പതിനെട്ടാംപടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചും; പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി; നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം; സംഭവത്തില്‍ ദുഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരവും

പതിനെട്ടാംപടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; ഇടപെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചും

Update: 2024-11-26 14:47 GMT

കൊച്ചി: ശബരിമല ക്ഷേത്ര തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്ത സംഭവത്തിലും കോടതി വിമര്‍ശനം ഉന്നയിച്ചു. പൊലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ശബരിമലയില്‍ ഭക്തരില്‍ നിന്നും അനധികൃതമായി അമിതമായ വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിശ്ചിത ഇടവേളകളില്‍ കടകളില്‍ പരിശോധന നടത്തണം. അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പമ്പ, സന്നിധാനം പാതയിലെ കടകളില്‍ പരിശോധന നടത്തണം.

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ചില പ്രശ്‌നങ്ങള്‍ സ്പെഷ്യല്‍ കമ്മീഷണര്‍ സൂചിപ്പിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിവരങ്ങള്‍ ആരാഞ്ഞശേഷമാണ് പരിശോധന സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.വിഷയങ്ങള്‍ നാളെ വീണ്ടും പരിഗണിക്കും ശബരിമലയില്‍ ഭക്തരുടെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

അതേമയം പൊലീസ് ഉദ്യോഗസ്ഥരുടെ പതിനെട്ടാം പടിയില്‍ കയറി നിരന്ന് നിന്നുള്ള ഫോട്ടോ ഷൂട്ടില്‍ എഡിജിപി യും ശബരിമല പോലീസ് ചീഫ് കോഡിനേറ്ററുമായ എസ്.ശ്രീജിത്ത് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പതിനെട്ടാം പടിയില്‍ ഡ്യൂട്ടി ചെയ്ത പോലീസുകാരാണ് ഫോട്ടോ എടുത്തതെന്നാണ് സൂചന. പതിനെട്ടാം പടിയിലെ പോലീസ് സേവനം ഇത്തവണ ഏറെ പ്രശംസ നേടിയതുമാണ്. ഇതില്‍ കൈയ്യടി കിട്ടുമ്പോഴാണ് പോലീസിനെ തേടി ഫോ്ട്ടോ വിവാദം എത്തുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. മണ്ഡലകാലത്തെ ആദ്യ പോലീസ് ബാച്ച് ഡ്യൂട്ടി കഴിഞ്ഞ് 25 ന് മലയിറങ്ങി. ഈ ബാച്ചില്‍ ഉള്ളവരാണ് മടങ്ങും മുന്‍പ് 24 ന് ഉച്ചയ്ക്ക് 1.30 ന് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്. ശ്രീകോവിലിനും കൊടിമരത്തിനും പതിനെട്ടാംപടിക്കും പുറം തിരിഞ്ഞ് നിരന്ന് നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഭക്തര്‍ക്ക് പോലും ഫോട്ടോ എടുക്കാന്‍ കര്‍ശന വിലക്കുള്ളപ്പോഴാണ് നിയമം പാലിക്കേണ്ട പോലീസ് പടിയില്‍ കയറി നിന്ന് ചിത്രം എടുത്തത്. മുമ്പൊരിക്കലും ഇത്തരത്തില്‍ ഫോട്ടോ എടുത്തിട്ടില്ല.

അതേസമയം ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വിശ്വഹിന്ദു പിഷത്ത് കേരള ഘടകം ആവശ്യപ്പെട്ടു. അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ പുറംതിരഞ്ഞ് നിന്ന് ഫോട്ടോ ഷൂട്ട് നടത്തി ആചാര ലംഘനം നടത്താന്‍ പോലീസ് ഉദ്യോസ്ഥര്‍ക്ക് അവസരം നല്‍കിയതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍ എന്നിവര്‍ ആരോപിച്ചു.

മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ പവിത്രതയും, ആചാരവും അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണാമാണ് ശബരിമല 18-ാം പടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കടുത്ത ആചാരലംഘനമെന്ന ചര്‍ച്ചയാണ് വിശ്വഹിന്ദു പരിഷത്ത് ഉയര്‍ത്തുന്നത്.

ദുഃഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരം

അതേസമയം സന്നിധാനത്ത് ഡ്യൂട്ടിക്ക് ശേഷം മടങ്ങുന്ന ആദ്യ ബാച്ച് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ വിയോജിപ്പുമായി പന്തളം കൊട്ടാരവും രംഗത്തുവന്നു. പതിനെട്ടാം പടിയില്‍ കൊടിമരത്തിന് പുറംതിരിഞ്ഞുനിന്ന് പൊലീസ് സ്വാമിമാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത സംഭവത്തില്‍ കൊട്ടാരത്തിന്റെ ദുഃഖവും വിയോജിപ്പും അറിയിക്കുന്നതായി പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ്മ അറിയിച്ചു.

ശബരിമലയില്‍ പ്രത്യേകിച്ച് പതിനെട്ടാം പടിയില്‍ കഴിഞ്ഞ പത്ത് ദിവസമായി സ്തുത്യര്‍ഹമായി പൊലീസ് സേവനം അനുഷ്ഠിച്ചു, ഇനി ഗ്രൂപ്പ് ഫോട്ടോ വിവാദം പോലെ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണം. പതിനെട്ടാം പടിയുടെ പവിത്രത കാത്തുസൂക്ഷിക്കണം. കൊട്ടാരം ആവശ്യപ്പെടുന്നു.ശബരിമല, പോലീസുകാര്‍, ഫോട്ടോഷൂട്ട്, ഹൈക്കോടതി ദേവസ്വം ബെഞ്ച്

Tags:    

Similar News