സന്നിധാനത്ത് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പിന്നെ പമ്പയില്‍ അയ്യപ്പന്മാരുടെ തിരക്കുണ്ടാകില്ലല്ലോ എന്ന 'അതിബുദ്ധി' യാണ് സര്‍ക്കാരിന്റേത്; 19, 20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം; കേസുകള്‍ പിന്‍വലിക്കില്ല; പന്തളം കൊട്ടാരം അതൃപ്തിയില്‍; ആഗോള അയ്യപ്പ സംഗമം വികസന സെമിനാറാകും

Update: 2025-09-16 04:05 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള നിക്ഷേപക സംഗമത്തിന് വേണ്ടി ശബരിമലയില്‍ സെപ്തംബര്‍ 19, 20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ആരോപണം. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 1000 പേര്‍ക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂവെന്നാണ് ആരോപണം. പമ്പയിലെ സ്‌പോട്ട് ബുക്കിംഗില്‍ ഇതുവരെ നിയന്ത്രണം പറഞ്ഞിട്ടില്ല. സന്നിധാനത്ത് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പിന്നെ പമ്പയില്‍ അയ്യപ്പന്മാരുടെ തിരക്കുണ്ടാകില്ലല്ലോ എന്ന 'അതിബുദ്ധി' യാണ് സര്‍ക്കാരിന്റേതെന്നാണ് ആരോപണം. വി വി ഐ പി, വി ഐ പി വാഹനങ്ങള്‍ക്ക് നാലിടത്താണ് പ്രത്യേക പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ളത്. വെര്‍ച്യുല്‍ ക്യൂ നോക്കിയാലും ഇത് തെളിയും. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. ഈ ആരോപണം ശരിയെങ്കില്‍ ഹൈ്‌കോടതി വിധിയാണ് ലംഘിച്ചിരിക്കുന്നത്. ഹൈന്ദവീയം ഫൗണ്ടേഷന്‍ സംഘടനാ സെക്രട്ടറി മുക്കാപ്പുഴ നന്ദകുമാറാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

പമ്പയില്‍ പന്തല്‍ നിര്‍മാണം പുരോഗമിക്കുകയാണ്.1.85 കോടി രൂപ ചെലവില്‍ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് പന്തല്‍ നിര്‍മാണം നടക്കുന്നത്. പമ്പാ മണപ്പുറത്തെ പ്രധാന പന്തലിന്റെ മേല്‍ക്കൂരയുടെ പണികള്‍ തീരാറായി. ഇനിയും തറയുടെയും വശങ്ങളുടെയും പണികള്‍ തീരാനുണ്ട്. അതിനു പുറമേ സ്റ്റേജ്, മൈക്ക് തുടങ്ങിയവയുടെ പണികളും നടക്കുന്നു. പൂര്‍ണമായി ശീതീകരിച്ച വിധത്തിലാണു പ്രധാന പന്തല്‍. അതിന് 38,500 ചതുരശ്രയടി വിസ്തൃതിയുണ്ട്. ഇതില്‍ 3000 പേര്‍ക്ക് ഇരിക്കാം. ഗ്രീന്‍ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഇവിടെയുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണു ക്രമീകരണങ്ങളുടെ ചുമതല. റോഡുകളും പുതുക്കി പണിയും.

ആഗോള അയ്യപ്പ സംഗമത്തിനു മുന്‍പ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്നാണ് സൂചന. ശബരിമല ആചാര സംരക്ഷണത്തിനായി നടത്തിയ പ്രക്ഷോഭങ്ങളുടെ കേസുകള്‍ പിന്‍വലിക്കണമെന്നാണു പന്തളം കൊട്ടാരം ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 20ന് ആണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ഇതിനു ബദലായി ശബരിമല കര്‍മസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നതിനാല്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളും ആചാരവും ചര്‍ച്ചയാക്കേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസില്‍ സത്യവാങ്മൂലം പുതുക്കി നല്‍കുമെന്നു ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്. കേസ് പിന്‍വലിക്കാത്തതില്‍ പന്തളം കൊട്ടാരവും അതൃപ്തിയിലാണ്.

ആഗോള അയ്യപ്പ സംഗമത്തില്‍ ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. സംഗമത്തിന്റെ പ്രാധാന്യം വിവരിച്ച് പ്രധാന വേദിയില്‍ വിഷയാവതരണം നടക്കും. അതിനു ശേഷമാണ് പാനല്‍ ചര്‍ച്ചകള്‍. വെറും വികസന ചര്‍ച്ചകള്‍ മാത്രമാകും ആഗോള അയ്യപ്പ സംഗമത്തിന്റെ അജണ്ട.

ഹൈന്ദവീയം ഫൗണ്ടേഷന്‍ സംഘടനാ സെക്രട്ടറി മുക്കാപ്പുഴ നന്ദകുമാര്‍ ആരോപിക്കുന്നത് ഇങ്ങനെ

ആഗോള അയ്യപ്പ സംഗമം : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍.

സ്വാമിയേ ശരണമയ്യപ്പാ ??

ആഗോള അയ്യപ്പ സംഗമം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക നിക്ഷേപക സംഗമത്തിന് വേണ്ടി ശബരിമലയില്‍ സെപ്തംബര്‍ 19, 20 തീയതികളില്‍ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു..

ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ വഴി 1000 പേര്‍ക്ക് മാത്രമേ ബുക്ക് ചെയ്യാനാകൂവത്രെ.

പമ്പയിലെ സ്‌പോട്ട് ബുക്കിംഗില്‍ ഇതുവരെ നിയന്ത്രണം പറഞ്ഞിട്ടില്ല.

സന്നിധാനത്ത് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പിന്നെ പമ്പയില്‍ അയ്യപ്പന്മാരുടെ തിരക്കുണ്ടാകില്ലല്ലോ എന്ന 'അതിബുദ്ധി' യാണ് നിശ്ചയിച്ചിട്ടുള്ളത്.

വി വി ഐ പി, വി ഐ പി വാഹനങ്ങള്‍ക്ക് നാലിടത്താണ് പ്രത്യേക പാര്‍ക്കിംഗ് ഒരുക്കിയിട്ടുള്ളത്.

ആഗോള സാമ്പത്തിക നിക്ഷേ സംഗമത്തിന് വേണ്ടി പിണറായിയും ദേവസ്വം ബോര്‍ഡും പൂര്‍ണ്ണമായും ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്..

കന്നിമാസത്തിലെ നടതുറന്നിരിയ്ക്കുന്ന നാളുകളില്‍ നടക്കുന്ന 'അസുരസംഗമം' മൂലം യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ക്ക് തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകരുതെന്ന് ദേവസ്വം ബെഞ്ചിന്റെ ഉത്തരവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.

വി.ഐ.പി. പ്രവേശനത്തിലൂടെ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ പാടില്ലെന്നും സാധാരണ സ്ഥിതി നിലനിര്‍ത്തണമെന്നും കേരള ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നുവച്ചാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നത് യഥാര്‍ത്ഥ അയ്യപ്പന്‍മാരല്ലെന്ന് കോടതിയ്ക്കു പോലും ബോധ്യമുണ്ടായിരുന്നുവെന്ന് വേണം ഹൈന്ദവസമാജം മനസ്സിലാക്കേണ്ടത്.

ശബരിമല സോപാനത്തിലെ ദ്വാരപാലകരുടെ തങ്കനിര്‍മ്മിതമായ മേലങ്കി മോഷ്ടിച്ചു ചെന്നൈയില്‍ കൊണ്ടു പോയി ഉരുക്കിയതിനെ ചോദ്യം ചെയ്ത ഹൈക്കോടതിയോട് 'ഒന്നു പോടാപ്പാ ' എന്ന ധാര്‍ഷ്ട്യത്തോടെ നിലപാട് സ്വീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഇതിനപ്പുറവും അയ്യപ്പഭക്തര്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്.

കേരള ഹൈക്കോടതിയെ നോക്കുകുത്തിയാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ നടത്തുന്ന ഹിന്ദു വിരുദ്ധ നടപടികളില്‍ കോടതിയുടെ നിലപാട് ഇനി എന്തായിരിയ്ക്കുമെന്ന ചോദ്യമാണ് ഈ സമയത്ത് ഉന്നയിയ്ക്കാനുള്ളത്.

നിരീശ്വരവാദികളുടെ വ്യാജ അയ്യപ്പ സംഗമം അയ്യപ്പ ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിട്ടും ചെവിക്കൊള്ളാതിരുന്ന ഹൈക്കോടതി ദേവസ്വം ബെഞ്ച് സര്‍ക്കാരിന് അനുകൂലമായ ഉത്തരവാണ് നല്‍കിയത്.

അയ്യപ്പ സംഗമം എന്ന കീശവാര്‍പ്പിയ്ക്കല്‍ പരിപാടിയിലൂടെയും സന്നിധാനത്തെ തങ്ക നിര്‍മ്മിത കവചങ്ങളും മോഷ്ടിച്ചതിലൂടെയും ഹൈകോടതി ദേവസ്വം ബെഞ്ചിനെ നോക്കി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കൊഞ്ഞനം കുത്തുന്നതില്‍ അയ്യപ്പഭക്തര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

ഏതായാലും കേന്ദ്ര പരിസ്ഥിതി - വനം വകുപ്പിന്റെ കീഴിലുള്ള കടുവാ സംരക്ഷണ സങ്കേതമായ ശബരിമലയുടെ താഴ്വാരമായ പമ്പാതീരത്ത് യാതൊരു വിധത്തിലുള്ള ആള്‍ക്കൂട്ടങ്ങളും പൊതു സമ്മേളനങ്ങളും ഉച്ചഭാഷിണി ഉപയോഗവും പാടില്ല എന്ന് കേന്ദ്ര പരിസ്ഥതി-വനം നിയമവും സുപ്രീം കോടതി ഉത്തരവും ലംഘിയ്ക്കുന്ന സംഗമത്തിനെതിരെ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ R.ഗോപകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

ശേഷം ഭാഗം സ്‌ക്രീനില്‍.

??

മുക്കാപ്പുഴ നന്ദകുമാര്‍,

സംഘടനാ സെക്രട്ടറി,

ഹൈന്ദവീയം ഫൗണ്ടേഷന്‍.

Tags:    

Similar News