അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ച് ഉദ്ഘാടനം; ശേഷം സത്യപ്രതിജ്ഞ; ആ സമയത്ത് ഒരു തിരി കെട്ടു; രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയും അണഞ്ഞു; കട്ടു കട്ട് കെട്ട നാളമായി... എന്ന് 2019 നവംബറിലെ ചിത്രത്തിന് ക്യാപ്ഷന്‍; ആ ചിത്രം അയ്യപ്പ വിശ്വാസികള്‍ വൈറലാക്കുന്നു; വാസുവിന്റെ അറസ്റ്റ് ആരുടെ നിശ്ചയം?

Update: 2025-11-11 15:57 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസു അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ജന്മഭൂമിയിലെ പഴയ ചിത്രം. വാസു തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞയ്ക്ക് ഒരുക്കിയ ചടങ്ങില്‍ തന്നെ ദുര്‍ നിമിത്തങ്ങള്‍ കണ്ടിരുന്നു. എന്‍.വാസു സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു. 2019 നവംബര്‍ 16ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രം ഈ ദുര്‍നിമിത്ത കഥയാണ് പറയുന്നത്. ചിത്രം: കട്ടുകട്ട് കെട്ട നാളമായി... എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നിലെ നിലവിളക്ക് കെടുന്നു-ഇതായിരുന്നു അന്ന് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

2019 നവംബര്‍ 15 നാണ് എന്‍.വാസു ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകന്‍. വേദിയില്‍ സജ്ജീകരിച്ച അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കില്‍ രണ്ട് തിരികള്‍ തെളിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനുശേഷം സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സമയത്ത് തന്നെ ഒരു തിരി കെട്ടു. രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ രണ്ടാമത്തെ തിരിയിലെ ദീപവും അണഞ്ഞു. കട്ടുകട്ട് കെട്ട നാളമായി എന്ന അന്നത്തെ ജന്മഭൂമി ക്യാപ്ഷന്‍ വീണ്ടും വൈറലാകുന്നുവെന്നതാണ് വസ്തുത.

2018 ല്‍ സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ എന്‍.വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന സമയത്തും വാസുവിനായിരുന്നു ചുമതല. അതിനുശേഷമാണ് വാസു ദേവസ്വം പ്രസിഡന്റായി എത്തുന്നത്. ചടങ്ങില്‍ മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും ഇപ്പോള്‍ റിമാന്‍ഡിലുള്ള സുധീഷും പങ്കെടുത്തിരുന്നു. സത്കര്‍മ്മങ്ങള്‍ക്കിടെ കരിന്തിരകത്തുന്നത് ദുര്‍നിമിത്തവും വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമായാണ്്. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരികെട്ടത് കരിന്തിരി കത്തി എന്ന വാചകത്തില്‍ ജന്മഭൂമി അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.

സ്ത്രീ പ്രവേശന കാലത്ത് വാസുവായിരുന്നു നവോത്ഥാനത്തിനായി മുന്നില്‍ നിന്നത്. ദ്വാരപാലക ശില്‍പ്പത്തിലെ കൊള്ള നടന്നത് അതിന് മുമ്പാണ്. സ്ത്രീ പ്രവേശന ശേഷമാണ് വാസു പ്രസിഡന്റായത്. ആ ചടങ്ങിലാണ് തിരിനാളം അണഞ്ഞത്. ഇതെല്ലാം വിശ്വാസ വഴിയില്‍ കാണുകയാണ് ഭക്തര്‍. അതുകൊണ്ട് ജന്മഭൂമി വീണ്ടും ഈ ചിത്രം വാര്‍ത്തയാകുമ്പോള്‍ അത് ഭക്തരും ഏറ്റെടുക്കുന്നത്. വാസു പ്രസിഡന്റായ ശേഷം കോവിഡ് എത്തി. അന്ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. അതിന് ശേഷം വാസുവിന് കോവിഡും വന്നു. ഇപ്പോള്‍ അറസ്റ്റും.

സ്വര്‍ണ്ണ കൊള്ള കേസില്‍ എന്‍ വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. സ്വര്‍ണപാളി കടത്തിയ കേസിലാണ് അറസ്റ്റ്. വാസു കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടതാണ് കേസ്. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് സ്പോണ്‍സറുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് കേസിലെ ആരോപണം.

മുരാരി ബാബു വാസുവിനെതിരെ നിര്‍ണായകമൊഴിയാണ് നല്‍കിയത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ തിരുവാഭരണ കമീഷണര്‍ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കി.

ഇത് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. മാര്‍ച്ച് 31-ന് കമ്മിഷണര്‍സ്ഥാനത്തുനിന്ന് മാറിയ വാസു എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.

സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത് എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് . ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു വാസുവിന്റെ പ്രതികരണം. അധികംവന്ന സ്വര്‍ണം സ്പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ വാസുവിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.

Tags:    

Similar News