ലഹരിക്കേസില്‍ പേരുവരുമ്പോള്‍ ഇടപെടാന്‍ ആളുകള്‍ക്ക് ഭയം; ഇമേജിനെ പറ്റിയാണ് പലര്‍ക്കും ചിന്ത; മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ടെന്ന് പ്രയാഗയോട് പറഞ്ഞു; താനൊരു അഭിഭാഷകന്‍, അവിടെ പോയത് ലീഗല്‍ ടീമിന്റെ ഭാഗമായി; സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ല; സാബുമോന്‍ പറയുന്നു
സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ല; സാബുമോന്‍ പറയുന്നു
കൊച്ചി: ഇന്നലെ ലഹരി കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിനായി പോലീസില്‍ ഹാജറായിരുന്നു. ഈ വേളയില്‍ നടിക്കൊപ്പം എത്തിയത് നടന്‍ സാബുമോന്‍ ആയിരുന്നു. അധികമാരും പ്രതീക്ഷിക്കാതെയാണ് സാബുമോന്‍ അവിടെ എത്തിയത്. ഇതേക്കുറിച്ച് സാബു തന്നെ തുറന്നു പറഞ്ഞു കൊണ്ട് രംഗത്തുവന്നു. താന്‍ അവിടെ എത്തിയത് പ്രയാഗയുടെ ലീഗല്‍ ടീമിന്റെ ഭാഗമായാണെന്ന് സാബു വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്താണ് പ്രയാഗ എന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി മരുന്നുമായി ബന്ധപ്പെട്ട് പേര് വരുമ്പോള്‍ ഇതില്‍ ചെന്ന് ഇടപെടാന്‍ ആളുകള്‍ക്ക് ഭയമാണ്. ഒരു സുഹൃത്ത് അത്തരമൊരു ഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ മാറി നില്‍ക്കണോ ഇമേജിനെപ്പറ്റി ചിന്തിക്കണോ ഒപ്പം നില്‍ക്കണമോയെന്നൊക്കെ ആലോചിക്കണമെന്നും സാബു മോന്‍ പറഞ്ഞു.
''ലഹരിക്കേസില്‍ പേരു വന്നതിന് ശേഷം കുറേ പേര്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ ആയെന്ന് പ്രയാഗ തന്നെ പറയുന്നുണ്ടായിരുന്നു. കോള്‍ ട്രെയ്‌സ് ചെയ്യുമോയെന്ന ഭയമായിരുന്നു അവര്‍ക്കെല്ലാം. നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഒരാള്‍ വേണമായിരുന്നു. ഞാന്‍ ചെല്ലാതിരിക്കുന്നത് ശരിയായ കാര്യമല്ലായിരുന്നു. ഞാന്‍ ധൈര്യപൂര്‍വം ചെന്നുനിന്നു. ഓണ്‍ലൈനിലൊക്കെ വലിയ ആരോപണങ്ങളായി വരാം. ഞാന്‍ അഭിഭാഷകനാണെന്ന് അധികമാര്‍ക്കും അറിയില്ല. അവിടെ പോയതില്‍ തെറ്റ് കാണുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ അവിടെ പോകണമായിരുന്നോ എന്ന് ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. അതും വേട്ടയ്യന്റെ റിലീസിന്റെ അന്നാണ് ഞാന്‍ പോയത്'' സാബു മോന്‍ പറഞ്ഞു.
അതേമസമയം മുഖം മറച്ച് ഓടി രക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് താനാണ് പ്രയാഗയോട് പറഞ്ഞത്. തെറ്റ് ചെയ്യാതിരിക്കുന്നിടത്തോളം കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൈര്യത്തോടെ നമുക്ക് തല ഉയര്‍ത്തി ഉത്തരം പറയാം. മാധ്യമങ്ങളോട് പറയുന്നത് സമൂഹത്തോട് പറയുന്നതിനു തുല്യമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഓടേണ്ട ആവശ്യമില്ലെന്നും താനാണ് പ്രയാഗയോട് പറഞ്ഞതെന്നും സാബു മോന്‍ പറഞ്ഞു. ലഹരിക്കേസില്‍ ഇടപെട്ടെന്ന പേരില്‍ ഉണ്ടാകുന്ന ആരോപണങ്ങളില്‍ ഭയമില്ല. സുഹൃത്തുക്കളെ സഹായിക്കുന്നതില്‍ തെറ്റില്ലെന്നും സാബുമോന്‍ വ്യക്തമാക്കി.
അതേസമയം ലഹരി കേസുമായി ബന്ധപ്പെട്ട് നടി ഇനി പോലീസ് ചോദ്യം ചെയ്‌തേക്കില്ലെന്നാണ്. അന്വേഷണവുമായി സഹകരിക്കുന്ന നിലപാടാണ് പ്രയാഗ സ്വീകരിച്ചത്. കൂടാതെ തൃപ്തികരമായ മൊഴിയാണ് നടി നല്‍കിയതും. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ അന്വേഷണ സംഘത്തോട് പറഞ്ഞത്.
ലഹരി പരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിക്കാന്‍ സന്നദ്ധരാണെന്ന് താരങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതും നിര്‍ണ്ണായകമായി. നിലവില്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികള്‍ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനം കൈക്കൊള്ളുക. ശ്രീനാഥും ബിനു ജോസഫും തമ്മിലെ പണം ഇടപാടും പരിശോധിക്കും. അതിനിടെ ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ മറ്റൊരു നടിയും എത്തിയതായി വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് എത്തിയതെന്ന് ഉറപ്പിച്ചാല്‍ നടിയെ ചോദ്യം ചെയ്യും.
ഇതിനൊപ്പം ശ്രീനാഥ് ഭാസിയും ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന.
നക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ദിവസം ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തേ തുടര്‍ന്നാണ് പൊലീസ് സംഘം അവിടെയെത്തിയത് കൊലക്കേസുകളിലടക്കം ആരോപണവിധേയനായ ഗുണ്ടാ, ക്വട്ടേഷന്‍ തലവന്‍ ഓംപ്രകാശിനെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ഷിഹാസ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്നായ കൊക്കെയ്ന്‍ കണ്ടെടുത്തു. ബോബി ചലപതി എന്നയാളുടെ പേരിലാണ് പ്രതികള്‍ മുറിയെടുത്തിരുന്നത്.
ഓംപ്രകാശിന്റെ മുറിയില്‍ ഫൊറന്‍സിക് പരിശോധന നടത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിടാനും തീരുമാനിച്ചു. കുണ്ടന്നൂരിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെക്കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള ഏതാനും പേരുടെ മൊഴിയും രേഖപ്പെടുത്തി. പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ഓംപ്രകാശ് നടത്തിയത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഓംപ്രകാശ് ഇത് നിഷേധിക്കുന്നു.