മുട്ടോളം വെള്ളമുള്ള കോൺക്രീറ്റ് പാലത്തിലൂടെ സാഹസിക യാത്ര തുടങ്ങിട്ട് വർഷങ്ങൾ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്രീയക്കാരെത്തി വാഗ്ദാനങ്ങൾ നൽകി മടങ്ങും; വൃദ്ധരായ കിടപ്പ് രോഗികളും വിദ്യാർത്ഥികളും ഉൾപ്പെടെ എട്ടുകുടുംബങ്ങൾ ദുരിതത്തിൽ; മഴക്കാലമെത്തിയതോടെ ആശങ്കയൊഴിയാതെ കോട്ടുവള്ളി പന്നക്കാട്ടുതുരുത്ത് നിവാസികൾ
കൊച്ചി: പുറത്തേക്ക് കടക്കാൻ സുരക്ഷിതമായ റോഡില്ലാതെ പ്രതിസന്ധിയിലായി ഒരു തുരുത്തിലെ എട്ട് കുടുംബങ്ങൾ. പറവൂർ കോട്ടുവള്ളി പഞ്ചായത്തിലെ പന്നക്കാട്ടുതുരുത്തിലാണ് ഇവർ ഒറ്റപ്പെട്ടു കഴിയുന്നത്. മഴക്കാലമെത്തിയാൽ തുരുത്തുകാർ പുറത്തേക്ക് കടക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. പ്രായമായവരെ കസേരയിൽ ചുമന്നും കുട്ടികളെ ചുമലിലേറ്റിയുമാണവർ പുറത്തേക്ക് കടക്കുന്നത്. വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുന്നത് പോലും വളരെ പ്രയാസപ്പെട്ടാണ്. ഇവരുടെ നരകതുല്യമായ യാത്രക്ക് പരിഹാരം കാണാൻ അധികാരികൾക്കും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വാഗ്ദാനങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തുരുത്ത്കാരെ ഇവർ മറക്കും. വീണ്ടും മഴക്കാലമെത്തിയതോടെ ആശങ്കയിലാണ് പന്നക്കാട്ടുതുരുത്ത് നിവാസികൾ.
വൃദ്ധരായ അഞ്ച് കിടപ്പുരോഗികളും ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു കാൻസർ രോഗിയും ഉൾപ്പെടുന്നതാണ് പന്നക്കാട്ടു തുരുത്തിലെ എട്ടുകുടുംബങ്ങൾ. ഒരസുഖം വന്നാൽപോലും യഥാസമയം ചികിത്സ ലഭ്യമാകണമെങ്കിൽ ഏറെ പ്രയാസപ്പെട്ടുവേണം ഇവർക്ക് പുറത്തേക്കുകടക്കാൻ, പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ. അത്രമേൽ ദുരിതത്തിലാണ് പന്നക്കാട്ടുതുരുത്തുകാർ. ഓട്ടോറിക്ഷ പോലും തുരുത്തിലേക്കെത്തില്ല. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള തുരുത്തിൽ പെട്ടെന്ന് ചികിത്സാ സഹായം തേടണമെങ്കിൽ മുട്ടോളം വെള്ളമുള്ള കോൺക്രീറ്റ് തൂൺ പാലത്തിലൂടെ രോഗിയെ തോളിൽ കയറ്റി അക്കരെ എത്തിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
സർക്കാരിനും, ജില്ലാ ഭരണകൂടത്തിനും, എംഎൽഎക്കും ഉൾപ്പെടെ നിവേദനം നൽകിയെങ്കിലും സുരക്ഷിത സഞ്ചാരത്തിനായി പന്നക്കാട്ടു തുരുത്തിലെ നിർധനരായ കുടുംബങ്ങൾക്ക് നീതി ഇന്നും അകലെയാണ്.നവകേരള സദസ്സിലും നിവാസികൾ പരാതി നൽകിയിരുന്നു. പ്രശ്‌നത്തിന് ഉദ്ദാണ് തന്നെ പരിഹാരം കാണാമെന്ന് നിർദ്ദേശം പഞ്ചായത്തിന് ലഭിച്ചെങ്കിൽം അതും കടലാസിൽ മാത്രം ഒതുങ്ങി. തുരുത്തുകാരുടെ ദുരവസ്ഥ മനസ്സിലാക്കി അടുത്തയിടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടേക്ക് വഴിവിളക്ക് സ്ഥാപിച്ചു നൽകി. എന്നാൽ വഴിവിലക്ക് കൊണ്ട് മാത്രം ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. വഴിവിളക്ക് സ്ഥാപിച്ചുവെങ്കിലും രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടാണ്.
