'എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആ യൂട്യൂബേഴ്‌സ്!'; പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷിന്റെ വീഡിയോ; ഒമ്പത് മാസമായി ജോലിയില്ല, മകനെ വളര്‍ത്താന്‍ കഷ്ടപ്പെടുമ്പോഴും ക്രൂരമായ വേട്ടയാടല്‍; അഞ്ചാം വിവാഹമെന്ന് പറഞ്ഞ് അപമാനിക്കുന്നവര്‍ക്കെതിരെ നടി രംഗത്ത്

പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷിന്റെ വീഡിയോ

Update: 2026-02-16 12:12 GMT

തിരുവനന്തപുരം: യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം അവരായിരിക്കുമെന്നും വെളിപ്പെടുത്തി മലയാളം സീരിയല്‍ നടി രേഖ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് രേഖ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ ഒമ്പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കഴിയുകയാണെന്നും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനാണുള്ളതെന്നും രേഖ വിഡിയോയില്‍ പറയുന്നു. 'കഴിഞ്ഞ മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം ക്യാപ്ഷനുകള്‍ നല്‍കി എന്നെപ്പറ്റി വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല.' നടി വെളിപ്പെടുത്തി.

''പ്രിയപ്പെട്ട സര്‍ക്കാര്‍, പിണറായി വിജയന്‍ സാറിന്, എന്റെ പേര് രേഖ രതീഷ്. ഞാന്‍ മലയാളം സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നൊരു മകന്‍ എനിക്കുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ എന്റെ ഫ്‌ലാറ്റില്‍ തന്നെ കഴിയുകയാണ്. മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്‌സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് എന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഇവരെല്ലാവരും എന്നെ ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദത്തിലാക്കുകയാണ്.

ഇത്രയും മാനസിക സമ്മര്‍ദം എനിക്ക് താങ്ങാനാവുന്നില്ല. ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞ് പോവുന്നുണ്ട്. മകനുവേണ്ടി കഷ്ടപ്പെട്ട് ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍. എന്നാല്‍ യൂട്യൂബേഴ്‌സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. മാനസികമായ സമ്മര്‍ദം കാരണം ജീവിക്കാന്‍ പറ്റുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്‌സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. ഇതുകൊണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ഇവിടെ അവസാനിക്കണം.

എന്നെ മാത്രമല്ല, ഇതേ ഫീല്‍ഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. അവരെ ചൂഷണം ചെയ്യുകയാണ് ഇവര്‍. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. എനിക്കു വേണ്ടി മാത്രമല്ല, ഇനിയുള്ള സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാകരുത്. സര്‍ക്കാര്‍ ഇതില്‍ ഒരു തീരുമാനമെടുത്ത് ഞങ്ങളെ രക്ഷിക്കണം''. - രേഖ വീഡിയോയില്‍ പറയുന്നു.

Full View

സൈബര്‍ ക്വട്ടേഷന്‍: തകരുന്ന ജീവിതങ്ങള്‍

യൂട്യൂബ് വ്യൂസിന് വേണ്ടി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ തേജോവധം ചെയ്യുന്ന പ്രവണതയ്‌ക്കെതിരെയാണ് രേഖ ആഞ്ഞടിക്കുന്നത്. മോശം തലക്കെട്ടുകളും തെറ്റായ വാര്‍ത്തകളും നല്‍കി തന്നെയും സഹപ്രവര്‍ത്തകരെയും ഇവര്‍ നിരന്തരം വേട്ടയാടുകയാണെന്ന് നടി പറയുന്നു. മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ലെന്നും, ഇനിയും ആര്‍ക്കും ഈ ഗതി വരരുതെന്നും അവര്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.

വിവാദമായ 'പുതിയ അധ്യായം'

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ രേഖ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ''എന്റെ ജീവിതത്തില്‍ ഇന്ന് ഞാന്‍ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്'' എന്ന ക്യാപ്ഷനോടെ സുഹൃത്തായ നടന്‍ ഈശ്വറുമായി വീഡിയോ കോളില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ താരം പങ്കുവച്ചിരുന്നു.

' എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം'' എന്നാണ് രേഖ രതീഷ് ആ റീലില്‍ പറയുന്നത്. പിന്നാലെ നടനും സുഹൃത്തുമായ ഈശ്വറുമായി താരം വിഡിയോ കോളില്‍ സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. 'എ ന്യൂ ചാപ്റ്റര്‍' എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തിറക്കിയത്. എന്നാല്‍ ഈ വിഡിയോയ്ക്കു താഴെ ചിലര്‍ നെഗറ്റീവ് കമന്റുകളുമായി എത്തിയിരുന്നു

രേഖ അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നുവെന്നും സാമ്പത്തിക ലക്ഷ്യങ്ങള്‍ വച്ചാണ് പുതിയ ബന്ധമെന്നുമുള്ള സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്.

Tags:    

Similar News