റഷ്യന്‍ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ രക്ഷിക്കാന്‍ ശ്രമം; മലയാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട് റഷ്യന്‍ എംബസി; നടപടി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ ഇടപെടലില്‍
തിരുവനന്തപുരം: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളുടെ മോചനത്തിന് പ്രതീക്ഷയുടെ വഴിയൊരുങ്ങുന്നു. ജെയിനും ബിനിലും എന്നീ മലയളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉടനടി നല്‍കാന്‍ റഷ്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങില്‍, ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഇവരുടെ മോചനവുമായി റഷ്യന്‍ എംബസിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ എംബസിയുടെ ഇടപെടല്‍.
തൃശൂര്‍ സ്വദേശികളായ ജെയിനും ബിനിലുമാണ് റഷ്യയുടെ കൂലിപ്പട്ടളാത്തില്‍ കുടുങ്ങിയത്. ഇവരുടെ മോചനത്തിനായി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നേരിട്ട് ഇടപെട്ടിരുന്നു. ഇക്കാര്യം റഷ്യന്‍ അംബാസിഡറുടെ ശ്രദ്ധിയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായി കാതോലിക്കാ ബാവ നേരത്തെ സംവാദം നടത്തിയിരുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യതതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഇടപെടല്‍.
റഷ്യന്‍ കൂലി പട്ടാളത്തിന്റെ ഭാഗമായി ഇരുവരും എട്ട് മാസമായി റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അകപ്പെട്ടിട്ടുള്ളത്. കുട്ടനെല്ലൂര്‍ തോലത്ത് വീട്ടില്‍ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനില്‍. ബന്ധുക്കള്‍ നോര്‍ക്ക വഴിയും ഇന്ത്യന്‍ എംബസി വഴിയും യുവാക്കളെ നാട്ടിലെത്തിക്കാന്‍ ഓഗസ്റ്റ് മുതല്‍ ശ്രമം തുടര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ ഒരു സഹായവും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ബാവയുടെ ഇടപെടല്‍. മന്ത്രിമാര്‍ക്കും എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും അപേക്ഷകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് പോളണ്ടിലേക്ക് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് രണ്ട് പേരും അകന്ന ബന്ധു വഴി റഷ്യയില്‍ എത്തുന്നത്. വിസയുടെ കാര്യങ്ങളുമായി അവസാന ഘട്ടത്തിലെ തയ്യാറെടുപ്പിലാണ് ഇവര്‍ റഷ്യയിലേക്കാണ് പോകുന്നതെന്ന് മനസിലായത്. മെച്ചപ്പെ ജോലിക്ക് വേണ്ടിയുള്ള പരക്കം പായലില്‍ ചതിയില്‍ പെടുകയായിരുന്നു രണ്ട് പേരും. നിര്‍ബന്ധപൂര്‍വം യുദ്ധമുഖത്തേക്ക് ജോലിക്ക് നിയോഗിക്കുന്നതായാണു ജെയ്ന്‍ അവസാനമായി അമ്മയെ വിളിച്ച് അറിയിച്ചത്. കൂലിപ്പട്ടാളത്തില്‍ പരിശീലനത്തിനാണ് ആദ്യം നിയോഗിച്ചത്.
പിന്നീട് യുദ്ധഭൂമിയില്‍ ഭക്ഷണം എത്തിക്കലും ട്രഞ്ച് നിര്‍മിക്കലുമായി ജോലി. യുദ്ധഭൂമിയിലേക്കു നേരിട്ട് നിയോഗിക്കലാണ് അടുത്തഘട്ടമെന്നാണു കഴിഞ്ഞ ദിവസം ജെയ്ന്‍ പറഞ്ഞത്. തുടര്‍ന്ന് വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അറിയിച്ചു. ബിനില്‍ നാല് മാസം പ്രായമുള്ള മകനെ കണ്ടിട്ടില്ല. കൊച്ചിയില്‍ മെക്കാനിക്കായാണു ജെയ്ന്‍ ജോലി ചെയ്തിരുന്നത്. ബിനില്‍ ഇലക്ട്രീഷ്യനാണ്. ഒമാനില്‍ ആയിരുന്നു ജോലി. ശമ്പളം മുടങ്ങാന്‍ തുടങ്ങിയതോടെ 4 മാസം മുന്‍പ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. 2 പേരെയും ഇലക്ട്രീഷ്യന്‍ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയില്‍ എത്തിച്ചത്.