ഹര്‍ജി പരിണിച്ചപ്പോള്‍ തന്നെ പുനഃപരിശോധനയെ പിന്തുണച്ച് കേന്ദ്രം നല്‍കുന്നത് വിശ്വാസികള്‍ക്കൊപ്പമെന്ന സന്ദേശം; ശബരിമലയില്‍ കേന്ദ്രം എന്തു ചെയ്തുവെന്ന ചോദ്യം ഇനി എന്‍ എസ് എസിന് ഉയര്‍ത്താനാകില്ല; വിശ്വാസ വിഷയത്തില്‍ മൗനം തുടര്‍ന്ന് കേരളം; മാര്‍ച്ച് 14-ലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പിണറായി മന്ത്രിസഭയുടെ നിലപാട് തെളിയും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യുവതി പ്രവേശനത്തെ എതിര്‍ക്കും
ന്യൂഡല്‍ഹി/തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ സുപ്രീംകോടതിയില്‍ പരസ്യമായി പിന്തുണച്ച് കേന്ദ്രസര്‍ക്കാര്‍. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച പുതിയ മൂന്നംഗ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന്റെ അനുകൂല നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ഇതേ വിഷയത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കാതെ കേരള സര്‍ക്കാര്‍ മൗനം തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കുകയാണ്. എന്നാല്‍ ഏറെ കാലം മൗനം തുടരാന്‍ കഴിയില്ലെന്നതാണ് വസ്തുത.
2018-ലെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വിശ്വാസികളെ പിണക്കാതെയും പഴയ നിലപാട് പരസ്യമായി തള്ളാതെയും കരുതലോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മാര്‍ച്ച് 14 ആണ് എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അവസാന തീയതിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരാനിരിക്കുന്ന വേളയില്‍, കോടതിയില്‍ നല്‍കുന്ന ഈ സത്യവാങ്മൂലമായിരിക്കും ഇടത് സര്‍ക്കാരിന്റെ രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമായി മാറും. നവോത്ഥാന വാദം സര്‍ക്കാര്‍ ഉപേക്ഷിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ശബരിമല യുവതീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാഷ്ട്രീയ കേരളത്തില്‍ പുതിയ പോര്‍മുഖം തുറക്കും. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന കൃത്യമായ സന്ദേശം കേന്ദ്രം നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ മൗനം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിടുന്നത്. പുനഃപരിശോധനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചതോടെ, വിശ്വാസ വിഷയത്തില്‍ തങ്ങള്‍ക്കൊപ്പമാണ് കേന്ദ്രമെന്ന സന്ദേശം നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും സാധിച്ചു. ഇതോടെ, ശബരിമല വിഷയത്തില്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന എന്‍എസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടെയും രാഷ്ട്രീയ എതിരാളികളുടെയും വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും, കോടതിയില്‍ മറുപടി പറയാതെ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്. എഴുതിത്തയ്യാറാക്കിയ വാദങ്ങള്‍ മാര്‍ച്ച് 14-നകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 2016-ലെയും 2018-ലെയും വിധി അനുകൂല നിലപാടില്‍ ഉറച്ചുനില്‍ക്കുമോ അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിലപാട് തിരുത്തുമോ എന്നതാണ് ഇടത് സര്‍ക്കാരിനെ കുഴക്കുന്ന ചോദ്യം. സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി, ആചാര സംരക്ഷണത്തിനായി യുവതീപ്രവേശനത്തെ ദേവസ്വം ബോര്‍ഡ് ഇക്കുറി ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന.
ബോര്‍ഡിന്റെ ഈ മനംമാറ്റം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് കെ ജയകുമാര്‍ വിശ്വാസത്തിനൊപ്പമാണ്. ആചാര സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്.