പന്നക്കാട്ട് കുട്ടൻതുരുത്ത് ലിങ്ക് റോഡ് പഞ്ചായത്തിൻ്റെ ആസ്തി വികസന രജിസ്റ്ററിൽ ഇടം നേടിയിട്ടുണ്ടെലും റോഡ് നിർമിക്കണമെങ്കിൽ ഒരു സ്ഥലമുടമ കനിയണം. പന്നക്കാട്ട്-കുട്ടൻതുറു നെൽകൃത ലിങ്ക് റോഡ് യാഥാർഥ്യമാകാൻ പതിനൊന്ന് സ്ഥലമുടമകളാണ് ഭൂമി വിട്ടുനൽകേണ്ടത്. ഇതിൽ പത്ത് പേർ സ്ഥലം വിട്ടുനല്കിയിട്ടുണ്ട്. ഒരു സ്ഥലമുടമ മാത്രം അതിന് തയ്യാറാകാത്തതാണ് റോഡ് നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ പഞ്ചായത്തിൽ നിന്നും കാലതാമസം ഉണ്ടാകാൻ കാരണം. സാമ്പത്തികമായി ഏറെ പിന്നിൽ കഴിയുന്നവരാണ് തുരുത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങൾ. എന്നാലും വിട്ടുനൽകുന്ന സ്ഥലത്തിൽ റോഡ് നിർമിക്കാനായി അവരുടെ വരുമാനത്തിൽ നിന്നും കണ്ടെത്തി തുക നൽകുവാനും തയ്യാറാണ്.
എന്നാൽ സ്ഥലം വിട്ടു നൽകില്ലെന്ന പിടിവാശിയാണ് സ്ഥല ഉടമയുടെ ഭാഗത്തുനിന്നുള്ളതെന്ന് പര സരത്തുതാമസിക്കുന്ന കുടുംബങ്ങൾ പറയുന്നു. ഇനി ജില്ലാ കളക്ടറുടെ ഇടപെടൽ മാത്രമാണ് അവരുടെ ഏക പ്രതീക്ഷ. കളക്ടർക്ക് നിവേദനം നൽകാനാണ് തുരുത്ത് നിവാസികളുടെ തീരുമാനം. ഒരുകാലത്ത് പൊക്കാളി കൃഷി സമൃദ്ധമായി വിളഞ്ഞിരുന്ന പാടശേഖരങ്ങൾ നിറഞ്ഞപ്രദേശമായിരുന്നു പന്നക്കാട്ടു ഗ്രാമം. കൃഷി ലാഭമല്ലാതായതോടെ കൃഷിയിറക്കാതെയായി. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളെല്ലാം കാടുകയറി കിടക്കുന്ന നിലയിലായി. മറ്റുവഴികളൊന്നുമില്ലാത്തതിനാൽ പന്നക്കാട്ടുതുരുത്തിലെ ഏതാനും കുടുംബങ്ങൾ മാത്രം അവിടെ സ്ഥിരതാമസമാക്കി. ഓരോ മഴക്കാലവും പന്നക്കാട്ടുതുരുത്തിലുള്ളവർക്ക് ദുരിതം സമ്മാനിച്ചാണ് കടന്ന് പോകുന്നത്. മുൻപ് മഴക്കാലത്തായിരുന്നു ദുരിതാവസ്ഥയെങ്കിൽ ഇപ്പോൾ വേലിയേറ്റ സമയങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.