുന്നു. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് പെണ്‍കുട്ടി. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്‍പ്പെടെ ഈ വിഷയം അറിയാമെന്നും ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ എംപിയുടെ മകളുടേത് ഉള്‍പ്പെടെ രാഹുലിനെതിരെ ഒന്‍പതിലധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്. വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ യുവതിയെ നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ അടക്കം രംഗത്തു വന്നു. രാജിവെക്കാന്‍ പാര്‍ട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. വാത്തകളൊക്കെ ഞെട്ടിക്കുന്നതാണ്. വല്ലാത്ത രീതിയില്‍ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ഇത് പാര്‍ട്ടി ഏല്‍ക്കേണ്ട കാര്യവുമില്ല. ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല. കേട്ട വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സമാനതകളില്ലാത്താണ്. ധാര്‍മിക ബോധമുണ്ടെങ്കില്‍ രാഹുല്‍ രാജിവെച്ച് പുറത്തുപോണമെന്നും ജോസഫ് വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിഷമം തോന്നിയെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പ്രതികരിച്ചു. തെറ്റോ ശരിയോ ആകട്ടെ ഇത്തരമൊരു വാര്‍ത്ത വരാന്‍ പാടില്ലായിരുന്നു. കെപിസിസിയും പ്രതിപക്ഷ നേതാവും ഉന്നത നേതാക്കളും ആലോചിച്ച് വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എ തങ്കപ്പന്‍ പറഞ്ഞു. രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യതയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസിന്റെ മുന്‍തൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. വിളിച്ചിട്ട് കിട്ടിയില്ല. മൂഡ് ഔട്ട് ആയിരിക്കാം. സമൂഹം നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും എ തങ്കപ്പന്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി.
പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമായും നിരാശയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് നമ്മള്‍. കെപിസിസി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ തങ്കപ്പന്‍ ആവര്‍ത്തിച്ചു. അതേസമയം, രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിനെ നിലപാടറിയിച്ചു. രാജി കൂടിയേ തീരൂവെന്ന വിട്ടുവീഴ്ചയില്ലാതെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് സൂചന.