ഗര്‍ഭഛിദ്രം നടത്തിയ ഇരയുടെ പേര് ക്രൈംബ്രാഞ്ചിന് കിട്ടിയോ? പരസ്യമായി രാഹുലിനെതിരെ പ്രതികരിച്ച നടിയ്ക്കും ട്രാന്‍സ് ജെന്‍ഡറിനും കേസിനോട് താല്‍പ്പര്യമില്ല; അന്വേഷകര്‍ക്ക് അവര്‍ മൊഴി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ട്; ബംഗ്ലൂരില്‍ നിന്നും രേഖ കിട്ടിയാലും ബലാത്സംഗം ചുമത്താന്‍ മൊഴി അനിവാര്യം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണം 'ആവിയായേക്കും'

Update: 2025-09-10 03:34 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അന്വേഷണം 'ആവിയായേക്കും'. രാഹുലിനെതിരെ പരസ്യമായി രംത്തു വന്ന രണ്ട് ഇരകള്‍ക്ക് കേസിനോട് താല്‍പ്പര്യമില്ല. ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അവര്‍ അറിയിച്ചു. ഇതിനൊപ്പം ഗര്‍ഭ ഛിദ്രത്തിന് ഇരയായി എന്ന് ക്രൈംബ്രാഞ്ച് കരുതുന്ന യുവതിയും പരാതിയോട് താല്‍പ്പര്യം കാട്ടുന്നില്ല. കേസിനില്ലെന്ന് ഇവരും അറിയിച്ചെന്നാണ് സൂചന. കേട്ടു കേള്‍വിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍. ഇരകള്‍ എല്ലാം കേസിനോട് വിമുഖത കാട്ടുന്നത് ക്രൈംബ്രാഞ്ചിന് തിരിച്ചടിയാകും. ഇതോടെ അന്വേഷണവും വഴിമുട്ടും. ബംഗ്ലൂരു ആശുപത്രിയില്‍ നിന്നും ഗര്‍ഭഛിദ്ര തെളിവുകള്‍ കിട്ടിയാല്‍ പോലും അതില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല. ഈ സാഹചര്യത്തില്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിച്ച അതേ അവസ്ഥയില്‍ മാങ്കൂട്ടത്തില്‍ കേസുമെത്തും.

മാങ്കൂട്ടത്തില്‍ എംഎല്‍എ ഇരകളിലൊരാളെ ഗര്‍ഭഛിദ്രം നടത്തിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നാണ് രാഹുലിനെതിരായ നിര്‍ണായക രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് സംഘം ഉടന്‍ ബംഗളൂരുവിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ട് യുവതികളാണ് ഗര്‍ഭഛിദ്രത്തിന് വിധേയരായത്. ഇതിലൊരാളെ രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണെന്നാണ് അറിയുന്നത്. ഈ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന തുടര്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് നേരിട്ട് മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഹുലിനെതിരേ യുവതി മൊഴി നല്‍കിയാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കേസില്‍ താല്‍പ്പര്യമില്ലെന്ന് യുവതി അറിയിച്ചതായാണ് സൂചന. പരസ്യ നിലപാട് എടുത്ത നടിയും ട്രാന്‍സ് ജെന്‍ഡറും മൊഴി കൊടുക്കാന്‍ വിസമ്മതിച്ച കാര്യം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാഹുലിനെതിരേ ഇരകളാരും ഇതുവരെ അന്വേഷണ സംഘത്തെ സമീപിച്ചിട്ടില്ല. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുംവിധം സന്ദേശം അയച്ചു, ഫോണില്‍ ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇരകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന് അപ്പുറമുള്ള ഗൗരവമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ കഴിയില്ല. ഇതിനൊപ്പം കേസ് കോടിതിയില്‍ തള്ളിപ്പോകുന്ന സാഹചര്യവുമുണ്ടാകും.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ എത്തിക്കാന്‍ നീക്കം നടത്തി പാലക്കാട് ഡിസിസിയും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വര്‍ദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാല്‍ രാഹുലിന് പ്രവര്‍ത്തകര്‍ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു. രാഹുല്‍ പാലക്കാട് എത്തിയിട്ട് 20 ദിവസത്തില്‍ കൂടുതലായി. രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അടക്കം രാഹുലിന് പിന്തുണയേറിയിട്ടുണ്ടെന്നും മണ്ഡലത്തിലെത്തുന്ന മുറയ്ക്ക് പ്രതിഷേധമുണ്ടായാലും പ്രതിരോധിക്കാവുന്നതാണെന്നും ഡിസിസി വിലയിരുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കെപിസിസിയാണ്. കോണ്‍ഗ്രസ് ഹൈക്കമാണ്ടും രാഹുലിനെ പിന്തുണച്ചേക്കും. കേസുകളില്‍ ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യവും ഹൈക്കമാണ്ട് പരിഗണിക്കും.

Tags:    

Similar News